ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

അദ്ധ്യായങ്ങൾ എന്ന പേരിനുപകരം ‘ഉല്ലാസങ്ങൾ’ എന്ന സംജ്ഞയാണു് ഇതിലെ വിഭാഗങ്ങൾക്കു സ്വീകരിച്ചിട്ടുള്ളതു്. 22 ഉല്ലാസങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. മഹാകവി ശ്രീഹർഷൻ എന്ന പ്രഥമോല്ലാസത്തിൽ മഹാകവിയുടെ ജീവിതകാലത്തേയും അദ്ദേഹത്തെ സംബന്ധിച്ച ഐതിഹ്യത്തേയുംപറ്റി പ്രതിപാദിക്കുന്നു. നൈഷധീയചരിതം, വ്യാഖ്യാനങ്ങൾ, ഇതിവൃത്തവും ഘടനയും എന്നീ വിഷയങ്ങളത്രെ രണ്ടും മൂന്നും നാലും ഉല്ലാസങ്ങളിലെ പ്രമേയങ്ങൾ. നളൻ, ഹംസം, ദമയന്തി, നാരദൻ, ഭീമരാജാവു്, സരസ്വതി, കലി എന്നീ കഥാപാത്രങ്ങളെ സംബന്ധിച്ച നിരൂപണങ്ങളത്രേ യഥാക്രമം 5 മുതൽ 11 വരെയുള്ള ഉല്ലാസങ്ങളിൽ അടങ്ങിയിട്ടുള്ളതു്. 12 മുതൽ 22 വരെയുള്ള ഉല്ലാസങ്ങൾ യഥാക്രമം ദാമ്പത്യജീവിതം, അർത്ഥചമൽകൃതി, ശബ്ദചമൽകൃതി, പ്രകൃതി നിരീക്ഷണം, വ്യുൽപാദകത, സർവ്വംകഷത്വം, മല്ലിനാഥനും നാരായണനും, ഭാഷാന്തരങ്ങൾ, ഔചിത്യം, ശ്രീഹർഷനും ഭാഷാ കവികളും, ഉപസംഹാരം എന്ന ശീർഷകങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഓരോ ഉല്ലാസത്തിലും ഗ്രന്ഥകാരൻ്റെ പാണ്ഡിത്യവും, നിരൂപണസാമർത്ഥ്യവും ഇതര ഗ്രന്ഥങ്ങളുമായുള്ള പരിചയവും അത്ഭുതാവഹമായി പ്രകാശിക്കുന്നുണ്ട്. ഓരോന്നും രസാവഹവുമാണു്. വിശേഷിച്ച് ഒടുവിലത്തെ ഏതാനും ഉല്ലാസങ്ങൾ കൂടുതൽ ആസ്വാദ്യങ്ങളും ഉന്മേഷ ദായകങ്ങളുമായി തോന്നുന്നു.

കുമാരനാശാൻ: കുന്നത്തു ജനാർദ്ദനമേനോൻ അഥവാ കണ്ണൻ ജനാർദ്ദനൻ 1933-ൽ ആശാൻ്റെ കൃതികളെപ്പറ്റി ആസ്വാദന രൂപത്തിൽ എഴുതിയിട്ടുള്ള ഒരു നിരൂപണമാണു് കുമാരനാശാൻ എന്ന കൃതി. ഏഴു കളങ്ങളായി തിരിച്ചുകൊണ്ടാണു് പ്രതിപാദനം. വീണപൂവു മുതൽ കരുണവരെയുള്ള പ്രധാന കൃതികളെപ്പറ്റി ആദ്യത്തെ അഞ്ചു കളങ്ങളിൽ വിമർശിച്ചിരിക്കുന്നു. തികച്ചും സഹൃദയോചിതമായ വിമർശനങ്ങളാണവ. മേനോൻ്റെ സഹൃദയത്വത്തിൻ്റെയും കവിഹൃദയജ്ഞാനത്തിൻ്റേയും മാറ്റുരച്ചുനോക്കണമെന്നുള്ളവർ ഈ കൃതി വായിക്കേണ്ടതുതന്നെയാണു്. ആശാൻ്റെ കവിതയെ സഹൃദയസംവേദ്യമായ വിധത്തിൽ ആസ്വദിക്കുവാനും നമുക്കു സാധിക്കും. ഈ കൃതിയുടെ ആറാം കളത്തിൽ ആശാൻ്റെ ചെറുകൃതികളെപ്പറ്റിയും, അവസാനത്തിൽ അദ്ദേഹത്തിൻ്റെ ജീവചരിത്രത്തെപ്പറ്റിയുമാണു്, പ്രതിപാദിക്കുന്നതു്.

എഴുത്തച്ഛൻ സാഹിത്യം: എഴുത്തച്ഛനെപ്പറ്റി ഇതഃപര്യന്തം പുറപ്പെടുവിച്ചിട്ടുള്ള അനേകം കൃതികളും അസംഖ്യം ലേഖനങ്ങളും ഒട്ടേറെ കവിതകളും പരിശോധിച്ചു് അവയുടെയെല്ലാം ഒരു സൂചികയായി കെ. വി. ശർമ്മ നിർമ്മിച്ചിട്ടുള്ള ഒരു ലഘുകൃതി അഥവാ ഒരു ഡയറക്ടറിയാണിതു്. ഗ്രന്ഥത്തെ, ആറു വിഭാഗങ്ങളായി തിരിച്ചു എഴുത്തച്ഛനേയും അദ്ദേഹത്തിൻ്റെ കൃതികളേയും സംബന്ധിക്കുന്ന ആറു വിഷയങ്ങൾ ഓരോന്നിലുമായി പ്രതിപാദിച്ചിരിക്കുന്നു. ഗവേഷകന്മാർക്കും നിരൂപകന്മാർക്കും ഈ ഗ്രന്ഥം കൂടുതൽ ഉപയോഗപ്രദമാണു്.