ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സ്നേഹഗായകൻ: കെ. ജെ. അലക്സാണ്ഡർ, ഏകദേശം രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പു് കുമാരനാശാൻ്റെ ജീവിതത്തേയും, അദ്ദേഹത്തിൻ്റെ കാവ്യങ്ങളേയും കുറിച്ചു് എഴുതിയിട്ടുള്ള സമഗ്രരൂപമായ ഒരു ആസ്വാദനഗ്രന്ഥമാണിതു്. ആശാൻ, വിഷാദാത്മകത്വം, പാത്രസംവിധാനം, തത്ത്വചിന്ത, ജീവിതവിമർശം, സ്നേഹഗീത, കുമാരകൃതികൾ എന്നിങ്ങനെ പ്രതിപാദ്യത്തെ വിഭജിച്ചു ക്രമപ്പെടുത്തി, ആ സ്നേഹഗായകനേയും അദ്ദേഹത്തിൻ്റെ കൃതികളിലെ ആത്മീയസൗന്ദര്യത്തേയും ഗ്രന്ഥകാരൻ ഇതിൽ അതിനിപുണമായി ചിത്രീകരിച്ചിരിക്കുന്നു. നളിനി തുടങ്ങിയ ആശാൻ്റെ ആറു നായികമാരെ മുൻനിറുത്തി പഠനാർഹമായി രചിച്ചിട്ടുള്ള മറ്റൊരു കൃതിയാണു്, അലക്സാണ്ഡരുടെ ‘സ്നേഹോപഹാരം’. രണ്ടു ഗ്രന്ഥങ്ങളും നമ്മുടെ വിമർശന സാഹിത്യത്തിനു വിലപ്പെട്ട നേട്ടങ്ങൾതന്നെ.

കെ. വി. എം. കൃതികൾ: കെ. വി. എം. എന്ന അക്ഷരത്രയംകൊണ്ടു സുവിദിതനായിട്ടുള്ള കയ്പിള്ളി വാസുദേവൻ മൂസ്സതു് അരനൂറ്റാണ്ടിലധികം കാലമായി ഭാഷയേയും സാഹിത്യത്തേയും സർവ്വപ്രകാരേണയും സേവിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹിതീഭക്തനാണു്. ആ ഭക്തിയുടെ ശക്തിയാൽ ഒട്ടനേകം കൃതികൾ ഭാഷാഭഗവതിക്ക് ഇതിനകം സമർപ്പിച്ചുകഴിഞ്ഞിട്ടുമുണ്ടു്. താരാപഥം, ത്രിവേണി, രണാങ്കണം, കാട്ടുപൂക്കൾ, മാനസോദ്യാനം, വിജ്ഞാനരത്നാകരം, സങ്കല്പവിഹാരം, സാഹിത്യകിരണം, സാഹിത്യപുളകം (3 ഭാഗം), സാഹിത്യസൗഹിത്യം എന്നിവ അങ്ങനെ ഈ സാഹിത്യ ശാഖയ്ക്കുമാത്രമായി അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകളാണു്.

താരാപഥം: ചരിത്രം, സാഹിത്യം, സംസ്‌കാരം എന്നിങ്ങനെയുള്ള വിഷയങ്ങളെ സ്പർശിക്കുന്ന പതിനാലു പ്രബന്ധങ്ങളുടെ സമാഹാരമാണു് താരാപഥം. പരശുരാമൻ ആർ, ഐക്യകേരളം, ഓണം, തൃശ്ശിവപേരൂർ പൂരം ഇങ്ങനെയുള്ളവയാണു് പ്രതിപാദ്യവിഷയങ്ങൾ. ത്രിവേണി – മുണ്ടശ്ശേരിയുടെ ‘മാറ്റൊലി’യുടെ ഒരു പ്രത്യാഖ്യാനമാ ണെന്നു പറയാം. അർത്ഥശക്തിയുള്ള ലഘുവാക്യങ്ങളാണ് മൂസ്സതു സാധാരണ പ്രയോഗിക്കുക.