വിമർശനം
ജീവചരിത്രസാഹിത്യം: കവിത, നോവൽ, ചെറുകഥ, നാടകം എന്നിങ്ങനെയുള്ള സാഹിത്യ വിഭാഗങ്ങൾക്കേ മലയാളത്തിൽ വിസ്തൃത നിരൂപണങ്ങൾ ഉണ്ടായിട്ടുള്ളു. ജീവചരിത്രത്തെ സാഹിത്യത്തിൽ ഉൾപ്പെടുത്തി പരിശോധിക്കാറുണ്ടെങ്കിലും വിസ്തൃതമായ നിരൂപണങ്ങൾക്ക് അത് അധികം വിധേയമായിട്ടില്ല. ആ ന്യൂനതയെ പരിഹരിക്കാൻപോരുന്ന ഒന്നാണു്, ഡോക്ടർ കെ. എം. ജോർജ്ജിൻ്റെ ‘ജീവചരി ത്രസാഹിത്യം’ എന്ന ഈ അഭിനവകൃതി. 14 അദ്ധ്യായങ്ങളുള്ള പ്രസ്തുത കൃതിയിൽ, ജീവചരിത്രത്തിൻ്റെ സാമാന്യസ്വരൂപമാണ് ഒന്നാമദ്ധ്യായത്തിൽ വിവരിക്കുന്നതു്. ജീവചരിത്രത്തിൻ്റെ പൂർവ്വരൂപങ്ങൾ മുതൽ ആധുനികഘട്ടം വരെയുള്ള അതിൻ്റെ ക്രമികമായ വികാസചരിത്രം സാമാന്യം വിസ്തരിച്ചു പ്രതിപാദിക്കുകയും, ജോൺസനും, ബോസ്വെലും. ആന്ദ്രേമാർവാ, എമിൽലഡ്വിഗ് തുടങ്ങിയ പ്രമുഖ പാശ്ചാത്യ ജീവചരിത്ര സാഹിത്യകാരന്മാരുടെ കൃതികളെ അപഗ്രഥിച്ചു ചർച്ച ചെയ്യുകയുമാണു് തുടർന്നുള്ള എട്ടദ്ധ്യായങ്ങളിൽ. മലയാളത്തിലെ ജീവചരിത്ര സാഹിത്യത്തെക്കുറിച്ചുള്ള വിചിന്തനം അടുത്ത അദ്ധ്യായത്തിൽ ആരംഭിക്കുന്നു. 10 മുതൽ 12 വരെയുള്ള മൂന്നദ്ധ്യായങ്ങളിൽ നമ്മുടെ ജീവചരിത്രകാരന്മാരെക്കുറിച്ചും, ഗണനീയങ്ങളായ ചില ജീവചരിത്രങ്ങളെക്കുറിച്ചും ശ്രദ്ധേയമായി നിരൂപണം ചെയ്യുന്നു.
13-ാ മദ്ധ്യായത്തിൽ ജീവചരിത്രത്തിൻ്റെതന്നെ മറ്റൊരു രൂപമായ ആത്മകഥയുടെ സാമാന്യസ്വരൂപം നിരൂപണം ചെയ്യുന്നു. മലയാള ഭാഷയിലെ ആത്മകഥകളെപ്പറ്റി മിതമായും ഹിതമായും ചെയ്തിട്ടുള്ള നിരൂപണമാണു ഒടുവിലത്തെ അദ്ധ്യായത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. ശാസ്ത്രീയവും വിശാലവുമായ ഒരു വീക്ഷണഗതി ഈ നിരൂപണ ഗ്രന്ഥത്തിൽ ആപാദചൂഡം നിഴലിച്ചുകാണാം. ജീവചരിത്രസാഹിത്യത്തിലെ ഒരു വിഭാഗംതന്നെയായ തൂലികാചിത്രങ്ങളെക്കൂടി ഗ്രന്ഥത്തിൻ്റെ പൂർണ്ണതയ്ക്ക് ഇതിൽ പരാമർശിക്കാമായിരുന്നു എന്നു ചിലർക്കു തോന്നിയേക്കാം. അതെന്തായാലും കാലതത്ത്വപ്രബോധകമായ ജീവചരിത്ര സാഹിത്യമെന്ന ഈ നിരൂപണഗ്രന്ഥം, മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള ശാസ്ത്രീയഗ്രന്ഥങ്ങളിൽ എണ്ണപ്പെട്ട ഒന്നായും കണക്കാക്കാവുന്നതാണു്.
