വിമർശനം
തുഞ്ചത്തെഴുത്തച്ഛൻ: കൃഷ്ണഗാഥയ്ക്കു ശേഷം എഴുതിയ ഒരു നിരൂപണഗ്രന്ഥമാണിതു്. പി. കെ.യുടെ വ്യക്തിമുദ്രകൾ കൃഷ്ണഗാഥയിലെന്നപോലെ പ്രസ്തുതകൃതിയിലും തെളിഞ്ഞുകാണാം.* (പി. കെ. 1053 മീനമാസം 9-ാം തീയതി ചിത്രാനക്ഷത്രത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു രണ്ടുമൂന്നു ഫർലോംഗു തെക്കുകിഴക്കുള്ള കടമ്മാട് എന്ന തറവാട്ടിൽ ലക്ഷ്മിക്കുട്ടിഅമ്മയുടെ പ്രഥമസന്താനമായി ജനിച്ചു. പിതാവു് ആലപ്പുഴ പറവൂർ പൊഴിച്ചേരിമഠത്തിൽ ദാമോദരൻ പ്‌ലാപ്പള്ളിയായിരുന്നു. 59-ാ ത്തെ വയസ്സിൽ പ്രമേഹരോഗബാധിതനായിത്തീർന്ന സ്മര്യപുരുഷൻ 1112 മകരം 28-ാം തീയതി തിരുവനന്തപുരത്തുവച്ച് ദിവംഗതനായി.)
ഭാഷാചമ്പുക്കൾ: ഭാഷയിലെ ചമ്പൂപ്രബന്ധങ്ങളെക്കുറിച്ച് പത്തു് അദ്ധ്യായങ്ങളിലായി മഹാകവി ഉള്ളൂർ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഒന്നാമദ്ധ്യായത്തിൽ സംസ്കൃതചമ്പുക്കളിലെ ഗദ്യപദ്യങ്ങൾ, കേരളത്തിലെ ചില പ്രമുഖന്മാരായ ചമ്പുകാരന്മാർ എന്നിങ്ങനെയുള്ള വിഷയങ്ങളാണു് ചർച്ചചെയ്തിട്ടുള്ളതു്. രണ്ടാമത്തേതിൽ, ആദ്യത്തെ ഭാഷാ ചമ്പുക്കൾ; മൂന്നിൽ പുനത്തിൻ്റെ രാമായണാദിചമ്പുക്കളെപ്പറ്റിയുള്ള വിമർശം. മറ്റുള്ള അദ്ധ്യായങ്ങളിൽ ഭാരതാദി ചമ്പുക്കൾ, മഴമങ്ഗലത്തിൻ്റെ ചമ്പുക്കൾ, നീലകണ്ഠകവിയുടെ ചമ്പുക്കൾ, ചില വൈഷ്ണവ കഥാപ്രതിപാദകങ്ങളായ ചമ്പുക്കൾ, ചില ശൈവകഥാപ്രതിപാദകങ്ങളായ ചമ്പുക്കൾ, ചമ്പുപ്രസ്ഥാനത്തിൻ്റെ അപചയം, ആധുനിക ചമ്പുക്കൾ എന്നീ വിഷയങ്ങളെപ്പറ്റി യഥാക്രമം ചർച്ചചെയ്തിരിക്കുന്നു. ധാരാളം ഉദ്ധരണങ്ങൾകൊണ്ടു കാവ്യരീതിയെ പ്രകാശിപ്പിക്കയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഒട്ടനേകം ചമ്പുക്കളെപ്പറ്റിയും അവയുടെ കർത്താക്കളെപ്പറ്റിയും നിഷ്കൃഷ്ടമായി പ്രതിപാദിക്കുവാൻ മഹാകവി ഇതിൽ യത്നിച്ചിട്ടുണ്ടു്.
