വിനോദകവനപ്രസ്ഥാനം
കിടങ്ങൂർ കൃഷ്ണവാര്യർ: മഹാകാവ്യങ്ങളുടെ ബഹളം വർദ്ധിച്ചപ്പോൾ അവയുടെ ത്വരിതഗതിയെ നിയന്ത്രിക്കുവാൻവേണ്ടി കൃഷ്ണവാര്യർ എഴുതിയ ഒരു കൃതിയാണു ‘കോതാകേളം’.
കുറുക്കൻ തല കുമ്പിട്ടു–കുമ്പസാരം തുടങ്ങവേ
കള്ളുഷാപ്പിൻ്റെ മുറ്റത്തു–ചിരട്ടകൾ നിരക്കവേ
എന്നീ മട്ടിലുള്ള സന്ധ്യാവർണ്ണനവും മറ്റും ഒന്നാന്തരം അവഹേളനങ്ങളാണു്. ആലോചനാരഹിതം അനുകരിച്ച് ആ പ്രസ്ഥാനത്തെ ദുഷിപ്പിച്ചു തുടങ്ങിയ കവികുഞ്ജരന്മാരെ കളിയാക്കുവാൻ കൂടി പ്രയോജനപ്പെടുമാറു് വിരചിച്ചിട്ടുള്ള വാര്യരുടെ മറ്റൊരു കൃതിയാണു് ‘ദണ്ഡിയാത്ര’. പ്രാരംഭത്തിലുള്ള അതിലെ ഈശ്വരസ്തുതി നോക്കുക:
നമസ്തേ കൊമ്പൊടിഞ്ഞോനേ–നമസ്തേ കുമ്പവീർത്തോനേ!
നമസ്തേ തുമ്പിയുള്ളോനേ–നമസ്തേ ശംഭുതൻ മോനേ!
സത്യലോകത്തിനപ്പൂപ്പൻ–തുത്തണിത്താമരപ്പൂവൻ
മർത്യദേഹപ്പണിക്കാര്യ–ക്കുത്തകക്കാരനമ്മാവൻ
കെട്ടിയോളാം മഹാവാണി–ക്കുട്ടിയമ്മാവിയോടൊത്തു ….
ചൊട്ടമൃതെൻ്റെ നാവിന്മേൽ–തൊട്ടുതേയ്ക്കാൻ തുണയ്ക്കേണം.
ഈവിധത്തിൽ പല പ്രസ്ഥാനങ്ങളുടേയും നിരങ്കുശമായ ഗതിയെ തടുക്കുവാൻ പര്യാപ്തമായ വിധത്തിൽ പല ഹാസകവനങ്ങളും വാര്യർ എഴുതിയിട്ടുണ്ട്. മർമ്മമറിഞ്ഞു പരിഹസിക്കുവാൻ വാര്യർ വളരെ സമർത്ഥനായിരുന്നു. ഭാഷയിൽ കുറച്ചുകാലം മുമ്പുവരെ ഈ മാർഗ്ഗത്തിൽ അധികമായി വിഹരിച്ചിട്ടുള്ളതും വാര്യർ തന്നെയാണു്. അതിനാൽ അദ്ദേഹത്തെ ഹാസസാഹിത്യലോകത്തിലെ അഭിനവ തോലൻ എന്നു ബഹുമാനിച്ചു പറയുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.