വിമർശനം
ചന്തുമേനോൻ – ഒരു പഠനം: ചന്തുമേനോൻ്റെ ഇന്ദുലേഖ, ശാരദ എന്നീ കൃതികളെ അവയുടെ നിർമ്മാണകാലത്തെ മുൻനിർത്തി സാഹിത്യത്തിൽ വിലയിരുത്തുകയാണു് പി. കെ. ബാലകൃഷ്ണൻ ഇതിൽ ചെയ്യുന്നത്. ഗ്രന്ഥത്തെ ഒൻപതു ഭാഗങ്ങളായി തിരിച്ച് ആ കൃത്യം യക്തിയുക്തമായി നിർവ്വഹിക്കുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ചന്തുമേനോൻ ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യവും സാംസ്‌കാരികവുമായ മണ്ഡലത്തെ വിശകലനം ചെയ്തുകൊണ്ടു് സാമൂഹ്യപരിഷ്കരണത്തിനു ജനതയ്ക്കു പ്രേരണ നല്കുന്ന ചില ആദർശങ്ങളെ സുധീരം പ്രഖ്യാപിക്കുവാൻ അദ്ദേഹം ശക്തനായിത്തീർന്നതെങ്ങനെയെന്നു് ഒരു ഗവേഷകൻ്റെ നിലയിൽ ഗ്രന്ഥകാരൻ ഇതിൽ ചിന്തിക്കുന്ന അംശങ്ങൾ അതീവ ശ്രദ്ധേയങ്ങളാണു്. ഇംഗ്ലീഷ് പരിജ്ഞാനവും ഇംഗ്ലീഷ് സാഹിത്യകാരന്മാരുമായുള്ള സമ്പർക്കവുമാണു്, കേരളസാഹിത്യത്തിൽ ഇങ്ങനെയൊരു നവോത്ഥാനത്തിൻ്റെ ഉൽഘാടകനായിത്തീരാൻ ചന്തുമേനോനു പ്രേരണ നല്കിയതെന്നും ഗ്രന്ഥകാരൻ സന്യായം സമർത്ഥിക്കാതിരിക്കുന്നില്ല. ഈ നിരൂപണഗ്രന്ഥത്തിൽ ബാലകൃഷ്ണൻ ഉന്നയിക്കുന്ന വാദഗതി മിക്കതും പുതുമ നിറഞ്ഞതാണെന്നു പ്രത്യേകം പറയേണ്ടതുണ്ട്. നമ്മുടെ നിരൂപണ ശാഖയ്ക്കു നല്ലൊരു സംഭാവനയാണു് പ്രസ്തുത കൃതി.
വീണപൂവ് കൺമുൻപിൽ : വായിച്ചും പഠിച്ചും നല്ലപോലെ ചിന്തിച്ചും തൂലികയെ ചലിപ്പിക്കുന്ന ഒരു വിമർശകനാണ് കെ. എം. ഡാനിയൽ എം. എ. വീണപൂവു് സുബ്രഹ്മണ്യൻപോറ്റി മിതവാദിയിൽനിന്ന് ഒരു മുഖവുരയോടുകൂടി ഭാഷാപോഷിണിയിൽ എടുത്തു ചേർത്ത കാലംമുതൽ ഇന്നോളം, ആ കൃതിയെപ്പറ്റി ഉണ്ടായിട്ടുള്ള മിക്ക നിരൂപണങ്ങളും പരിശോധിച്ച് ഏറ്റവും സമഞ്ജസവും സഹൃദയാഹ്ളാദകരവുമായ വിധത്തിൽ നിർമ്മിച്ചിട്ടുള്ളതാണു് ‘വീണപൂവ് കൺമുമ്പിൽ’ എന്ന കൃതി. ഡാനിയലിൻ്റെ പാണ്ഡിത്യവും, നിരൂപണ വിചക്ഷണതയും ഇതിൽ ഉടനീളം വിലസുന്നുണ്ട്. ശംഖനാദം, വിമർശ വീഥി എന്നിവ ഈ ഗ്രന്ഥകാരൻ്റെ മറ്റു രണ്ടു നിരൂപണ കൃതികളത്രെ.
