ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

ഭാഷാനാടക പരിശോധന: ആംഗ്ലേയ വിദ്യാഭ്യാസവും സംസ്കൃത വിദ്യാഭ്യാസവും സിദ്ധിച്ച ചിലർവഴിക്കാണല്ലോ നിരൂപണകല മലയാളത്തിൽ ഒരു പ്രത്യേകതയായിത്തീരുവാൻ ഇടയായതു്. കഴിഞ്ഞ തലമുറയിലെ നേതാക്കന്മാരായി, ഏ. ആർ., കെ. രാമകൃഷ്ണപിള്ള, സി. അച്യുതമേനോൻ, സി. അന്തപ്പായി, പി. കെ. നാരായണപിള്ള എന്നിവരെ കണക്കാക്കാം. പ്രസ്തുത നേതാക്കന്മാരിൽ ഒരാളായ സി. അന്തപ്പായിയുടെ കൃതിയാണു’ ‘ഭാഷാനാടകപരിശോധന’. ദേവീവിലാസം, മാലതി മാധവം, സുഭദ്രാർജ്ജുനം എന്നീ മൂന്നു നാടകങ്ങളെ അധികരിച്ച് അദ്ദേഹം സുദീർഘമായി ചെയ്തിട്ടുള്ള നിരൂപണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉപോദ്ഘാതത്തിൽ ശ്രീ മുണ്ടശ്ശേരി പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം പ്രത്യേകം ശ്രദ്ധേയമാണു്: “ശ്രീമാൻ അന്തപ്പായിയുടെ ഭാഷാ നാടകപരിശോധന യഥാർത്ഥത്തിൽ നാട്യകലാസംബന്ധിയായി അദ്ദേഹം ചെയ്തിട്ടുള്ള അനർഘങ്ങളായ നിഗമനങ്ങളുടെ ഒരു ശേവേദിയാകുന്നു. നലം തികഞ്ഞൊരു സാഹിത്യകാരൻ്റെ ജീവിതനിരീക്ഷണപടുതയ്ക്കു ‘ഭാഷാനാടകപരിശോധന’യിലെ ഓരോ ലേഖനവും ദൃഷ്ടാന്തമായിരിക്കുന്നുണ്ടു്.”

ആശാൻ്റെ നിരൂപണങ്ങൾ : ചിത്രയോഗനിരൂപണം, ആത്മ പോഷിണിയും പ്രരോദന നിരൂപണവും എന്നീ രണ്ടു വിഷയങ്ങളാണു് കുമാരനാശാൻ്റെ നിരൂപണങ്ങളിൽ ഉള്ളതു്. ആദ്യത്തെ നിരൂപണം മിതവാദിയിൽ ആരംഭിച്ച കാലത്തു് സാഹിത്യലോകത്തിൽ വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ ഒന്നാണ്. രണ്ടാമത്തേതു്, 1095 മകരം കുംഭം ലക്കങ്ങൾ ഒന്നായി പുറപ്പെടുവിച്ചിട്ടുള്ള ആത്മപോഷിണിയിൽ അതിൻ്റെ പത്രാധിപരായിരുന്ന വള്ളത്തോൾ, ആശാൻ്റെ പ്രരോദനത്തെ വിമർശിച്ചെഴുതിയിരുന്ന ലേഖനത്തിനു് ആശാൻ എഴുതിയ മറുപടിയുമാണു്. രണ്ടു മഹാകവികളുടെ ആശയങ്ങളുടെ സംഘട്ടനം കാണണമെന്നുള്ളവർ ഈ നിരൂപണങ്ങൾ വായിക്കുകതന്നെ വേണം.