വിമർശനം
മുണ്ടശ്ശേരിയുടെ നിരൂപണങ്ങളിൽ ചിലേടത്തു് ആത്മാർത്ഥതയുടേയും നിഷ്പക്ഷതയുടേയും അംശങ്ങൾ കുറഞ്ഞുകാണാം. എന്നിരുന്നാലും നമ്മുടെ നിരൂപണബണ്ടാകാരത്തിലെ കൃതികളുടെ എണ്ണവും വണ്ണവും കണക്കിലെടുക്കുമ്പോൾ ആ ശൈലീവല്ലഭൻ്റെ ഗ്രന്ഥങ്ങൾ തന്നെ അഗ്രസ്ഥാനത്തു് ഉയർന്നുമിന്നുന്നതും കാണാം.
ഏ. ബാലകൃഷ്ണപിള്ളയുടെ നിരൂപണങ്ങൾ : നമ്മുടെ വളരെയധികം കവികളും സാഹിത്യകാരന്മാരും ജീവിതത്തിൻ്റെ പ്രതിരൂപമായി കലയെ പ്രകാശിപ്പിച്ചിട്ടുണ്ടു്. പക്ഷേ, ജീവിതത്തിൻ്റെ പ്രകാശമാനമായ ഭാഗങ്ങൾ മാത്രമേ അവർ പ്രായേണ അങ്ങനെ പ്രതിഫലിപ്പിക്കാറുള്ളു. അതിൻ്റെ മലീമസവും അദൃഷ്ടപൂർവ്വവുമായ അംശങ്ങളിലേക്കു കടന്നുചെല്ലുവാൻ പലരും അധൈര്യപ്പെട്ടിരുന്നു. അങ്ങനെയുള്ള അധീരത പുരോഗമന സാഹിത്യകാരന്മാരിൽനിന്നു തുരത്തിയ ആചാര്യനും, അവരുടെ ആരാധനാപാത്രവുമാണ്’ ശ്രീ എ. ബാലകൃഷ്ണപിള്ള. ഭാഷാസാഹിത്യത്തിലെ പുതിയ പ്രസ്ഥാനങ്ങളിൽ ചിലതിൻ്റെ പ്രവാചകനും അദ്ദേഹമാണെന്നു പറയാം. ധീരവും സ്വതന്ത്രവുമായ ഒരു സരണിയാണു് സാഹിത്യത്തിൽ, വിശേഷിച്ചു വിമർശനത്തിൽ, അദ്ദേഹം വെട്ടിത്തുറന്നിട്ടുള്ളത്. പുരോഗമനപരമായ ഒരു ചിന്താഗതി സാഹിത്യലോകത്തിൽ വളർത്തുന്നതിനും ഉയർത്തുന്നതിനും അദ്ദേഹത്തിൻ്റെ സാഹിത്യനിരൂപണങ്ങൾ വളരെയധികം വഴിതെളിച്ചിട്ടുണ്ട്. അദ്ദേഹം തുറന്നിട്ട മാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുന്നവർ ഇന്നു വളരെ അധികമുണ്ട്. ബാലകൃഷ്ണപിള്ളയുടെ നിരൂപണത്തെക്കുറിച്ചു നല്ലൊരു ചിന്തകനായ ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ള പറയുന്നതു നോക്കുക:
“അദ്ദേഹത്തിൻ്റെ ഏതു നിരൂപണത്തിലും സ്തുത്യർഹമായ ശാസ്ത്രീയ മനോഭാവം പ്രതിഫലിക്കുന്നുണ്ടെന്നു തീർത്തുപറയാം. മാനസികമായ അടിമത്തം തൊട്ടുതെറിച്ചിട്ടുപോലുമില്ലാത്ത സർവ്വതന്ത്രസ്വതന്ത്രനായൊരു ചിന്തകൻ എന്ന നിലയിലാണു് ഞാൻ അദ്ദേഹത്തെ കൂടുതലായി ബഹുമാനിക്കുന്നതു്. നാം ഏതെങ്കിലും ഒരാചാര്യൻ്റെ അനുയായികളായി എന്നുവരാം; അദ്ദേഹത്തിൻ്റെ സിദ്ധാന്തത്തെ അപ്പടി സ്വീകരിച്ച് അതനുസരിച്ചുള്ള ഒരു പ്രവൃത്തിപദ്ധതി കൈക്കൊണ്ട് എന്നും വരാം. ലക്ഷ്യപ്രാപ്തിക്ക് ആ നയം സ്വീകാര്യയവുമാണു്. എന്നാൽ അതേസമയം ആ ആചാര്യനോ ആ സിദ്ധാന്തമോ എന്നെന്നേക്കും നമ്മുടെ മനസ്സിനൊരു ചങ്ങലയായിത്തീരുകയാണെങ്കിൽ അത് ആപൽക്കരമാകും. എത്ര വിശിഷ്ടമായാലും, ഒരു കാലത്തും തിരുത്തി എഴുതപ്പെടേണ്ടാത്ത ഒരു സിദ്ധാന്തമോ തത്ത്വസംഹിതയോ ഈ ലോകത്തിലില്ല. അങ്ങനെ ഉണ്ടെന്നു വിശ്വസിക്കുന്നത് ബുദ്ധിപരമായ ബന്ധനത്തിൻ്റെയും മൗഢ്യത്തിൻ്റെയും ഒന്നാമത്തെ ലക്ഷണമാകുന്നു. അവനവൻ്റെ ചിന്താ സ്വാതന്ത്ര്യത്തെ പണയപ്പെടുത്തി ഇരുപുറവും നോക്കാതെ അടിച്ചവഴിയേ പോകുന്നപോക്ക് അവസാനത്തിൽ അവതാളത്തിലേ കലാശിക്കൂ. പല കാരണങ്ങളാലും ഈയൊരു ദോഷം നമ്മുടെ ചിന്താഗതിയെ നാനാപ്രകാരേണ ബാധിക്കാറുണ്ട്. ശ്രീ. ബാലകൃഷ്ണപിള്ളയുടെ ചിന്താസരണിയെ പ്രസ്തുത ദോഷത്തിൻ്റെ കരിനിഴൽ കളങ്കപ്പെടുത്തുന്നില്ലെന്നുള്ളതാണു് പ്രത്യേകിച്ചും പ്രശംസനീയമായിരിക്കുന്നതു്.’
