വിനോദകവനപ്രസ്ഥാനം
കുഞ്ചൻ നമ്പ്യാർ: നമ്പ്യാരുടെ പരിഹാസകവനങ്ങൾ പ്രസിദ്ധങ്ങളാണല്ലോ. തുള്ളലുകൾ, ഫലിതത്തിൻ്റേയും പരിഹാസത്തിൻ്റേയും പര്യായങ്ങളായിത്തീർന്നിരിക്കയാണു്. അല്ലെങ്കിൽ അതെല്ലാമെന്തിനു്? നമ്പിയാർ അമ്പലപ്പുഴയും തിരുവനന്തപുരത്തും താമസിച്ചിരുന്നപ്പോൾ ഓരോ സന്ദർഭങ്ങളിലായി തട്ടിമുളിച്ചിട്ടുള്ള ‘പൊടിക്കൈകൾ’ തന്നെ ഒന്നാംതരം പരിഹാസങ്ങളാണല്ലോ.* (ഈ ഗ്രന്ഥകാരൻ്റെ ‘മഹാകവി കുഞ്ചൻനമ്പ്യാർ’ എന്ന കൃതിയിൽ 7-ാമദ്ധ്യായം നോക്കുക.) രാജാശ്രിതനായി നമ്പ്യാർ തിരുവനന്തപുരത്തു് താമസിച്ചുകൊണ്ടിരിക്കെ ഒരിക്കൽ അസൂയാലുക്കളായ ഏഷണിക്കാരുടെ കുടിലതന്ത്രങ്ങളാൽ തമ്പുരാനു തിരുവുള്ളക്കേടു ഭവിക്കയും, നമ്പ്യാർ മേലിൽ രാജസന്നിധിയിൽ വന്നുപോകരുതെന്നു കല്പനയുണ്ടാകയും ചെയ്തു. അങ്ങനെ കഴിയുന്നകാലത്ത് നമ്പ്യാർ തിരുമുമ്പിൽ എത്തിച്ച ഒരു പദ്യമാണിത്:
പൂജ്യസ്ത്വം സുജനൈരഹഞ്ച വടുഭിഃ ശത്രുക്കളാലന്വഹം
കേറാൻ വാരണമുണ്ടു തേ, മമയഹോ കൊട്ടാരവാതുക്കലും
ഒട്ടുംതന്നരിയില്ലതേ, മമ തഥാപ്യുഷ്ടിക്കു കുപ്പാട്ടിലും
സേവിച്ചിട്ടടിയൻ ചിരേണ നൃപതേ ത്വത്തുല്യനായീടിനേൻ.
അമ്പലപ്പുഴയിലെ സദ്യയുടെ മേന്മയെ വർണ്ണിച്ചുണ്ടാക്കിയ ‘പത്രം വിസ്തൃതമെത്ര’ എന്നു തുടങ്ങുന്ന പദ്യം, തിരുവനന്തപുരത്തു ചൊല്ലി മറ്റൊരു പ്രകാരത്തിൽ അർത്ഥം വരുത്തിയതു് ഈ നമ്പ്യാർതന്നെയാണു്. ഈയവസരത്തിൽ, പണ്ഡിതനും മർമ്മജ്ഞനുമായ ഒരു കവി ഒരു കാവ്യത്തെപ്പറ്റി പുറപ്പെടുവിച്ച അഭിപ്രായം ഔർമ്മയിൽ വന്നുപോകുന്നു:
കുറ്റം പാർക്കിലശേഷമില്ല രസികൻമട്ടും പദച്ചേർച്ചയും
പറ്റീട്ടില്ല കളങ്കമെങ്ങുമൊരുപോലുണ്ടേ രസം പാർക്കുകിൽ
ചെറ്റില്ലിക്കൃതിയിങ്കൽ ദോഷമിനി ഞാനെന്തോന്നു ചൊല്ലേണ്ടതും?
മറ്റില്ലിത്തരമുള്ള സൽകൃതി ഇനിക്കാണുന്നതും ദുർല്ലഭം.
ഇതിൽ കവി സ്വാശയത്തെ വിപരീത മട്ടിൽ ഗോപനം ചെയ്തിട്ടുള്ളതും ഭാവുകന്മാർക്കു കാണാവുന്നതാണു്.