വിനോദകവനപ്രസ്ഥാനം
പി. നാരായണക്കുറുപ്പ്: ചാക്കോയെപ്പോലെതന്നെ പരിഹാസ കവിതകളെഴുതി കീർത്തിനേടിയിട്ടുള്ള ഒരു സരസകവിയാണ് ഹരിപ്പാടു സ്വദേശിയായ പി. നാരായണക്കുറുപ്പ്. ‘വിപ്ലവം പറഞ്ഞാലും മുറക്കാൻ കറയാക്കും മാപ്ലയാൻ ചെറുശ്ശേരിമാസ്റ്റർ’ മുണ്ടശ്ശേരിയുടെ വെറ്റിലമുറുക്കു പ്രസിദ്ധമാണു്. ഈ പ്രയോഗം വായിക്കുമ്പോൾ മുണ്ടശ്ശേരിയെ പരിചയമുള്ള ആരും അല്പം പുഞ്ചിരിതൂകാതിരിക്കുകയില്ല. ഇതുപോലെ ആരിലും മന്ദഹാസം ജനിപ്പിക്കുന്നവയാണ് കുറുപ്പിൻ്റെ കൃതികൾ എല്ലാംതന്നെ. കടലാസുകപ്പൽ, കുറുംകവിതകളും നെടുംകവിതകളും, അസ്ത്രമാല്യം, അപൂർണ്ണതയുടെ സൗന്ദര്യം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
ഇനി, വിനോദ കവനങ്ങളുടെ മറ്റൊരു രൂപംകൂടി ഇവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ. ചില വിഷമസമസ്യകളെ പ്രശ്നരൂപത്തിൽ പൂരിപ്പിച്ചു രസിക്കുന്ന സമ്പ്രദായമായിരുന്നു അവയിൽ പ്രധാനമായ ഒന്നു്. ഭാഷാപോഷിണി തുടങ്ങിയ പ്രാചീനമാസികകളുടെ കാലത്ത് അത്തരം കവനസമ്പ്രദായങ്ങൾ ധാരാളമായിരുന്നു. ഒന്നുരണ്ടു പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:
‘പ്രസവിച്ചിടുന്നു മശകം ഗജങ്ങളെ’ ഇത് ഒരു സമസ്യയാണു്. പ്രസ്തുത സമസ്യയെ പൂരിപ്പിച്ചിട്ടുള്ളതു നോക്കുക:
പരിപൂർണ്ണഗർഭിണികൾ ചെയ്യുവതെന്തുവാൻ?
നരനെക്കുടിച്ചു രുധിരം കുടിപ്പതാർ?
വരസിംഹമേവയെ ഹനിച്ചിടുന്നതും?
‘പ്രസവിച്ചിടുന്നു മശകം ഗജങ്ങളെ.’ (ഭാഷാപോഷിണി)
ഉത്തരരൂപത്തിലുള്ള നാലാമത്തെ വരിയായ സമസ്യയുടെ ചോദ്യങ്ങളാണ് പൂരണങ്ങളായ ആദ്യത്തെ മൂന്നു വരികളും എന്നു പറയേണ്ടതില്ലല്ലോ.