ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ഹാസ്യസാഹിത്യം: ഉപോൽഘാതം, മഹാഭാരതത്തിൽനിന്ന് ഒരു പാഠം, മുണ്ടയ്ക്കൽസന്ദേശം, ഒരു മുഴുത്ത ചിരി, 1128-ൽ ക്രൈം 27, പരിഹാസചർച്ചകൾ ഇങ്ങനെ അഞ്ചു പ്രബന്ധങ്ങളാണു് ഇതിലെ ഉള്ളടക്കം. ‘മുണ്ടയ്ക്കൽസന്ദേശം, ഒരു മുഴുത്തചിരി’ എന്ന പ്രബന്ധത്തിൽ ഉണ്ണുനീലിസന്ദേശം ഒരു ഹാസ്യകവനമെന്നു സ്ഥാപിക്കുകയാണു മാരാർ ചെയ്യുന്നതു്. ഉണ്ണുനീലിസന്ദേശത്തിൽ ഉടനീളം ഹാസ്യത്തെ സ്ഥായിയാക്കിനിർത്തി സാംഗോപാംഗം വളർത്തിക്കൊണ്ടു വന്നിരിക്കയാണെന്നും, അതിനാൽ അതു് ഒരു ഹാസ്യകൃതിയാണെന്നുമാണു് മാരാരുടെ അഭിപ്രായം. സ്വാഭിപ്രായസ്ഥാപനത്തിന്നുപോൽബലകങ്ങളായി പലതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നിരുന്നാലും സഹൃദയന്മാർ മുഴുവനും അദ്ദേഹത്തിൻ്റെ യുക്തിയിൽ മയങ്ങിപ്പോകുമെന്നു തോന്നുന്നില്ല.

ഭാരതപര്യടനം: മാരാരുടെ മറ്റൊരു നിരൂപണഗ്രന്ഥമാണിതു്. മഹാഭാരതത്തിലെ മിക്ക കഥാപാത്രങ്ങളേയും സ്പർശിക്കുമാറു്, ഭീഷ്‌മ പ്രതിജ്ഞ, അംബ എന്നു തുടങ്ങി 15 കഥാപ്രബന്ധങ്ങളും, ഓരോ കഥയെ മുൻനിറുത്തിയുള്ള നിഗമനങ്ങളും നിരൂപണങ്ങളുമാണ് പ്രസ്തുത കൃതിയിൽ അടങ്ങിയിട്ടുള്ളത്, അഥവാ ഭാരതകഥകളെ ആസ്പദമാക്കി ആർഷജ്ഞാന നിക്ഷേപത്തിൻ്റെ അഭിനവ രൂപമായ ഒരു നിരൂപണമാണു് ഇതിലടങ്ങിയിട്ടുള്ളതെന്നു പറയാം. “പുരാണപുരുഷന്മാരിൽ ദിവ്യത്വം ഉയർത്തി വായനക്കാരെ ഭക്തിഭാവത്തിലേക്കും അത്ഭുത പ്രപഞ്ചത്തിലേക്കും ആനയിക്കുകയാണല്ലോ പതിവു്. മാരാർ ആ സാധാരണമായ രീതിയിൽനിന്നു സാരമായ വിധത്തിൽ വ്യതിചലിച്ചു വായനക്കാരെ മനുഷ്യത്വത്തിൻ്റെ വിചാരസരണിയിൽക്കൂടി നയിച്ച് ആർഷസംസ്ക്കാരത്തിൻ്റെ വെളിച്ചവും തെളിച്ചവും ദർശിപ്പിക്കുവാൻ ഇതിൽ പ്രഗത്ഭമായി പ്രയത്നിച്ചിരിക്കുന്നു.” പുരാണകഥാപ്രപഞ്ചനത്തിൽ ഇതു തികച്ചും ഒരു പുതിയ രീതിതന്നെയാണു്. 1951-ൽ സാഹിത്യപരിഷത്തു്, മദിരാശി ഗെവർമെൻ്റിൻ്റെ സമ്മാനത്തിനു് അർഹമെന്നു തീരുമാനിച്ച ഗ്രന്ഥങ്ങളിൽ ഒന്നാണിതെന്നുകൂടി ഈയവസരത്തിൽ പറഞ്ഞുകൊള്ളട്ടെ.

വിചാരവേദി: ശാസ്ത്രം, മതം, മിസ്റ്റിസിസം, തത്വജ്ഞാനീയം, മനശ്ശാസ്ത്രം ഇങ്ങനെ അഞ്ചുവിഷയങ്ങളെ പുരസ്‌കരിച്ചുള്ള ചരിത്രപരമായ വിവരണവും തത്ത്വപരവുമായ വിമർശവും അടങ്ങിയിട്ടുള്ള ഒരു നല്ല പ്രസിദ്ധീകരണമാണു് പ്രസിദ്ധ ലേഖകനായ വക്കം അബ്ദുൽഖാദറുടെ വിചാരവേദി. ഗ്രന്ഥകാരൻ്റെ ബഹുമുഖമായ പാണ്ഡിത്യവും വിവിധ ഗ്രന്ഥങ്ങളുമായുള്ള പരിചയവും പ്രസ്തുത കൃതി വ്യക്തമാക്കുന്നുണ്ടു്. ഉദ്ധരണങ്ങളുടെ അളവു് അല്പം കുറയ്ക്കാമായിരുന്നു എന്നു വായനക്കാർ പറഞ്ഞേക്കാം.