വിമർശനം
വിമർശനം മലയാളത്തിൽ: കുട്ടിക്കൃഷ്ണമാരാരുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചു ജോസഫ് മുണ്ടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട്ടുവച്ചു നടന്ന വിമർശന ചർച്ചയിൽ അവതരിപ്പിച്ച എട്ടു പ്രബന്ധങ്ങളുടെ സമാഹാരമാണു് പ്രസ്തുത കൃതി. ഇന്നത്തെ തലയെടുപ്പുള്ള വിമർശകന്മാരത്രെ പ്രബന്ധകാരന്മാർ. അഭിപ്രായ സംഘട്ടനത്തിൻ്റെ മന്ത്രധ്വനി ഓരോന്നിലും മുഴങ്ങിക്കേൾക്കാമെങ്കിലും നമ്മുടെ നിരൂപണ ശാഖയ്ക്കു വിലപ്പെട്ട ഒരു കൃതിതന്നെയാണിതു്.
രാജമാർഗ്ഗം: വിദ്വാൻ എൻ. കോയിത്തട്ടയുടെ ഒരു വിമർശന സമാഹാരമാണിതു്. കലാശില്പം, ജീവിതവിമർശനം, ജീവിതസന്ദേശം, ഉല്ലേഖഗായകത്വം, ഭക്തിദീപികയുടെ ആസ്വാദനം, ഉള്ളൂരിൻ്റെ വിമർശകന്മാർക്കുള്ള മറുപടി എന്നിങ്ങനെ ഉള്ളൂർക്കവിതകളുടെ ഉള്ളിലേക്കു കടന്നുചെല്ലുവാനുള്ള രാജമാർഗ്ഗം വെട്ടിത്തുറന്നിരിക്കയാണിതിൽ. കോയിത്തട്ടയുടെ മറ്റൊരു വിമർശന സമാഹാരമാണു് ‘പ്രഭാമണ്ഡലം.’ അതിൽ കോട്ടയം കഥകൾ, ലീലാകാവ്യവും അതിലെ മൃതിപ്രസ്താവങ്ങളും (ഉള്ളൂരിൻ്റെ), മൂന്നു പ്രതിരൂപാത്മക കവിതകൾ എന്നീ പ്രബന്ധങ്ങൾ നിബന്ധിച്ചിരിക്കുന്നു. മൂന്നു മഹാകവികളുടെയും പ്രതിഭാപ്രകാശത്തിൻ്റെ പരിസ്‌ഫുരണങ്ങൾ പ്രഭാമണ്ഡലത്തിൽ നിറഞ്ഞു കാണാം.
കവിതയിലേക്കൊരു കൈത്തിരി: നല്ലൊരു വിമർശകനെന്നനിലയിൽ ഉയർന്നുവരുന്ന ഒരു കലാകാരനാണു് എ. പി. പി. നമ്പൂതിരി. ‘കവിതയിലേക്കൊരു കൈത്തിരി’ അദ്ദേഹത്തിൻ്റെ വിമർശന സമാഹാരങ്ങളിൽ മുഖ്യമായ ഒന്നത്രേ. സമാഹാരത്തിലെ പ്രതിപാദ്യവിഷയങ്ങൾ വിസ്തൃത പഠനങ്ങൾ, ലഘുപഠനങ്ങൾ, കവിതയെപ്പറ്റി ചില ചിന്തകൾ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. വിസ്‌തൃതപഠനങ്ങളിൽ, കവിതാസങ്കല്പം – മലയാളത്തിൽ, മലയാളകവികളുടെ ജീവിതദർശനങ്ങൾ, പ്രകൃതി – മലയാള കവിതയിൽ, മലയാള കവികളും പ്രേമസങ്കല്പങ്ങളും, ആധുനിക മലയാള കവിതയിലേക്ക് ഒരു കൈത്തിരി എന്നീ വിഷയങ്ങളാണു് അടങ്ങിയിട്ടുള്ളതു്. ഭാഷയിലെ ഭാവഗീതങ്ങൾ, ശ്രീനാരായണഗുരുവും മലയാള കവിതയും, മലയാളത്തിലെ ‘ഇൻ്റർനാഷനലിസ്‌റ്റു’ കവികൾ ഇവ ലഘുപഠനങ്ങളിൽ ഉൾപ്പെടുന്നു. കവിതാസ്വാദനം, കവിതയുടെ പ്രചാരലുപ്തത, ഭാഷാകവികളും പദവാക്യഛന്ദോലങ്കാരവ്യുൽപത്തിയും എന്നീ പ്രബന്ധങ്ങൾ മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവയാണു്. കവിതാസങ്കല്പം മലയാളത്തിൽ എന്ന ആദ്യ പ്രബന്ധത്തിൽ, മലയാളത്തിലെ കവിതാ സങ്കല്പം ഏതെല്ലാം ദശകൾ കടന്നാണു് ഇന്നത്തെ സ്ഥിതിയിൽ എത്തിയിട്ടുള്ളതെന്നു പരിശോധിക്കുകയാണ് മുഖ്യമായും ചെയ്തിട്ടുള്ളതു്. ഈ സമാഹാരത്തിൻ്റെ ശീർഷകമായ കൈത്തിരിയിൽ, 1951-നു ശേഷം മലയാള കവിതയിൽ ഒരു പുതിയ യുഗം ആരംഭിക്കുന്നുവെന്നും, പ്രതിപാദ്യത്തിൽ വന്ന മാറ്റമാണ് അതിനു മുമ്പുള്ള കവിതയിൽനിന്ന് ഇക്കാലത്തെ കവിതയെ വ്യാവർത്തിപ്പിക്കുന്നതെന്നും മറ്റുമുള്ള വസ്തുതകൾ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. പൊതുവെ എല്ലാ പ്രബന്ധങ്ങളും പാഠനാർഹങ്ങൾ തന്നെ.
തിരമാല, നീരുറവുകൾ എന്നിവയാണു് മറ്റു സമാഹാരങ്ങൾ.
