പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

ഗുരുചരണസരോജഭക്തിമൂലം
പെരുകുമൊരജ്ഞത നീങ്ങുമേതൊരാൾക്കും
ഗുരുതരസുഖവും ലഭിക്കുമെന്നാൽ–
പ്പരമസുഖം ഗുരുനിന്ദകൊണ്ടുമുണ്ടാം.

ഇവിടെ പരമസുഖം എന്നതിനു പകരം അസുഖം എന്നു പദച്ഛേദം ചെയ്യണം. രസികത നിറഞ്ഞ ഇത്തരം കവനങ്ങൾ ഇന്നു തീരെ ഇല്ലാതിരിക്കയാണു്.

വിനോദകവനങ്ങൾ എന്നും എവിടെയും ആരെയും രസിപ്പിക്കുവാൻ പര്യാപ്തമായവതന്നെ. വ്യക്തിവിദ്വേഷം വന്നുകൂടിയാൽ ഇത്തരം കാവ്യങ്ങളുടെ പവിത്രത തീരെ നാമാവിശേഷമായിത്തീരുന്നതാണു്. ശകാരിച്ചു കണ്ണുപൊട്ടിക്കുന്നതിലും, കരയിപ്പിക്കുന്നതിലുമല്ല, മർമ്മം നോക്കി പ്രയോഗിച്ചു പ്രതിയോഗിയെക്കൂടി ചിരിപ്പിക്കുന്നതിലാണു് ഹാസകവനങ്ങൾ വിജയമകുടമണിയുന്നതു്. വാസ്തവമാലോചിച്ചാൽ ഹാസകൃതികൾ സംസ്കാരത്തിൻ്റെ മാറ്റുരച്ചുകാണിക്കുന്ന നികഷോപലങ്ങൾതന്നെയാണു്. ഭാഷയിൽ ഈ പ്രസ്ഥാനത്തിനു് ഇനിയും വേണ്ടത്ര പുഷ്ടിയും പ്രചാരവും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് സാഹിത്യത്തിൽ, ‘പഞ്ചു’ പത്രാധിപരായിരുന്ന സർ അവ്വൻ സീമാനെപ്പോലെ സമർത്ഥന്മാരായ പലരും ഈ പ്രസ്ഥാനത്തിൽ വ്യാപരിച്ചുപോന്നിട്ടുണ്ട്. അതുപോലെ കഴിവുറ്റ ചിലരെങ്കിലും മലയാളഭാഷയിൽ ഈ പ്രസ്ഥാനത്തിനു വേണ്ട പരിപുഷ്ടി വരുത്തുവാൻ ശ്രമിക്കുന്നതു നന്നായിരിക്കും.