ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ഗുപ്തൻനായരുടെ നിരൂപണങ്ങൾ: സഹൃദയസമ്മതനായ ഒരു സാഹിത്യനിരൂപകനാണ് എസ്‌. ഗുപ്തൻ നായർ. സൂക്ഷ്മമായ പരിചിന്തനത്തിനുശേഷമേ ഏതഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കാറുള്ളു. ആത്മാർത്ഥത ഗുപ്തൻ നായരുടെ നിരൂപണത്തിൻ്റെ ഒരു പ്രത്യേകതയാണു്. തനിക്കു ശരിയല്ലെന്നു തോന്നുന്ന അഭിപ്രായങ്ങളെ പ്രീതിക്കുവേണ്ടി മറച്ചുവയ്ക്കുന്ന പതിവു് അദ്ദേഹത്തിനില്ല. ബഷീറിൻ്റെ ‘ശബ്ദങ്ങളെ’പ്പറ്റി അദ്ദേഹം എഴുതിയതു നോക്കുക: “ഇതു സാഹിത്യകൃതിയാണെങ്കിൽ ഞാൻ മഹാത്മാഗാന്ധിയാണു്. പൂരപ്പാട്ട് ഭഗവൽഗീതയാണു്”. സൗമ്യമെങ്കിലും ധീരമായ ശബ്ദങ്ങൾ! ധന്യാത്മകമാണു് അദ്ദേഹത്തിൻ്റെ വാക്കുകൾ. സാഹിത്യത്തിൻ്റെ വൈകാരികവും വൈചാരികവുമായ മണ്ഡലങ്ങളിൽ ഗുപ്തൻനായർ ഏറ്റവും ഉയർന്നു നിലകൊള്ളുകയാണു്. ഒരു വാചാലനെയല്ല ഒരു വാഗ്മിയെയാണു് അദ്ദേഹത്തിൻ്റെ നിരൂപണങ്ങളിൽ നാം കാണുന്നതു്. മനസ്സിലുള്ളതേതും തികട്ടി പേനത്തുമ്പിൽക്കൂടി കടലാസ്സിൽ പതിപ്പിക്കുന്ന ചില നിരൂപകമാന്യന്മാരുടെ വൈലക്ഷണ്യമൊന്നും ഗുപ്തൻനായരുടെ ലേഖനങ്ങളിൽ കാണുകയില്ല. വേണ്ടതു വേണ്ടതരത്തിൽ, അതും പരിമിതമായ രൂപത്തിൽ, അദ്ദേഹം നിർവ്വഹിച്ചുകൊള്ളും. അദ്ദേഹം പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ സർവ്വാദരണീയങ്ങളായിത്തിരുകയും ചെയ്യും. ആകൃതിയിൽ തെളിഞ്ഞുകാണുന്ന സൗകുമാര്യവും ലാളിത്യവും പ്രസാദവും അദ്ദേഹത്തിൻ്റെ ശൈലിയിലും പ്രകടമാണു്. ജി. ശങ്കരക്കുറുപ്പിൻ്റെ ഓടക്കുഴലിനു് ഗുപ്തൻ നായർ എഴുതിയിട്ടുള്ള അവതാരിക നോക്കുക. കുറുപ്പിൻ്റെ കവിതകളുടെ സമഗ്രമായ ഒരു നിരൂപണമാണതു്. ശങ്കരക്കുറുപ്പിനെ ആധുനിക യുഗത്തിലെ ‘ഏറ്റവും ശ്രദ്ധേയനായ ഒരു കവി’യാക്കിത്തീർത്തത് ആ നിരൂപണമാണു്. ആധുനിക സാഹിത്യം, സമാലോചന, ക്രാന്തദർശികൾ എന്നിവയാണു് ഈ നിരൂപകൻ്റെ പ്രധാനകൃതികൾ.