വിനോദകവനപ്രസ്ഥാനം
ശീവൊള്ളി നാരായണൻനമ്പൂരി: ഭാഷയിൽ ചില സാഹിത്യപ്രസ്ഥാനങ്ങളുടെ നിരങ്കുശമായ പ്രവാഹമുണ്ടായപ്പോൾ അവയെ നിയന്ത്രിക്കുന്നതിനു പരിഹാസ പ്രചുരമായ പല കവനങ്ങളും അക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. നാടകങ്ങളെ നിയന്ത്രിക്കുവാൻ കെ. രാമക്കുറുപ്പും, കെ. സി. നാരായണൻ നമ്പ്യാരും, ‘ചക്കീചങ്കര’ നാടകങ്ങളും, ദ്വിതീയാക്ഷരപ്രാസദീക്ഷയെ അപലപിക്കാൻ സി. അന്തപ്പായി ‘നാലുപേരിലൊരുത്തനും’ എഴുതിയിട്ടുള്ളതു പ്രസിദ്ധമാണു്. അതുപോലെതന്നെ വലിയകോയിത്തമ്പുരാൻ്റെ മയൂരസന്ദേശത്തെത്തുടർന്നു് അക്കാലത്ത് തുരുതുരെ സന്ദേശകാവ്യങ്ങൾ പുറപ്പെടുകയായി. അത്തരം അനാശാസ്യഗതിയെ നിയന്ത്രിക്കുവാൻ ശീവൊള്ളി നമ്പൂരി 1072-ൽ ‘ദാത്യൂഹസന്ദേശം’ എന്നൊരു അപഹാസകൃതി ചമയ്ക്കുകയുണ്ടായി. പാലപ്പള്ളി മലങ്കാട്ടിൽനിന്നു് ഒരു ‘കിഴവച്ചാലിയച്ചാർ’ കൊടുങ്ങല്ലൂരിൽ താമസിക്കുന്ന തൻ്റെ ‘ചാലിയപ്പെൺകിടാ’വിനു് ഒരു നത്തുമുഖേന സന്ദേശമയയ്ക്കുന്നതാണു് അതിലെ പ്രതിപാദ്യം. ഓരോ ഭാഗത്തിലും പത്തു ശ്ലോകങ്ങൾവീതമേ ഉള്ളൂ.
മണ്ടിപ്പോകും വഴിയിലധികം കാളവണ്ടിത്തരം നീ
കണ്ടെത്തീടും കയറരുതതിൽ കേറിയാൽത്താമസിക്കും
വണ്ടിക്കേറ്റം വളരെ വഷളാണീ പറക്കുന്നവർക്കീ
കുണ്ടാമണ്ടിത്തൊഴിലൊരു മുഴുക്കമ്പസംരംഭഭേദം.
ഇങ്ങനെയുള്ള മാർഗ്ഗനിർദ്ദേശവർണ്ണനകളും,
ചൂലും ചുണ്ണാമ്പുരലുമി കലം ചട്ടി പാ വട്ടി കട്ടിൽ–
ക്കാലും കിണ്ണം കയിൽ ചിരവ തീയമ്മി ചെമ്മീൻകിടാരം
നൂലിൻകെട്ടും മുറമുറി കുടം കൂട കോടാലിതൊട്ടാ–
ക്കോലായൊട്ടുക്കവിടെ വളരെസ്സാധനം സാധു കാണാം.
