ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

മാരാരുടെ നിരൂപണങ്ങൾ: രൂക്ഷവും നിർദ്ദാക്ഷിണ്യവുമായ നിരൂപണങ്ങൾകൊണ്ട് ഏറ്റവും സുവിദിതനായിട്ടുള്ള ഒരു വിമർശകവരേണ്യനാണ് കുട്ടികൃഷ്ണമാരാർ, സ്വകാര്യ ജീവിതത്തിൽ വ്യക്തികളോടുള്ള കടപ്പാടുകളെ സാഹിത്യനിരൂപണത്തിൽ പ്രകാശിപ്പിക്കുകയല്ല, സാഹിത്യമൂല്യങ്ങളെ മുറുകെപ്പിടിക്കയാണ് വേണ്ടതെന്നു ദ‍ൃഢമായി വിശ്വസിക്കയും, തദനുസരണം സ്വന്തം തുലികയെ വ്യാപരിപ്പിക്കയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ധർമ്മ ധീരനുമാണദ്ദേഹം. ഉൽകൃഷ്ട സാഹിത്യ തത്ത്വങ്ങളെന്നു താൻ സങ്കല്പിച്ചിട്ടുള്ളതിനു വിപരീതമായ ഏതിനേയും നഖശിഖാന്തം അദ്ദേഹം എതിർക്കും. എതിർക്കുക മാത്രല്ല, ഒരു ധീര യോദ്ധാവിനെപ്പോലെ മുന്നേറി സ്വമതം സ്ഥാപിച്ച വിജയം കൈവരിക്കയും ചെയ്യും. ഏതു കൃതിയുടെ നിരൂപണത്തിലും പുതിയപുതിയ ചല തത്വങ്ങളും അഭിപ്രായങ്ങളും ആ പ്രതിഭാവിലാസചതുരൻ പ്രകാശിപ്പിക്കാതിരിക്കയില്ല. “ഏതു കൃതി കൈയിലെടുത്താലും ബുദ്ധിപൂർവ്വമായി ചിലതു പറയാൻ കഴിയുന്നതാണ് മാരാരുടെ മിടുക്ക്” എന്ന് “കൈവിളക്കി”ൻ്റെ നിരൂപണത്തിൽ എസ്. ഗുപ്തൻനായർ പ്രസ്താവിച്ചിട്ടുള്ളത് ഈയവസരത്തിൽ ശ്രദ്ധേയമാണ്. രാജ്യാങ്കണം, കൈവിളക്ക്, നിഴലാട്ടം, ഹാസ്യസാഹിത്യം, സാഹിത്യവിദ്യ, സാഹിത്യസല്ലാപം, പലരും പലതും, ചർച്ചായോഗം, ദന്തഗോപുരം എന്നിവ മാരാർ എഴുതിയിട്ടുള്ള നിരൂപണ ഗ്രന്ഥങ്ങളത്രേ.

രാജാങ്കണം: മാരാരുടെ നിരൂപണകൃതികളിൽ പ്രഥമസ്ഥാനമർഹിക്കുന്നതു രാജാങ്കണമാണെന്നു തോന്നുന്നു. ‘നമ്മുടെ സംസ്‌കാരലോപം’ എന്നുതുടങ്ങിയ 12 ലേഖനങ്ങളാണു് അതിലുള്ളതു്. ഓരോ പ്രബന്ധവും പഠനാർഹമെന്നേ പറയേണ്ടു. മുണ്ടശ്ശേരി പ്രസ്താവിച്ചിട്ടുള്ള പോലെ, “കാവ്യത്തിൻ്റെ ഓരോ വശത്തിലൂടെ കടന്നു് ആഴത്തിലുമാഴത്തിലെത്തി തലനാരിഴയ്ക്കുപോലും രാജിയാവതെ ചിന്തിച്ചു ചിന്തിച്ചൊരനുമാനത്തിലെത്തിച്ചേരുക – ഇതിലാണു നാം കുട്ടികൃഷ്ണമാരാരെ കാണേണ്ടതു് – ഈ പിരിമുറുക്കം രാജാങ്കണത്തിൽ ഉടനീളം കാണാം.”

കൈവിളക്ക്: മാരാർ പലപ്പോഴായി എഴുതിയിട്ടുള്ള 23 നിരൂപണങ്ങളാണ് ഇതിലെ ഉള്ളടക്കം. നിരൂപണപ്രപഞ്ചം, രസനിഷ്പത്തി, പ്രതിപാദ്യം. അർത്ഥസംവിധാനം, പ്രതിപാദനം എന്ന ഉള്ളടക്കത്തെ അഞ്ചായി വിഭജിച്ച്, അദ്യത്തേതിൽ കാവ്യപീഠിക തുടങ്ങിയ മൂന്ന കൃതികളേയും, രണ്ടാമത്തേതിൽ, പ്രതികാരദുർഗ്ഗ, ഗീതഗോവിന്ദം തുടങ്ങിയ അഞ്ചു കൃതികളേയും, മൂന്നാമത്തേതിൽ, ബാല്യകാലസഖി തുടങ്ങിയ ഏഴു കൃതികളേയും, നാലാമത്തേതിൽ പുഷ്പവൃഷ്ടി, വേഷങ്ങൾ എന്നു തുടങ്ങിയ നാലു വിഷയങ്ങളേയും, അവസാനത്തേതിൽ, നിമിഷം തുടങ്ങിയ നാലു കൃതികളേയും നിരൂപണം ചെയ്തിട്ടുള്ള പ്രബന്ധങ്ങൾ നിബന്ധിച്ചിരിക്കുന്നു. നിരൂപണത്തിനു വിഷയമായ കൃതികളിലെ വസ്തുതകൾ ബുദ്ധിപൂർവ്വം ദർശിക്കണമെന്നുള്ളവർക്ക് ഒരു കൈവിളക്കുതന്നെയാണിതു്. ഓരോരോ പ്രബന്ധങ്ങളിലും നവംനവങ്ങളായ അഭിപ്രായങ്ങൾ ഭംഗിയായും നിർഭീകമായും പ്രകടിപ്പിച്ചിട്ടുള്ളതു കാണുമ്പോൾ, വായനക്കാർ ആദരാഞ്ജലിയോടെ നിരൂപകൻ്റെ നേർക്കു തിരിഞ്ഞുപോകും.