ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ആധുനികസാഹിത്യം: മനുഷ്യപുരോഗതിയും സാഹിത്യവും, ആദർശങ്ങളുടെ സംഘട്ടനം, സാഹിത്യകാരൻ്റെ സ്വാതന്ത്ര്യം, ഭാവവും രൂപവും, കലയും സാമാന്യജനങ്ങളും എന്നു തുടങ്ങിയ പതിനൊന്നു വിമർശനോപന്യാസങ്ങളാണു് ഇതിലുള്ളതു്. നലംതികഞ്ഞ നിരൂപണങ്ങൾ എന്നേ ഇവയെപ്പറ്റി പറയേണ്ടതുള്ളു.

ക്രാന്തദർശികൾ: ബർനാഡ്ഷാ, ഇബ്‌സൻ തുടങ്ങിയ അന്തർദ്ദർശനചതുരന്മാരായ ആറു മഹാന്മാരുടെ ജീവചരിത്രങ്ങളും കൃതികളുടെ പഠനവുമാണ് ക്രാന്തദർശികളിൽ ഉള്ളതു്. കലാസുഭഗമാണു് ഇതിലെ നിരൂപണങ്ങൾ. നിരൂപകൻ്റെ വ്യാപകവും സൂക്ഷ്മവുമായ വിജ്ഞാനത്തിൻ്റെ സുവർണ്ണരശ്മികൾ ഈ നിരൂപണങ്ങളിൽ ഉടനീളം തെളിഞ്ഞു മിന്നുന്നതു കാണാം. ഗുപ്തൻനായരുടെ നിരൂപണങ്ങൾ നമ്മുടെ വിമർശന സാഹിത്യത്തിനു വിലപിടിച്ച സംഭാവനകൾ തന്നെയാണു്

സമാലോചന: ‘ആധുനികസാഹിത്യ’ത്തെപ്പോലെയുള്ള ഏതാനും നല്ല വിമർശനങ്ങളുടെ സമാഹാരമാണു്.

കെ. എം. ജോർജ്ജിൻ്റെ കൃതികൾ: മുന്തിരിച്ചാറ്: ആശാൻ, വള്ളത്തോൾ, നാലപ്പാടൻ തുടങ്ങിയ കവികളുടെ പ്രസിദ്ധ കൃതികളിൽ ചിലതിൻ്റെ നിരൂപണങ്ങളാണു് ഡോക്ടർ കെ. എം. ജോർ‌ജ്ജിൻ്റെ ‘മുന്തിരിച്ചാറി’ൽ ഉള്ളതു്. ‘പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കി’ എന്ന പ്രബന്ധം മഗ്ദലനമറിയത്തിൻ്റെ ഒരാസ്വാദനമാണു്. കണ്ണുനീർത്തുള്ളിയുടെ കലാമൂല്യങ്ങളാണു ‘നാലപ്പാടൻ്റെ വീണപൂവു്” ആശാൻ്റെ നായികമാർ എന്ന ലേഖനത്തിൽ നളിനി, ലീല, വാസവദത്ത എന്നീ മൂന്നു കഥാപാത്രങ്ങളെ വിമർശിക്കുന്നു. വ്യാഴവട്ടസ്മരണകൾ, രമണൻ, സി. വി. രാമൻപിള്ള എന്നീ കൃതികളുടെ നിരൂപണങ്ങളാണു മറ്റു ചിലതു്’. ‘എന്നെ ഏറ്റവും സ്പർശിച്ച ഗ്രന്ഥം’ എന്ന ലേഖനത്തിൽ ടാഗോറിൻ്റെ ‘ചിത്ര’ എന്ന നാടകത്തിൻ്റെ ഒരാസ്വാദനമടങ്ങിയിരിക്കുന്നു. കലാപരമായ മൂല്യം നിർണ്ണയിച്ചുകൊണ്ടുള്ള ശ്രീ ജോർജ്ജിൻ്റെ നിരൂപണങ്ങൾ നമ്മുടെ നിരൂപണശാഖയ്ക്കു ഗണ്യമായ ഒരു നേട്ടംതന്നെ.

വിചാരകൗതുകം: ജോർജ്ജിൻ്റെ മറ്റൊരു നിരൂപണകൃതിയത്രെ. നമ്മുടെ പഴഞ്ചൊല്ലുകൾ, ലിപിപരിഷ്കാരം എന്നിങ്ങനെയുള്ള 12 പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പൊതുവെ സൃഷ്ടിപരമാണു് ജോർജ്ജിൻ്റെ നിരൂപണങ്ങൾ.

വളരുന്ന കൈരളി: സാഹിത്യ വിദ്യാർത്ഥികളുടെ ഭാഷാപഠനത്തിനു് ഏറ്റവും പ്രയോജനപ്പെടുന്ന 12 പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു