വിമർശനം
കൊടുപ്പുന്ന: പണ്ഡിതനായ ഒരു വിമർശകനാണു് കൊടപ്പുന്ന ഗോവിന്ദഗണകൻ. അദ്ദേഹത്തിൻ്റെ ‘ഗോപുരം’ നല്ലൊരു നിരൂപണ ഗ്രന്ഥമത്രെ. സ്വപ്നത്തിൻ്റെ നാടകം എന്ന പ്രബന്ധത്തിൽ, സ്വപ്നവാസവദത്തത്തിൻ്റെ മേന്മയെ വിശദീകരിക്കുന്നു. ‘മനുഷ്യനായ കവി’യിൽ, വാല്മീകിയെപ്പറ്റിയാണു് വിചിന്തനം ചെയ്യുന്നതു്. മനുഷ്യൻ മൃഗത്വത്തിൽനിന്നുയർന്ന – മനസ്സിനെ കേന്ദ്രമാക്കി സംഭവിക്കുന്ന പരിവർത്തനത്തിനു വിധേയനായ – കഥയാണു്, കിരാതൻ വാല്മീകിയായ കഥയെന്നു സമർത്ഥിക്കുന്നു അതിൽ. ഒരു കാമലേഖനം തുടങ്ങിയ പ്രബന്ധങ്ങളും ശ്രദ്ധേയങ്ങളാണു്. കൊടുപ്പുന്നയുടെ സംസ്കൃത സാഹിത്യ പരിചയവും, സമ്പാദിച്ച അറിവിൻ്റെ മൂല്യം നിർണ്ണയിക്കാനുള്ള പടുത്വവുമാണ് ഇതിലെ വിമർശനങ്ങളിൽ തെളിഞ്ഞുനില്ക്കുന്നതു്. വിചാരശൈലി ഇദ്ദേഹത്തിൻ്റെ മറ്റൊരു കൃതിയാണ്.
എം. കൃഷ്ണൻനായർ: അടുത്തകാലത്തു വിമർശനരംഗത്തു വളരെ ശ്രദ്ധേയനായിത്തീർന്നിട്ടുള്ള ഒരു തൂലികാവിദഗ്ദ്ധനാണു് എം. കൃഷ്ണൻ നായൻ എം. എ. ശരിയെന്നു തനിക്കു തോന്നിയ ഏതഭിപ്രായവും ആരുടേയും രസനീരസങ്ങൾ നോക്കാതെതന്നെ തുറന്നുപറയുവാൻ മടിക്കാത്ത ഒരു ധീരവിമർശകനാണദ്ദേഹം. യുക്തിപ്രദർശനത്തോടുകൂടി സ്വാഭിപ്രായങ്ങൾ ഊർജ്ജസ്വലമായ ശൈലിയിൽ സ്ഥാപിക്കുന്നതു കാണുമ്പോൾ ഭിന്നാഭിപ്രായമുള്ളവർപോലും തൽക്കാലം തലകുലുക്കിപ്പോകാതിരിക്കുകയില്ല. കൃഷ്ണൻനായർ അപ്പോഴപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പതിനൊന്നു വിമർശനോപന്യാസങ്ങളുടെ സമഹാരമാണു് ‘ആധുനിക മലയാള കവിത’. ദുരവസ്ഥയെപ്പറ്റി പ്രതിപാദിക്കുമ്പോൾ, അതിൻ്റെ അവസാനത്തിലുള്ള ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന അംശത്തിൻ്റെ മഹനീയതയെ പലരും പ്രത്യേകം പ്രശംസിക്കാറുണ്ടല്ലോ. അതിനോടുള്ള ഒരു എതിർപ്പാണു് മാറ്റുവിൻ ചട്ടങ്ങളെ എന്ന ഇതിലെ ഒന്നാമത്തെ ലേഖനത്തിൽ. വിമർശകൻ്റെ വാക്യംതന്നെ ഇവിടെ ഉദ്ധരിക്കാം: “വികാരഭാരംകൊണ്ടു നമ്രസുന്ദരങ്ങളായി നില്ക്കുന്ന ചിന്തകളാണ് കാവ്യാത്മകചിന്തകളെന്നു വിളിക്കുന്നതെങ്കിൽ ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന വരികളിലെ ചിന്തകൾക്ക് ആ നാമധേയം അല്പംപോലും യോജിക്കുകയില്ല. കലയുടെ ബദ്ധശത്രുവായ വാഗ്മിത്വമാണ് ഈ വരികളിൽ പ്രത്യക്ഷമാകുന്നത്.” പൊതുവെ, പഠനാർഹമാണു് ആധുനിക മലയാള കവിത.
