വിനോദകവനപ്രസ്ഥാനം
ചെമ്മനം ചാക്കോ: ഗദ്യപദ്യരചനയിൽ ഒരുപോലെ പ്രാഗത്ഭ്യം പ്രദർശിപ്പിച്ചുകഴിഞ്ഞിട്ടുള്ള ഒരു അനുഗൃഹീതകലാകാരനാണു് ചെമ്മനം ചാക്കോ. നിസ്തന്ദ്രമായ പരിശ്രമം അദ്ദേഹത്തെ അതിവേഗത്തിൽ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കയാണു്. ചാക്കോയുടെ കവിതകളിൽ അധികപങ്കും സറ്റയർ അഥവാ ആക്ഷേപസാഹിത്യം എന്ന വിഭാഗത്തിൽ ഉൾപ്പെട്ടവയാണു്. സമുദായത്തിൻ്റെയും സാഹിത്യത്തിൻ്റെയും പല ദോഷങ്ങളേയും പ്രകടമാക്കി പരിഹസിക്കുക, അവയുടെ ശുദ്ധീകരണത്തിനു് അഥവാ ഒരു നല്ല നാളയുടെ സൃഷ്ടിക്ക് സഹായകമായിരിക്കും. ഈ ലക്ഷ്യബോധത്തോടുകൂടി ചുറ്റുപാടുമുള്ള ജീവിതത്തിൽനിന്നു് അനുഭൂതിയുൾക്കൊള്ളുകയും തികഞ്ഞ സാമൂഹ്യബോധവും സാഹിത്യബോധവും കവിതയുടെ ആത്മചൈതന്യമായി മാറ്റുകയും ചെയ്യുന്ന കവികളുടെ മുൻപന്തിയിൽ നില്ക്കുന്നു ചെമ്മനം എന്നു പറയാം. ഭരണ കർത്താക്കളെയും ജനനേതാക്കളെയും നിർഭയം വിമർശിക്കുന്ന ചെമ്മനംകവിതകൾ, സംസ്കാരസമ്പന്നവും നർമ്മമധുരവുമായ ഒരു ഹൃദയത്തിൻ്റെ സൃഷ്ടികൾകൂടിയാണു്. സമൂഹമനസ്സാക്ഷിയെ ജഡീഭവിപ്പിക്കുന്ന വസ്തുതകൾക്കെതിരെ വ്യക്തിമനസ്സാക്ഷിയെ ജാഗരൂകമാക്കുന്ന ഇത്തരം കവിത കണ്ണുനീരിൻ്റെ പുഞ്ചിരിയാണ് എന്നു പറഞ്ഞാൽ അധികം തെറ്റില്ല.
1967-ൽ പ്രസിദ്ധപ്പെടുത്തിയ കനകാക്ഷരങ്ങൾ എന്ന സമാഹാരമാണു് ചാക്കോയുടെ ആക്ഷേപഹാസ കവിതാസമാഹാരങ്ങളിൽ ആദ്യത്തേതു്. തുടന്നു് പ്രതിവർഷം അദ്ദേഹം ഓരോ സമാഹാരം പ്രസിദ്ധപ്പെടുത്തിവന്നു നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിൻ്റെ ചിരി, ആവനാഴി, രാജപാത എന്നീ പേരുകളിലാണവ പുറത്തുവന്നിട്ടുള്ളത്. പ്രസ്തുത സമാഹാരങ്ങൾ ചാക്കോയെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളസാഹിത്യത്തിൽ ആത്മമുദ്രയും സ്വന്തം മേൽവിലാസവുമുള്ള ഒരു കവിതാപദ്ധതിയുടെ ഉടമസ്ഥനാക്കിത്തീർത്തിട്ടുണ്ട്.