വിമർശനം
സാഹിത്യസമീക്ഷ: ഭാഷയിലെ ജീവചരിത്രകർത്താവെന്ന നിലയിലാണു് എ. ഡി. ഹരിശർമ്മയെ നാം കൂടുതലായി അറിയുന്നതു്. എന്നാൽ ഒരു സാഹിത്യനിരൂപകൻ എന്ന നിലയിലും അദ്ദേഹത്തിനുള്ള സ്ഥാനം ചെറുതൊന്നുമല്ല. ‘സാഹിത്യസമീക്ഷ’ അദ്ദേഹത്തിൻ്റെ നിരൂപണങ്ങളുടെ ഒരു മാതൃകയായി കണക്കാക്കാം. വടക്കുംകൂറിൻ്റെ സാഹിതീസർവ്വസ്വം എന്ന സാഹിത്യശാസ്ത്രം, പാട്ടത്തിൽ പത്മനാഭമേനോൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഭാഷ നൈഷധചമ്പുവിന്റെ പ്രാഞ്ജലീവ്യാഖ്യാനം, പി. ശങ്കരൻനമ്പ്യാരുടെ പ്രസ്ഥാനത്രയം എന്ന കവിതാ സമാഹാരം, മാടശ്ശേരിയുടെ കുഞ്ചൻ്റെശേഷം എന്ന സാഹിത്യ ചരിത്രം, ശങ്കരക്കുറുപ്പിൻ്റെ വിവർത്തനകൃതിയായ മേഘച്ഛായ, തുറവൂർ മാധവപ്പൈയുടെ എക്സ്‌റെ എന്ന നോവൽ, സാഹിത്യദർപ്പണത്തിൻ്റെ മലയാളവിവർത്തനം, കേശവദേവിൻ്റെ ഒരു പുതിയ നോവലായ ‘ആർക്കു വേണ്ടി?’ എന്നീ കൃതികളുടെ നിരൂപണങ്ങളാണ് ഇതിൽ യഥാക്രമം ഉൾപ്പെടുത്തിയിട്ടുള്ളതു്. ഓരോ വിമർശനലേഖനത്തിലും അതതു കൃതികളുടെ ഗുണദോഷങ്ങളെ നിഷ്പക്ഷമായി നിരൂപണം ചെയ്തിരിക്കുന്നു. സൃഷ്ടിപരമായ ഒരു രീതിയാണു പൊതുവെ ശർമ്മയുടെ നിരൂപണങ്ങളിൽ കാണാറുള്ളതു്. എന്നാൽ കുഞ്ചൻ്റെശേഷം എന്ന കൃതിയുടെ നിരൂപണം വായിക്കുമ്പോൾ നിരൂപകൻ്റെ തൂലിക അതിനിശിതവും നിർദ്ദയവുമായിത്തീർന്നു സംഹാരത്തിനുതന്നെ പുറപ്പെട്ടിരിക്കയാണോ എന്നു തോന്നിപ്പോകാതിരിക്കുകയില്ല. സാഹിത്യസമീക്ഷയിലെ ഓരോ വിമർശനവും പഠനാർഹമാണു്.
നൈഷധമഹാകാവ്യം: പി. കുഞ്ഞിരാമക്കുറുപ്പ് (ബി. എ.എൽ. ടി.) എഴുതിയിട്ടുള്ള ഒരു നിരൂപണഗ്രന്ഥമാണിതു്. ശ്രീഹർഷമഹാകവിയുടെ നൈഷധീയചരിതം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ പ്രസിദ്ധിയേറിയ ഒന്നത്രെ. പ്രസ്തുത മഹാകാവ്യത്തെ പലകാലങ്ങളിലായി പല പണ്ഡിതന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. അവയിലെ സാഹിത്യതത്ത്വങ്ങളെ ഏറെക്കുറെ ഉള്ളടക്കി രാമക്കുറുപ്പു് 1927-ൽ ‘മഹാകവി ശ്രീഹർഷൻ’ എന്നപേരിൽ ഒരു നിരൂപണഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൻ്റെ വിപുലവും പരിഷ്കൃതവുമായ ഒരു പതിപ്പാണ് മേൽക്കാണിച്ച ഗ്രന്ഥം. ആദ്യപതിപ്പിൽ ദിങ്മാത്രമായോ അസമഗ്രമായോ സ്പർശിക്കപ്പെട്ടവയെല്ലാം വളരെ വിസ്തരിച്ചു വിശദപ്പെടുത്തുകയും, പുതുതായി ആറേഴദ്ധ്യായങ്ങൾകൂടി ഇതിൽ എഴുതിച്ചേർക്കയും ചെയ്തിരിക്കുന്നു. “പ്രൗഢഗംഭീരമായ നൈഷധമഹാകാവ്യത്തിൽ സർവാംഗീണമായി സംഭരിക്കപ്പെട്ട അലൗകികസാഹിത്യാമൃതം” ഒരു കേരളീയനു് ആകണ്ഠം – ആമജ്ജം – ആസ്വദിക്കുവാൻ പ്രസ്തുതകൃതി വളരെ ഉപകരിക്കും. മലയാളത്തിൽ ഒരു സാഹിത്യകൃതിയെ സംബന്ധിച്ചും ഇത്ര വിസ്‌തൃതമായ ഒരു വ്യാഖ്യാനമോ നിരൂപണമോ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. പാട്ടത്തിൽ പത്മനാഭമേനോൻ്റെ ഭാഷാനൈഷധചമ്പൂ വ്യാഖ്യാനമാണ് ഇതിനുമുമ്പു് ഇത്തരത്തിൽ ഉണ്ടായിട്ടുള്ള ഒരു നല്ല കൃതി. അതിനെയും ഇതു പരാജയപ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥകാരൻ്റെ വിപുലമായ ഗ്രന്ഥപരിചയം, ശ്രീഹർഷൻ്റെ സർവ്വംകഷമായ കവിത്വത്തിൻ്റെ മാറ്റുരച്ചു കാണിക്കുവാൻ വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്.
