ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

വാസ്തവം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെയിടയിൽ നിരൂപണധർമ്മം നിശ്ചയമുള്ളവരും. ആ കലയിൽ പ്രാപ്തിയും വ്യാപ്തിയും സിദ്ധിച്ചവരുമായ സാഹിത്യകാരന്മാർ കുറെയൊക്കെ ഉണ്ടായിട്ടുണ്ടെന്നും ഇപ്പൊഴും ഉണ്ടെന്നുമുള്ള വസ്തുത നമുക്കു വിസ്മരിക്കുവാൻ വയ്യ. കേരളപാണിനി എന്ന പേരിൽ സുപ്രസിദ്ധനായ ഏ. ആർ. രാജരാജ വർമ്മ, കേസരി എന്ന പേരിൽ പ്രസിദ്ധനായ വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, സി. അന്തപ്പായി, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, മഹാകവി ഉള്ളൂർ, സഞ്ജയൻ എന്ന പേരിൽ പ്രസിദ്ധനായ എം. രാമുണ്ണിനായർ, എം.പി. പോൾ, പി. ശങ്കരൻനമ്പ്യാർ, ഡി. പി. ഉണ്ണി, ഏ. ബാലകൃഷ്ണപിള്ള, സി. ജെ തോമസ് തുടങ്ങിയവർ പരേതന്മാരിൽ പ്രമാണികളാകുന്നു. ആയുഷ്മാന്മാരായ ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഗോവിന്ദൻകുട്ടിനായർ (ജി. കെ. എൻ.), എസ്‌. ഗുപ്തൻ നായർ, കവിതിലകൻ വടക്കംകൂർ രാജരാജവർമ്മ, എൻ. വി. കൃഷ്ണവാര്യർ, ഫാദർ എബ്രാഹം വടക്കേൽ, സുകുമാർ അഴീക്കോടു്, എം. ശ്രീധരമേനോൻ, എം. കെ. സാനു എന്നു തുടങ്ങിയ ലബ്ധപ്രതിഷ്ഠന്മാരെയും നാം ഈയവസരത്തിൽ അനുസ്മരിക്കേണ്ടതുണ്ടു്. ഇതിനും പുറമേ, വിമർശകധർമ്മമർമ്മജ്ഞരും അല്ലാതുള്ളവരുമായ ഒട്ടുവളരെപ്പേർ ഈ പ്രസ്ഥാനത്തിൽ ഇന്നു വിഹരിച്ചുവരുന്നുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. ആ സ്ഥിതിക്ക് ഇന്നത്തെ നിരൂപണരീതിയിൽ എന്തെല്ലാം വൈകല്യങ്ങൾ ഉണ്ടെന്നുവരികിലും ഭാവി ശുഭപ്രദമായിത്തീരുമെന്നുള്ളതിൽ തർക്കമില്ല. മുകളിൽ സൂചിപ്പിച്ച നിരൂപകന്മാരുടെ നിരൂപണരീതിയെപ്പറ്റി പ്രത്യേകമായൊന്നും ഇവിടെ എടുത്തുപറയുവാൻ വിചാരിക്കുന്നില്ല. നിരൂപണ സാഹിത്യത്തിൽ മുന്നിട്ടുനില്ക്കുന്ന ഏതാനും കൃതികളെപ്പററി സംക്ഷിപ്തമായി ചിലതു പ്രസ്താവിക്കുവാനേ ഇതിനുപരി ശ്രമിക്കുന്നുള്ളു.