ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ആട്ടക്കഥ അല്ലെങ്കിൽ കഥകളി: ആട്ടക്കഥയെപ്പറ്റിയുള്ള ഒരു പര്യവേക്ഷണമാണു് ശിരോമണി പി. കൃഷ്ണൻനായർ എഴുതിയിട്ടുള്ള പ്രസ്തുത കൃതിയിൽ അടങ്ങിയിട്ടുള്ളതു്. പ്രസിദ്ധീകരണം മദിരാശി സർവ്വകലാലയത്തിൽ നിന്നുമാണു്. ഗ്രന്ഥത്തെ അഞ്ചുപ്രകരണങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ പ്രകരണത്തിൽ കലാസ്വരൂപം, നൃത്യത്വസ്ഥാപനം; രണ്ടാമത്തേതിൽ, ആട്ടക്കഥാപ്രസ്ഥാനത്തിൻ്റെ ആഗമം; അടുത്തതിൽ സാമാന്യസ്വരൂപവും വേഷസമ്പ്രദായവും; നാലാമത്തേതിൽ സാഹിത്യം; അഞ്ചാണതിൽ പരിഷ്കാരപ്രകാരം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. രാമനാട്ടത്തിൻ്റെ ഉൽപത്തിയെ സംബന്ധിച്ചു ഗ്രന്ഥകാരൻ പുറപ്പെട്ടുവിച്ചിട്ടുള്ള അഭിപ്രായം സ്വതന്ത്രവും ചിന്താർഹവുമാണു്.

കഥകളി: കഥകളിയുടെ ഉത്ഭവം, സാഹിത്യരീതി, കൊട്ടാരക്കരത്തമ്പുരാൻ, കോട്ടയത്തുതമ്പുരാൻ, ഉണ്ണായിവാര്യർ, വഞ്ചിധരണീപട്ടം ധരിച്ചോർകൾ, ഇരയിമ്മൻതമ്പി, രണ്ടാംതരം കഥകൾ, അഭിനയരീതി, താൽകാലികസ്ഥിതി ഇങ്ങനെ പത്തു വിഷയങ്ങളെ ആസ്പദമാക്കിയുള്ള പത്തു പ്രബന്ധങ്ങളാണ് ഐ. പി. രാമൻമേനോൻ്റെ മേല്പറഞ്ഞ കൃതിയിലുള്ളത്.

ഭാസനാടകചക്രചർച്ച: പണ്ഡിതാഗ്രഗണ്യനായിരുന്ന ടി. ഗണപതിശാസ്ത്രികൾ സംസ്കൃതഭാഷയിൽ എഴുതിയിട്ടുള്ള ഒരു പ്രൗഢകൃതിയാണു് ശ്രീഭാസനാടകചക്രം. നാടകപ്രസ്ഥാനത്തേയും നാടകങ്ങളേയും കുറിച്ച് നിഷ്കൃഷ്ടമായി അതിൽ പ്രതിപാദിച്ചിട്ടുണ്ട്. ആ പ്രൗഢഗ്രന്ഥ പണ്ഡിതർ ഇ.വി. രാമൻനമ്പൂതിരി പരിഭാഷപ്പെടുത്തിയിട്ടള്ളതാണു് മുകളിൽ സൂചിപ്പിച്ച നിരൂപണഗ്രന്ഥം. പ്രയോഗദീപികാനിരൂപണം, സാഹിത്യപഞ്ചാനനൻ്റെ പ്രയോഗദീപികയിലെ വൈകല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഖണ്ഡനനിരൂപണമാണു്. ഉണ്ണുനീലിസന്ദേശനിരൂപണവും ഈ പണ്ഡിതൻ്റെ വകയായിട്ടുണ്ടു്.