ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

തനിക്ക് അനുഭവിക്കുവാൻ കഴിഞ്ഞ ഒരു കൃതി സഹൃദയലോകം കൊള്ളുകയോ തള്ളുകയോ ചെയ്യേണ്ടതെന്നു സകാരണം വെളിപ്പെടുത്തുകയാണു് ഒരു സാഹിത്യനിരൂപകൻ ചെയ്യേണ്ടതു്. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ സ്വാഭിപ്രായമല്ല മർമ്മജ്ഞനായ നിരൂപകൻ വെളിപ്പെടുത്തുക. സ്വന്തമായ അഭിപ്രായത്തെ അതേപടി പുറത്തുവിടാതെ വേറൊരു സഹൃദയൻ പ്രസ്തുത കൃതി വായിച്ചാൽ അയാൾക്ക് ഏതൊരു ചിത്തവൃത്തി ഉണ്ടാകുമോ ആ അംശമാണു് ഉത്തമവിമർശകൻ വെളിപ്പെടുത്തുക. അങ്ങനെയുള്ള നിരൂപണം വായനക്കാരിൽ കുറിക്കുകൊള്ളുകയും ചെയ്യും. താദൃശനിരൂപകന്മാരത്രെ സഹൃദയന്മാരുടെ ആദരാഭിനന്ദനങ്ങൾക്ക് എന്നും അർഹരായിത്തീരുന്നതും.

സാഹിത്യവിമർശനവും ഗ്രന്ഥനിരൂപണവും പര്യായപദങ്ങളായിട്ടാണു് നാമിന്ന് ഉപയോഗിച്ചുവരുന്നതു്. ഇംഗ്ലീഷിൽ ‘ലിറ്റററി ക്രിട്ടിസിസം’ എന്നു പറഞ്ഞുവരുന്ന സാഹിത്യവിമർശനവും, ‘ബുക്ക് റിവ്യൂ’ എന്നു പറഞ്ഞു വരുന്ന ഗ്രന്ഥനിരൂപണവും തമ്മിൽ വളരെ അകൽച്ചയണ്ടു്. ആദ്യത്തേതിൽ സാഹിത്യശാസ്ത്ര സിദ്ധാന്തങ്ങളെ മുൻനിർത്തി ചെയ്യുന്ന കലാതത്ത്വപ്രബോധനവും, രണ്ടാമത്തേതിൽ ഗ്രന്ഥത്തിൻ്റെ സ്വരൂപ സ്വഭാവാദികളെപ്പറ്റിയുള്ള ഉപരിപ്ലവമായ ജ്ഞാനവും അടങ്ങുന്നു. ഇങ്ങനെ വലുതായ അന്തരം ഈ പദങ്ങൾക്കു തമ്മിലുണ്ടെങ്കിലും, നാം ഇന്നും വ്യാമിശ്രമായിട്ടാണ് അവയെ ഉപയോഗിച്ചുവരുന്നത്. ഇക്കാര്യത്തിൽ ഒരു പ്രസിദ്ധ ലേഖകനായ ജി. കെ. എൻ. പ്രസ്താവിച്ചിട്ടുള്ള ഒരുഭാഗം ശ്രദ്ധേയമായിതോന്നുന്നു. “വിമർശനമെന്നു് ഒരിടത്തും നിരൂപണമെന്നു മറ്റൊരിടത്തും ക്രമമെന്നിയേ സംജ്ഞകൾ ഉപയോഗിച്ചു വസ്തുവ്യക്തിഹനിക്കുന്ന ചിന്താക്കുഴപ്പത്തിനിടവരുത്തുന്നതു നിർത്തുക. ‘റിവ്യൂ’ എന്നതിനു പകരം നിരൂപണം എന്നും ‘ക്രിട്ടിസിസം’ എന്നതിന്നു പകരം വിമർശനം എന്നും ഉപയോഗിക്കുന്നതു നന്നായിരിക്കും. ധാത്വർത്ഥം പുരസ്‌കരിച്ചു നോക്കിയാൽ, ഗ്രന്ഥസ്വരൂപനിർദ്ദേശം മാത്രമടങ്ങുന്ന റിവ്യുവിനെ നിരൂപണം എന്നു വിവർത്തനം ചെയ്യുന്നതു് അർത്ഥാനുസാരമായിരിക്കും. അതേമട്ടിൽ അർത്ഥയുക്തമായിരിക്കും, ചിന്താപരത്വം ഉൾക്കൊള്ളേണ്ട ക്രിട്ടിസിസത്തിൻ്റെ വിവർത്തനമായ വിമർശനം എന്ന പദവും.”* (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1953 ഒക്ടോബർ)

പുസ്തക നിരൂപണങ്ങൾക്കു സാമാന്യമായി മൂന്നു വിഭാഗം കല്പിക്കാം. ഒന്നു് ഉള്ളടക്കത്തിൻ്റെ ചുരുങ്ങിയ വിവരണം; മറ്റൊന്നു് നിരൂപകന് അനുഭവമായിത്തീർന്ന സരസനീരസഭാഗങ്ങളുടെ പ്രകാശനം; മൂന്നാമത്തേതു് സഹൃദയനും പക്ഷപാതരഹിതനുമായ നിരൂപകൻ വിവേചനാപടുതയോടുകൂടിചെയ്യുന്നതീർപ്പു്. ഇന്നു നാം സാധാരണ കണ്ടുവരുന്ന നിരൂപണങ്ങൾ മൂന്നുവിധത്തിലുള്ളവയാണു്. ഗ്രന്ഥകാരൻ്റെ അഭിപ്രായത്തെ അനുകൂലിച്ചു ചെയ്യുന്നതു് ഒന്നു്. ഇതിനു് ആസ്വാദനം അല്ലെങ്കിൽ മണ്ഡനം എന്നും പറയാറുണ്ട്. ആസ്വാദനത്തോടുകൂടി ദോഷഭാഗങ്ങളും ചൂണ്ടിക്കാണിക്കുന്ന ഗുണദോഷനിരൂപണമാണ് രണ്ടാമത്തേതു്. ഭാഷയുടെയും സാഹിത്യത്തിൻ്റെയും സഞ്ചാരഗതിയെ നിയന്ത്രണം ചെയ്തു ശുദ്ധിപ്പെടുത്തുവാൻ ഈദൃശ നിരൂപണങ്ങൾക്കാണ് അധികം ശക്തിയുള്ളതു്. ആസ്വാദകൻ്റെയും ഗുണഗ്രാഹിയുടേയും നിലവിട്ട് അട്ടയെപ്പോലെ ദുഷ്ടിലേക്കുമാത്രം ദൃഷ്ടിപതിപ്പിച്ചു കൊണ്ടു ചെയ്യുന്ന നിരൂപണം ഖണ്ഡനം. ഇപ്പറഞ്ഞ മൂന്നു സരണികൾക്കും പുറമെ, ഭിന്നമായ നിരൂപകസരണികളും വർത്തമാനകാലത്തു ധാരാളമായിട്ടുണ്ടു്. അവയെ

“മുറയ്ക്കോതാം പുറംനോക്കി – മാനംനോക്കിയുമവിധം
കൊത്തിപ്പെറുക്കിയും പിന്നെ – പകപോക്കിയനന്തരം
കടംപോക്കിയിടംപോക്കി – ഇടയ്ക്കിട്ടു ഞെരുക്കിയും
എടുത്തു പൊക്കി, ആൾനോക്കി – തന്നെത്താൻ പൊക്കിയിങ്ങനെ.”
പത്തുവിധത്തിലാണു് ഒരു സഹൃദയൻ തരംതിരിച്ചിട്ടുള്ളത്. ഇന്നത്തെ പത്രമാസികകളിൽ പലതിലെയും നിരൂപണ രീതി പരിശോധിച്ചാൽ മേല്പറഞ്ഞതിൽ യാതൊരതിശയോക്തിയും ഇല്ലെന്നു കാണാം. ഇനിയും വളർച്ചപ്രാപിച്ചു കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ നിരൂപണകല ആ വിധത്തിൽ ദുഷിച്ചിരിക്കയാണെന്നു സലജ്ജം സമ്മതിച്ചേതീരൂ. ആധുനിക സാഹിത്യത്തിലെ നിരൂപണ പ്രസ്ഥാനത്തെപ്പറ്റി നല്ലൊരു ചിന്തകനായ ശ്രീ. ഗോവിന്ദൻകുട്ടിനായർ പ്രസ്താവിച്ചിട്ടുള്ള ഒരുഭാഗം ഇവിടെ ശ്രദ്ധേയമാണു്:

നിരൂപണമായി ഇത്രയേറെ ആശയക്കുഴപ്പങ്ങളും അഭിപ്രായ ഭിന്നതകളും ഭാഷയിൽ ഇന്നത്തെപ്പോലെ എന്നും ഉണ്ടായിട്ടില്ലെന്ന വസ്തുതകൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു ഗ്രന്ഥത്തെപ്പറ്റി മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നാലെണ്ണം പറയുന്ന അഭിപ്രായങ്ങൾ അനുക്രമമായൊന്നു വായിച്ചുനോക്കൂ. അപ്പോൾ കാണാം അഭിപ്രായഭിന്നതകളും ആശയക്കുഴപ്പങ്ങളും നിരൂപണത്തിൽ എത്രമാത്രം കൊടുമ്പിരിക്കൊണ്ടിട്ടുണ്ട് എന്നു്. ഏതെങ്കിലും ഒരു പത്രം കലാപരമായ സ്വന്തം കാഴ്ചപ്പാടിലൂടെ ഉത്തമമെന്നു വിധിയെഴുതിയ ഒരു ഗ്രന്ഥത്തെ മറ്റൊരു പത്രം പാതാളക്കുണ്ടിലേക്കു താഴ്ത്തി കളയേണ്ടതാണെന്നു പരാതിപ്പെടുന്നതിൻ്റെ ഉദാഹരണങ്ങൾ ആധുനിക നിരൂപണത്തിൽ ഒട്ടും അപൂർവ്വമല്ല. ഇതിൻ്റെ ഫലമായി സാധാരണന്മാർ വളരെയധികം വഞ്ചിക്കപ്പെടുന്നുണ്ടെന്നുള്ളത് ഒരു വാസ്തവം മാത്രമായിത്തീർന്നിരിക്കുന്നു.” *(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1125 മീനം 6)