വിമർശനം
സന്ദേശത്തിൻ്റെ കാലം കൊല്ലവർഷം 490 എന്നു് ആറ്റൂരും, 549 എന്നു് ഉള്ളൂരും വാദിക്കുമ്പോൾ, ഇളങ്കുളമാകട്ടെ, ഇക്കാര്യത്തിൽ ആ രണ്ടുപേർക്കും പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിച്ച്, ചരിത്രപ്രകാരവും ജ്യോതിശ്ശാസ്ത്ര പ്രകാരവും അതു് 537 മേടം 6-ാംതീയതി വ്യാഴാഴ്ചയാകാനേ തരമുള്ളു എന്നു് സയുക്തികം സമർത്ഥിച്ചിരിക്കുന്നു. ആറ്റൂർ, ഉള്ളൂർ, പി. കെ., നാരായണപ്പണിക്കർ, എൻ. ഗോപാലപിള്ള മുതലായവരെല്ലാം ഉണ്ണുനീലിസന്ദേശത്തിൻ്റെ കാലം നിർണ്ണയിക്കുന്ന വിഷയത്തിൽ, ഇളംകുളത്തിൻ്റെ അഭിപ്രായപ്രകാരം, പ്രമാദം പറ്റിയവരാണെങ്കിലും, ഇവരിൽ ഉള്ളൂരിനെപ്പറ്റി പറയുന്ന സ്ഥലത്തുമാത്രം ഗ്രന്ഥകത്താവിൻ്റെ ഭാഷ അല്പം പരുഷമായിത്തീരുന്നതായി കാണുന്നുണ്ടു്. ‘വിജ്ഞാന ദീപിക’ ഒന്നാംഭാഗത്തിലെ ‘ഉണ്ണുനീലി സന്ദേശം’ എന്ന ലേഖനത്തിൽ, “1091 മേടം എന്നു് അച്ചടിച്ചിരിക്കുന്നതു് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണു്” എന്നുപോലും ഇളംകുളം പറയുന്നു (പേജ് 81). മഹാകവി തീയതി കളവായി കാണിച്ചു എന്നാണല്ലോ ഇതിൻ്റെഅർത്ഥം. എന്നാൽ, 1091 മേടം ലക്കം ‘ഭാഷാപോഷിണി’യിൽ ഉള്ളൂരിൻ്റെ ആ ലേഖനം അതുപോലെ അച്ചടിച്ചിട്ടുണ്ടെന്നുള്ളതാണു് പരമാർത്ഥം. ഇളംകുളത്തെപ്പോലെയുള്ള ആളുകൾ ഇത്തരം ഗുരുതരങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുൻപു് അക്കാര്യത്തിലും ഒരു ചെറിയ ഗവേഷണം നടത്തുന്നതു നന്നായിരിക്കയില്ലേ?
ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ: മലയാളത്തിൻ്റെ പിറവി, ചെന്തമിഴോ കൊടുന്തമിഴോ, വൈശികതന്ത്രം, ഉണ്ണിയച്ചീ ചരിതം, ചെറിയച്ചി, കോകസന്ദേശം, ചന്ദ്രോത്സവം, ലീലാതിലകം, ഇകലിൽ വെൻറി വിളയും, മലയാളകവിത നൂറ്റാണ്ടുകളിലൂടെ, രണ്ടു ഭാഷാപദങ്ങൾ, ഗവേഷണവും താളിയോലഗ്രന്ഥങ്ങളും, കേരളസാഹിത്യചരിത്രം എന്നിങ്ങനെയുള്ള പതിമൂന്നു പ്രബന്ധങ്ങളാണു് ഇതിലെ ഉള്ളടക്കം. നൂറ്റാണ്ടുകളിൽക്കൂടി കടന്നുപോകുമ്പോൾ ഭാഷയ്ക്കും സാഹിത്യത്തിനും എന്തെന്തു വികാസങ്ങളും പരിണാമങ്ങളുമാണു് സംഭവിച്ചിട്ടുള്ളതെന്നു ഗവേഷണം ചെയ്തു ചില നിഗമനങ്ങളിൽ എത്തുവാൻ ഈ പ്രബന്ധങ്ങൾവഴി കുഞ്ഞൻപിള്ള ശ്രമിച്ചിട്ടുണ്ടു്.
