ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സാഹിത്യപ്രവേശിക: ഭാഷയേയും സാഹിത്യത്തേയും കുറിച്ചു സാംഗോപാംഗമായി ചർച്ചചെയ്തിട്ടുള്ള ഒരു കൃതിയാണു് സാഹിത്യപ്രവേശിക. ഗ്രന്ഥത്തെ രണ്ടു പ്രകരണങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തേതിൽ, ഭാഷയുടേയും സാഹിത്യത്തിൻ്റേയും ഉൽപത്തി, അവ രണ്ടും തമ്മിലുള്ള ബന്ധവും ഭേദവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നതു്. രണ്ടാമത്തേതിൽ, സാഹിത്യകലയെപ്പറ്റിയുള്ള ചില സാമാന്യ തത്ത്വങ്ങൾ പ്രകാശിപ്പിക്കുന്നു. സ്വാഭിപ്രായങ്ങളെ സ്ഥാപിക്കുവാൻ വേണ്ടത്ര ഉദാഹരണങ്ങളും ഉദ്ധരണങ്ങളും സന്ദർഭോചിതമായി കൊടുത്തിട്ടുമുണ്ട്. ഈ വിമശനഗ്രന്ഥം ഭാഷാസാഹിത്യശാസ്ത്ര ശാഖയിലും ഉൾപ്പെടുത്താവുന്നതുതന്നെയാണ്.

ലീലാതിലക വ്യാഖ്യാനം: പി. വി. കൃഷ്ണവാരിയർ കോട്ടയ്ക്കൽ ഈടുവെയ്പിൽനിന്നു കണ്ടെടുത്ത ഒരു മണിപ്രവാള ശാസ്ത്രഗ്രന്ഥമാണു് ‘ലീലാതിലകം’. 1084-ലെ മംഗളോദയത്തിൽ അതിലെ ആദ്യഭാഗങ്ങൾ അപ്പൻതമ്പുരാൻ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിരുന്നു. പിന്നീട്, ആറ്റൂർ കൃഷ്ണപ്പിഷാരടി ഗ്രന്ഥം മുഴുവനും വിവർത്തനം ചെയ്തു്. 1092-ൽ (1917-ൽ) പ്രസിദ്ധപ്പെടുത്തുകയുണ്ടായി, എന്നാൽ അർത്ഥഗ്രഹണത്തിൽ മഹാപണ്ഡിതന്മാർക്കുപോലും പ്രയാസമായിരുന്ന അതിലെ മണിപ്രവാളപദ്യങ്ങൾക്കു് – ഉദാഹരണപദ്യങ്ങൾക്ക് – ആരും ഒരു വ്യാഖ്യാനവും നൽകിയിരുന്നില്ല. 1105-ൽ ആറ്റൂരിൻ്റെ ലീലാതിലകത്തിനു് രണ്ടാംപതിപ്പുണ്ടായപ്പോഴും അതു വ്യാഖ്യാനരഹിതമായിരുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിലാണു –1115-ൽ – കെ. വി. എം. ലീലാതിലകംമൂലം വിവർത്തനം ചെയ്തു് എറണാകുളം വിശ്വനാഥപ്രസ്സിൽ നിന്നു പ്രസിദ്ധീകരിക്കുവാൻ പോകുന്നുണ്ടെന്ന് ഈ ലേഖകൻ അറിയുവാനിടയായതു്. വളരെ സന്തോഷത്തോടുകൂടി ആ വന്ദ്യസുഹൃത്തിനെ സമീപിച്ചു ലീലാതിലകത്തിലെ ഉദാഹരണപദ്യങ്ങൾക്ക് ഒരു വ്യാഖ്യാനവുംകൂടി ചേർത്തുകണ്ടാൽ കൊള്ളാമെന്നു് അദ്ദേഹത്തോടു് അഭ്യർത്ഥിക്കുകയുണ്ടായി. അദ്ദേഹം എൻ്റെ അഭ്യർത്ഥനയെ അപ്പോൾ ആദരിച്ചു സംസാരിക്കയും ചെയ്തു. പിന്നീടു കാണാനിടവന്ന സന്ദർഭങ്ങളിലും അക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ, പുസ്തകം പുറത്തുവന്നപ്പോൾ വ്യാഖ്യാനമൊന്നുമില്ലാതെയാണു കണ്ടതു്. കാരണം, സുവ്യക്തമല്ല. എങ്കിലും കുറെയൊക്കെ നമുക്കൂഹിക്കാവുന്നതേയുള്ളു. കെ. വി. എമ്മിൻ്റെ പരിഭാഷ പുറത്തുവന്നു നാലു കൊല്ലം കഴിഞ്ഞു് 1944-ൽ ആറ്റൂർ പ്രസിദ്ധപ്പെടുത്തിയ മൂന്നാം പതിപ്പിൽ ‘ഉന്മീലനം’ എന്നൊരു വ്യാഖ്യാനം ചേർത്തുകാണുകയുണ്ടായി. പക്ഷേ, ലീലാതിലകത്തിലെ പല ശ്ലോകങ്ങളുടേയും അർത്ഥഗ്രഹണത്തിനു് ആ വ്യാഖ്യാനം ഒട്ടും പര്യാപ്തമായിരുന്നില്ല. ഇങ്ങനെ കഴിയുന്ന ഒരു ഘട്ടത്തിലാണു്, 1121-ൽ, ശൂരനാട്ടു കുഞ്ഞൻപിള്ള ലീലാതിലകം പുനഃപ്രസാധനം ചെയ്തതു്. പ്രവേശകമെന്ന അവതാരിക, ഭാഷാനുവാദം. ‘കൈരളീതിലകം’ വ്യാഖ്യാനം, മൂലം എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ പ്രസിദ്ധീകരണം തന്നെയായിരുന്നു അതു്.