ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ലീലാതിലകം തുടങ്ങിയവ: ലീലാതിലകം, ഉണ്ണുനീലിസന്ദേശം, കോകസന്ദേശം, ചന്ദ്രോത്സവം മുതലായവയുടെ നിരൂപണപരമായ വ്യാഖ്യാനങ്ങൾ വിമർശനശാഖയിൽ വിലപ്പെട്ട കൃതികളാണു്. പല പ്രാചീനപദങ്ങളുടേയും പ്രയോഗങ്ങളുടേയും അർത്ഥം ഗ്രഹിക്കുവാൻ ഈ വ്യാഖ്യാനങ്ങൾ ഉത്തമ സഹായകങ്ങളത്രെ.

ഗോവിന്ദൻകുട്ടിനായരുടെ നിരൂപണങ്ങൾ: ജി. കെ. എൻ. എന്ന മൂന്നക്ഷരങ്ങളിൽ സുവിദിതനായിട്ടുള്ള ഒരു പ്രശസ്ത നിരൂപകനാണു് ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായർ. ‘ശാകല്യൻ’ എന്നു തുടങ്ങിയ മറ്റു ചില പേരുകളിലും അദ്ദേഹം ലേഖനങ്ങളും നിരൂപണങ്ങളുമെഴുതാറുണ്ടു്. സാഹിത്യത്തിൻ്റെ ഏതു തുറകളിലും വിഹരിക്കുവാൻ മതിയായ ശക്തിർന്നിപുണതാദികൾ അദ്ദേഹത്തിനുണ്ട്. ജി. കെ. എൻ. ൻ്റെ നിരൂപണലേഖനങ്ങൾകൊണ്ട് അലങ്കരിക്കപ്പെടാത്ത ആനുകാലിക പ്രസിദ്ധീകരണങ്ങൾ കേരളക്കരയിൽ അധികമുണ്ടെന്നു തോന്നുന്നില്ല. ഗോവിന്ദൻകുട്ടിനായരെപ്പോലെ ഇത്രയധികം നിരൂപണങ്ങൾ പതിവായി എഴുതിക്കൊണ്ടിരിക്കുന്നവരും കേരളത്തിൽ അധികം കാണുകയില്ല. അദ്ദേഹത്തിൻ്റെ വിമർശനങ്ങളാകട്ടെ, വ്യാപകമായ അറിവിൻ്റേയും ചിന്തയുടെയും പ്രകാശനങ്ങളുമാണു്. നിരൂപണം ചെയ്യുന്ന കൃതിയെപ്പറ്റിയല്ലാതെ ആ കൃതിയുടെ ഉടമസ്ഥൻ്റെ ജാതിമത വർഗ്ഗാദികളെപ്പറ്റിയുള്ള ചിന്ത ഗോവിന്ദൻകുട്ടിനായരിൽ കാണുകയില്ല. നമ്മുടെ പല നിരൂപകന്മാരിലും വളരെ കുറവായി കാണുന്ന ഒരു വിശിഷ്ട ഗുണമാണിതു്. താൻ ഒരു വിമർശകനാണെന്നുള്ള അഹന്തയോടുകൂടി എന്തും പറഞ്ഞുകളയാമെന്നുള്ള ധാർഷ്ട്യവും ഈ നിരൂപകനെ സ്പർശിച്ചിട്ടില്ല. ആളുനോക്കിയും കോളുലാക്കാക്കിയും നിരൂപണം ചെയ്യുവാൻ അദ്ദേഹം പഠിച്ചിട്ടില്ല. സമചിത്തതയും നിഷ്പക്ഷതയും അദ്ദേഹത്തിൻ്റെ നിരൂപണങ്ങളുടെ മുഖ്യധർമ്മങ്ങളാണു്. ദോഷപ്രഖ്യാപനം ഉണ്ടാകുമെങ്കിലും അതു സംസ്‌കാരത്തിൻ്റേതായ ഒരു നിലവാരത്തിലേ നാം കാണുകയുള്ളു. വസ്തുനിഷ്ഠവും സൃഷ്ടിപരവുമാണ് അദ്ദേഹത്തിൻ്റെ നിരൂപണങ്ങൾ. കാവ്യാസ്വാദനം, വിശ്വകാന്തി, വിചാരദീപ്തി, വിചാരധാര, ആധുനിക മലയാളസാഹിത്യം, ഭാഷയും ഗവേഷണവും, രൂപരേഖ, സാഹിത്യസഞ്ചാരം എന്നിവയാണു് പ്രസിദ്ധീകൃതമായിത്തീർന്നിട്ടുള്ള സമാഹാര ഗ്രന്ഥങ്ങൾ.