വിമർശനം
ഉണ്ണുനീലിസന്ദേശം – ചരിത്രദൃഷ്ടിയിൽക്കൂടി: മലയാള ഭാഷയിൽ നമുക്കു ലഭിച്ചിട്ടുള്ള സന്ദേശകാവ്യങ്ങളിൽ പഴക്കവും പ്രാധാന്യവുമേറിയ ഒന്നാണു് ഉണ്ണുനീലിസന്ദേശം. പ്രസ്തുത സന്ദേശത്തെ ആസ്പദമാക്കി ഒട്ടേറെ ഒച്ചപ്പാടുകൾ സാഹിത്യലോകത്തിൽ ഉണ്ടായിട്ടുണ്ടു്. കവി, നായകൻ, സന്ദേശഹരൻ, നായിക, കാവ്യനിർമ്മാണകാലം എന്നിവയെ സംബന്ധിച്ച അഭിപ്രായഭേദങ്ങളാണു് ഈ ഒച്ചപ്പാടുകളിലെല്ലാം അടങ്ങിയിട്ടുള്ളതു്. രണ്ടു വ്യാഴവട്ടത്തോളമായി തൽസംബന്ധമായി വലിയ കോലാഹലമൊന്നുമില്ലാതെ കഴിഞ്ഞുകൂടുകയായിരുന്നു. ഈ അടുത്തകാലത്തു സാഹിത്യഗവേഷകന്മാരിൽ ചിലരുടെ ശ്രദ്ധ അതിൽ വീണ്ടും ചെന്നുചേരുകയായി. അങ്ങനെയുള്ള ശ്രദ്ധയുടെ –ശ്രമത്തിൻ്റെ –ഫലമായി, ഇളംകുളം കുഞ്ഞൻപിള്ള പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥത്തിൻ്റെ നാമധേയമാണ് മുകളിൽ കുറിച്ചിട്ടുള്ളതു്.
കാവ്യത്തിൽ പരാമൃഷ്ടമായ പല അംശങ്ങളേയും അധികരിച്ചു വിദഗ്ദമായ അന്വേഷണം നടത്തി എഴുതിയിട്ടുള്ള ഏതാനും നല്ല പ്രബന്ധങ്ങളാണു് ഇതിലെ ഉള്ളടക്കം. തുലുക്കൻപട, സർവ്വാംഗനാഥൻ, സംഗ്രാമ ധീരൻ, ഉണ്ണുനീലിസന്ദേശത്തിൻ്റെ കാലം ചരിത്രദൃഷ്ട്യാ, പനങ്കാവിൽ കൊട്ടാരം, ഉണ്ണുനീലിയുടെ പിറകെ, ഇവയാണ് പ്രബന്ധങ്ങൾ. ആറ്റൂരിൻ്റെ ഉണ്ണുനീലിസന്ദേശവ്യാഖ്യാനത്തിൽ വന്നുപോയിട്ടുള്ള ചില തെറ്റുകളെ തിരുത്തിക്കൊണ്ടുള്ള ഒരു അനുബന്ധവും ഒടുവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ഗ്രന്ഥകാരൻ്റെ ഗവേഷണകുശലത ഇതിലെ ഓരോ പ്രബന്ധത്തിലും തെളിഞ്ഞുകാണാം. ‘തിരുവനന്തപുരത്തുനിന്നു കടുത്തുരുത്തിയിലേക്ക്’ എന്നൊരു ലേഖനം 1954 ഫെബ്രുവരി 7-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ഈയവസരത്തിൽ പ്രസ്താവയോഗ്യമാകുന്നു. സന്ദേശഹരനായ ആദിത്യവർമ്മ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് കടുത്തുരുത്തിയിൽ എത്തുന്നതുവരെയുള്ള പൂർവ്വസന്ദേശത്തിലെ മാർഗ്ഗവിവരണം നിഷ്കൃഷ്ടമായി പരിശോധിക്കുകയാണു് അതിൽ ചെയ്തിട്ടുള്ളതു്. ഇന്ന് പ്രസാധനം ചെയ്തിട്ടുള്ള ഉണ്ണുനീലിസന്ദേശകൃതികളിൽ ചില അപഭ്രംശങ്ങൾ ഉണ്ടെന്നുള്ളതു് നിസ്സംശയമാണു്. അടുത്തകാലത്തു് ഉള്ളൂരിൻ്റെ ഗ്രന്ഥശേഖരത്തിൽനിന്നു് ശ്രീ ശൂരനാടൻ സമ്പാദിച്ച ഒരു പ്രാചീന മാതൃകയെ ആസ്പദമാക്കി, മുദ്രിതപാഠങ്ങളിലെ ചില തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാണിക്കയുണ്ടായിട്ടുണ്ട്. “മന്നിൽ തെങ്ങും പടയൊറ കടന്നീടുകെൻ പോറ്റി പിന്നെ” എന്ന മുദ്രിതപാഠത്തിനു “മന്നിൽ പൊങ്ങും പടയൊടു കടന്നീടു കൻ്റേററി പിന്നെ” എന്ന പാഠമാണു് ഗ്രന്ഥത്തിലുള്ളതെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിൽ വേണാടിൻ്റെ വടക്കെ അതിരായ ‘കന്നേറ്റി’യിൽ പ്രവേശിക്കുന്നതിനുപകരം, നിഷ്പ്രയോജനമായി പടയൊറ അന്വേഷിക്കേണ്ടതായും മറ്റും വന്നുകൂടുകയില്ലല്ലോ? ഉള്ളൂരിൻ്റെ കേരളസാഹിത്യ ചരിത്രത്തിൽ ‘കൻ്റേററി’ എന്ന പാഠഭേദം അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ടു്. അതിനെ ആസ്പദമാക്കി ഇളംങ്കുളം, മാതൃഭൂമിയിലെ ലേഖനത്തിൽ പടയൊറയ്ക്കു പകരം കന്നേറ്റി കൈക്കൊണ്ടിട്ടുള്ളതു് അഭിനന്ദനീയമാണു്.
