വിമർശനം
ഡോക്ടർ ഭാസ്‌കരൻനായരുടെ കൃതികൾ: ശാസ്ത്ര ഗ്രന്ഥങ്ങളുടെ നിർമ്മാതാവെന്ന നിലയിലാണ് ഡോക്ടർ കെ. ഭാസ്ക്‌കരൻനായരെ സാഹിത്യലോകം കൂടുതൽ അറിയുന്നതു്. അത്തരം ഗ്രന്ഥങ്ങളുടെ പ്രഭാപ്രസരത്തിൽ അദ്ദേഹത്തിലെ സാഹിത്യനിരൂപകനെ നാം തല്ക്കാലം മറന്നിരിക്കുന്നുവെന്നേയുള്ളൂ. ധന്യവാദം, ദൈവനീതിക്കു ദാക്ഷിണ്യമില്ല, കലയും കാലവും, സംസ്‌കാരലോചനം എന്നീ കൃതികൾ അദ്ദേഹത്തിൻ്റെ വിമർശന വൈദഗ്ദ്ധ്യത്തെ വിളംബരം ചെയ്യുന്നവയാണു്.
ദൈവനീതിക്കു ദാക്ഷിണ്യമില്ല: ഏകദേശം കാൽനൂറ്റാണ്ടുമുമ്പു മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ഏതാനും ലക്കങ്ങളിൽ സി. വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികകളെക്കുറിച്ചു് എഴുതിയിരുന്ന അഞ്ചു ലേഖനങ്ങളുടെ സമാഹാരമാണു് പ്രസ്തുത കൃതി. മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ എന്നീ കൃതികളെക്കുറിച്ചുള്ള വിമർശനങ്ങളാണവ. ഓരോന്നും പഠനാർഹങ്ങളാണു്. ഉപസംഹാരം എന്ന ഒടുവിലത്തെ പ്രബന്ധം ഏറ്റവും ശ്രദ്ധേയമായിത്തോന്നുന്നു. “ഈ ചരിത്രാഖ്യായികകളുടെ അടിസ്ഥാനതത്ത്വങ്ങളേയും അവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആദ്ധ്യാത്മികമൂല്യങ്ങളേയും ഈ നീണ്ട കഥയിലൂടെ സി. വി. രാമൻ പിള്ള നമുക്കു നല്കുന്ന സന്ദേശത്തേയും, പ്രപഞ്ചഗതിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉപദേശങ്ങളേയും പറ്റി”യാണു് ഉപസംഹാരത്തിൽ വിചിന്തനം ചെയ്യുന്നത്. ഗ്രന്ഥത്തിൻ്റെ നാമധേയം ശ്രവണമാത്രയിൽ അപ്രസക്തമായിത്തോന്നിപ്പോകാം. എന്നാൽ വാസ്തവം അങ്ങനെയല്ല. രാമരാജബഹദൂറിൽ കേശവനുണ്ണിത്താൻ എന്ന കഥാപാത്രം കേശവപിള്ള ദിവാൻജിയോടു പറയുന്ന ചില വാക്കുകളാണത്. ആ വാക്കുകളുടെ പൊരുളാണു് യഥാർത്ഥത്തിൽ ഉപസംഹാരത്തിൽ വിശദീകരിക്കുന്നതും. ഇതിൽനിന്നു ഗ്രന്ഥനാമത്തിൻ്റെ അന്വർത്ഥത സ്പഷ്ടമാണല്ലോ.
