ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സാഹിത്യം എങ്ങോട്ട്: മാത്യു ഉലകന്തറ എം. എ. എഴുതിയ പന്ത്രണ്ടു പ്രബന്ധങ്ങളുടെ സമാഹാരമാണിതു്. എല്ലാം സാഹിത്യത്തേയും സംസ്‌കാരത്തേയും സംബന്ധിച്ചവയാണു്. വിവക്ഷിതം ഊർജ്ജസ്വലമായ രീതിയിൽ വെളിപ്പെടുത്താനുള്ള വിന്യാസ പാടവം ഉലകന്തറയ്ക്കു സ്വാധീനമായിട്ടുണ്ട്. ഇതിലെ പ്രബന്ധങ്ങളിൽ നിരൂപണത്തേക്കാൾ എതിർപ്പല്ലേ മുന്നിട്ടു നില്ക്കുന്നതെന്നു തോന്നാതിരിക്കുന്നില്ല. വിമർശന സോപാനം ഈ നിരൂപകൻ്റെ മറെറാരു കൃതിയാണു്. ഉലകന്തറ, ഒരു വിമർശകൻ എന്ന നിലയിൽ വളരുന്നുവെന്ന് ഇതിലെ പ്രബന്ധങ്ങൾ ഓരോന്നും വിളംബരം ചെയ്യുന്നു.

വിമർശനത്തിൻ്റെ പ്രശ്നങ്ങൾ: പ്രതിപാദ്യമായ അംശത്തെ ശരിക്കു പഠിക്കുകയും അതിനെപ്പറ്റി ശ്രദ്ധേയമായ ചില വസ്തുതകൾ വെളിപ്പെടുത്തുകയും ചെയ്യുക എം. ശ്രീധരമേനോൻ്റെ നിരൂപണങ്ങളുടെ ഒരു സ്വഭാവമാണു്. വിമർശനത്തിൻ്റെ പ്രശ്നങ്ങൾ എന്ന സമാഹാരത്തിൽ, ഏകോഹം ബഹുസ്യാം, കവിതാനിരൂപണം എന്നുതുടങ്ങിയ പത്തു ലഘുപ്രബന്ധങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രന്ഥത്തിൻ്റെ തലക്കെട്ടായ വിമർശനത്തിൻ്റെ പ്രശ്നങ്ങൾ അതിലെ എട്ടാമത്തെ പ്രബന്ധമാണു്. ഒരു നിരൂപകന്നു് എന്തുചെയ്യാൻ കഴിയും? അയാളെ നേരിടുന്ന പ്രശ്നങ്ങളെന്തെല്ലാം? എന്നിവയെപ്പറ്റി മിതമായി അതിൽ പ്രതിപാദിച്ചിരിക്കുന്നു. “സാഹിത്യനിർമ്മിതിയിലെ ക്ഷുദ്രത്വവും, വായനക്കാരൻ്റെ വിവേചന ശൂന്യതയും ഉത്തമ നിരൂപകർക്കിടയിൽത്തന്നെ കാണുന്ന ബാലൻസില്ലായ്മയും. സർവ്വോപരി, സാഹിത്യതത്ത്വങ്ങളേയും വിമർശനത്തേയും ആധികാരികമായി ചർച്ചചെയ്യുന്ന പ്രശ്നനങ്ങളുടെ അഭാവവുമാണു് ഇന്നു വിമർശകനെ നേരിടുന്ന പ്രശ്നങ്ങൾ എന്ന നിഗമനത്തിലാണു് അദ്ദേഹം ചെന്നുചേരുന്നതു്. സാഹിത്യ വിദ്യാർത്ഥികൾക്കു കുറെയൊക്കെ പ്രയോജനപ്പെടുന്നവയാണ് ഇതിലെ പ്രബന്ധങ്ങൾ എന്നു നിസ്സംശയം പറയാം.