വിമർശനം
പ്രവേശകത്തിൽ, മലയാളഭാഷയുടെ ഉൽപത്തി, വളർച്ച മുതലായവയെപ്പറ്റി നിലവിലിരിക്കുന്ന പല പണ്ഡിതമതങ്ങളെയും വിശകലനം ചെയ്തു സ്വാഭിപ്രായം സ്ഥാപിക്കുന്നു. പ്രസ്തുത ഭാഗത്തു് അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള ഭാഷാശാസ്ത്രസിദ്ധാന്തപരിജ്ഞാനവും നിരൂപണനിപുണതയും ആരുടേയും അഭിനന്ദനങ്ങളെ അർഹിക്കുന്നവയാണു്. എന്നാൽ ആ പ്രസിദ്ധീകരണത്തിൽ മണിപ്രവാളപദ്യങ്ങൾക്കു നല്കിയിട്ടുള്ള വ്യാഖ്യാനഭാഗമാണു് ഈ ലേഖകനെ കൂടുതൽ ആമോദിപ്പിക്കുന്നതു്. അന്നുവരെ ദുർഗ്രഹങ്ങളും ദുസ്സാധങ്ങളുമായി തോന്നിയിരുന്ന അനേകമനേകം പദ്യങ്ങൾക്കു ഹൃദ്യവും സുഗ്രഹവുമായ രീതിയിൽ അദ്ദേഹം അതിൽ വ്യഖ്യാനം ചെയ്തിരിക്കുന്നു. ചിലതിൽ ചില വൈകല്യങ്ങൾ വന്നിട്ടുണ്ടായിരിക്കാം. പക്ഷേ, മറ്റാരും അതുവരെ പ്രവേശിക്കാൻ മടിച്ചിരുന്ന ഒരു കാന്താരത്തിനുള്ളിലാണു് അദ്ദേഹം കടന്നുചെന്ന് ഒരു രാജപാത വെട്ടിത്തെളിച്ചതെന്നു നാമോർക്കണം. തന്മൂലമാണു് പില്ക്കാലത്തു മറ്റു ചിലർക്ക്, ആ പഥം കൂടുതൽ ശോഭനവും വിസ്തൃതവുമാക്കിത്തീർക്കുവാൻ സാധിച്ചിട്ടുള്ളതെന്നുകൂടി നാമീയവസരത്തിൽ സ്മരിക്കേണ്ടതാണു്. ഒന്നാംപതിപ്പിനെപ്പറ്റി അതേവരെയുണ്ടായ ആക്ഷേപങ്ങൾക്കു സമാധാനം കൊടുക്കുന്ന പ്രസ്താവനയും, പദകോശവും മറ്റും ചേർത്തു നവീകരിച്ച രണ്ടാംപതിപ്പ് 1957-ൽ (1132) പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ഈ സന്ദർഭത്തിൽ പ്രസ്താവയോഗ്യമാകുന്നു.
കുഞ്ഞൻപിള്ളയുടെ തിരുമുൽക്കാഴ്ച തുടങ്ങിയ കൃതികളെപ്പറ്റി പ്രബന്ധപ്രസ്ഥാനത്തിൽ പരാമർശിക്കുന്നതാണു്.
