ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

നിരൂപണ സാഹിത്യം: 1104-ൽ തിരുവനന്തപുരം സാഹിത്യ പരിഷത്തിൽ വായിച്ച ഒരു പ്രബന്ധവും, വള്ളത്തോളിൻ്റെ മഗ്ദലനമറിയത്തെ വിമർശിച്ചു ‘ഭാഷാപോഷിണി’, ‘കേരളീയകത്തോലിക്കൻ’ എന്നീ മാസികകളിൽ എഴുതിയിരുന്ന ലേഖനങ്ങളും സംയോജിപ്പിച്ചു ‘വിമർശനവിഹാരം’ എന്ന പേരിൽ ഫാദർ സി. കെ. മറ്റം ഒരു കൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആർ. നാരായണപ്പണിക്കർ പ്രസ്തുത കൃതിയെ ഡി. പി. ഉണ്ണിയുടേതായി സങ്കല്പിച്ചു് അദ്ദേഹത്തിൻ്റെ സാഹിത്യ ചരിത്രത്തിൽ കൊള്ളിച്ചിട്ടുണ്ടെന്ന വസ്തുതകൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ. മേല്പറഞ്ഞ വിമർശനവിഹാരം അല്പം ചില പരിഷ്കാരങ്ങളോടൂകൂടി പിന്നീടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ‘നിരൂപണസാഹിത്യം’. മഗ്ദലനമറിയത്തെ നിരൂപണം ചെയ്യുന്ന ഗ്രന്ഥകാരൻ തനിക്കു മഹാകവികളുടെ കൃതികളുമായുള്ള പരിചയത്തെ ഇതിൽ ധാരാളം വ്യക്തമാക്കുന്നണ്ട്.

കുറ്റിപ്പുഴയുടെ നിരൂപണങ്ങൾ: വിദൂര വീക്ഷണചതുരനായ വിമർശകനാണു കുറ്റിപ്പുഴ പി. കൃഷ്ണപിള്ള. യഥാഭാവ്യമായ ഒരു ലോകത്തെയാണു്, അദ്ദേഹം എപ്പോഴും മുന്നിൽ കാണുക. ഭൂതകാലത്തിൻ്റെ കേടുകൾ മനസ്സിലാക്കി വർത്തമാനത്തെ ഭാസുരമായ ഭാവിയിലേക്കു നയിക്കുന്നതിനു പ്രേരണചെലുത്തുന്നവയാണു്, കുറ്റിപ്പുഴയുടെ നിരൂപണങ്ങളിൽ ഏറിയ ഭാഗവും. നിരൂപണം, ആസ്വാദനം, തത്വചിന്തനം മുതലായ കാര്യങ്ങളിൽ കേരളീയ സാഹിത്യ വിമർശകന്മാരുടെ മുന്നണിയിൽത്തന്നെയാണ് ഈ സ്വതന്ത്ര ചിന്തകൻ നിലകൊള്ളുന്നതു്. പക്ഷേ, തത്ത്വചിന്തയിൽ താല്പര്യം ഏറുന്നതുകൊണ്ടോ എന്തോ, അന്തർമുഖമായിട്ടാണ് അദ്ദേഹത്തിൻ്റെ വിചാരഗതി അധികവും വ്യാപരിക്കുക. പ്രസ്തുത രീതി സാധാരണക്കാരുടെ ക്ഷമയെ അല്പം പരീക്ഷിക്കുന്ന ഒന്നാണെന്നു പറയേണ്ടതില്ലല്ലോ. കുറ്റിപ്പുഴയുടെ നിരൂപണ സമാഹാരങ്ങൾ, സാഹിതീയം, വിചാരവിപ്ലവം, വിമർശരശ്മി, ചിന്താതരംഗം, ഗ്രന്ഥാവലോകനം, നർമ്മസല്ലാപം, നിരീക്ഷണം, നവദർശനം എന്നിവയാണു്.

സാഹിതീയം : ചിന്തോദീപങ്ങളായ ഒൻപത് പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ടോൾറ്റോയിയുടെ കലാനിരൂപണം സൗന്ദര്യബോധം, റഷ്യൻസാഹിത്യം, കവിതയും തത്ത്വചിന്തയും തുടങ്ങിയവയാണു് പ്രസ്തുത പ്രബന്ധങ്ങൾ. വിചാരരമണീയങ്ങളായ പല കലാമൂല്യങ്ങളേയും വെളിപ്പെടുത്തി സ്വതന്ത്രമായ സ്വാഭിപ്രായപ്രകടനം ചെയ്യുന്ന പ്രസ്തുത കൃതി, നിരൂപണശാഖയ്ക്ക് അനർഘമായ ഒരു നേട്ടംതന്നെ. “തത്ത്വചിന്ത കൂടാതെയുള്ള കവിത ജീവനില്ലാത്ത ശരീരം പോലെ നികൃഷ്ടവും നിരുപയോഗവുമാകുന്നു” എന്ന മട്ടിലുള്ള ചില അഭിപ്രായങ്ങളോടു് എല്ലാവരും യോജിച്ചില്ലെന്നു വരാം.