വിമർശനം
സാഹിത്യഗവേഷണമാല: മലയാളത്തിൽ സാഹിത്യ ചരിത്ര ഗവേഷണം ചെയ്യാനാഗ്രഹിക്കുന്നവർക്കു മാർഗ്ഗദർശകമായിത്തീരാവുന്ന ഒരു കൃതിയാണു് ബാലകൃഷ്ണപിള്ളയുടെ ‘സാഹിത്യഗവേഷണമാല’. ആര്യസംസ്‌കാരത്തെപ്പറ്റിയുള്ള ഗവേഷണത്തിനു ഒരു പാത വെട്ടിത്തെളിക്കുകയാണു് ഒന്നാം ഭാഗത്തിൽ പ്രധാനമായും ചെയ്തിട്ടുള്ളതു്. ഗുണാഢ്യൻ, കാളിദാസൻ്റെ ഊരും പേരും കാലവും എന്നീ വിഷയങ്ങൾ ഇവിടെ വിസ്‌തൃതമായി ചർച്ച ചെയ്തിരിക്കുന്നു. രണ്ടാം ഭാഗത്തിൽ, ഭാസൻ, പാണിനി, വരരുചി തുടങ്ങിയ പ്രാചീന സാഹിത്യനായകന്മരെപ്പറ്റിയുള്ള പ്രൗഢചർച്ചകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. തമിഴ്‌സാഹിത്യത്തെപ്പറ്റിയും കേരള ചരിത്രത്തെപ്പറ്റിയുമാണു അടുത്തഭാഗത്തു പ്രതിപാദിക്കുന്നതു്. നിരൂപണപരങ്ങളും ഗവേഷണാത്മകങ്ങളുമായ പ്രൗഢലേഖനങ്ങളുടെ സമാഹാരമായ പ്രസ്തുത ഗ്രന്ഥം പണ്ഡിതന്മാർക്ക് നല്ലൊരു റഫറൻസ് ബുക്കാണെന്നുള്ളതിനു സംശയമില്ല.
കേസരിയുടെ മുഖപ്രസംഗങ്ങൾ: ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തുനിന്നു ‘കേസരി’ എന്ന പത്രം നടത്തിയിരുന്നകാലത്തു് അതിൽ എഴുതിയിരുന്ന 50-ൽ പരം മുഖപ്രസംഗങ്ങളുടെ സമാഹാരമാണിതു്. രാഷ്ട്രീയകാര്യങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ, സാഹിത്യചിന്തകൾ, പത്രപ്രവർത്തനം എന്നിങ്ങനെ നാനാമുഖമായ വിഷയങ്ങളെ സ്പർശിച്ചുള്ള വിമർശനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ: ബാലകൃഷ്ണപിള്ള മംഗളോദയത്തിൽ എഴുതിയിരുന്ന പതിനാറു പുസ്തക നിരൂപണങ്ങൾ സമാഹരിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. കലാചിന്തകൾ, വയലാർ ഗർജ്ജിക്കുന്നു എന്നിങ്ങനെയുള്ളവയാണു് തൽഗ്രന്ഥങ്ങൾ.* (കേസരി എ. ബാലകൃഷ്ണപിള്ള 1064 മേടം 2-ാം തീയതി തിരുവനന്തപുരത്തുള്ള സ്വവസതിയിൽ ജനിച്ചു. ദിവാൻ പേഷ്കാർ അയ്യപ്പൻപിള്ളയുടെ സഹോദരിയായിരുന്നു മാതാവു്. പിതാവു് അകത്തൂട്ട ദാമോദരൻ കർത്താവും. ജീവിതത്തിൻ്റെ ഉത്തരാർദ്ധത്തിൽ അധികഭാഗവും പറവൂർ മാടവനപ്പറമ്പിലാണു് കഴിച്ചുകൂട്ടിയതു്. കാസരോഗബാധിതനായി കഴിഞ്ഞിരുന്ന സ്മര്യപുരുഷൻ 1960 ഡിസംബർ 18-ാംതീയതി കോട്ടയത്തുവച്ചു ചരമമടഞ്ഞു. സംസ്കാരം പറവൂർ മാടവന പറമ്പിൽവച്ചു നിർവ്വഹിക്കുകയും ചെയ്തു.)
