വിമർശനം
ബാലാകലേശവാദം: കൊച്ചിയിൽ സ്ഥാനത്യാഗം ചെയ്ത മഹാരാജാവിൻ്റെ ഷഷ്ടിപൂർത്തിസ്മാരകമായി കവിതിലകൻ കെ. പി. കറുപ്പൻ 1089-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു നാടകമാണു് ‘ബാലാകലേശം’. ഷഷ്ടിപൂർത്തി സ്മാരകമായി പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥങ്ങളിൽ ഉത്തമമായ ഒന്നിനു സമ്മാനം നല്കുവാൻ ഗവണ്മെൻറിൽനിന്നു് ഒരു കമ്മറ്റിയെ അന്നു നിയമിച്ചിരുന്നു. കെ. രാമകൃഷ്ണപിള്ള, പി. എസ്. അനന്തനാരായണശാസ്ത്രി. ആർ. ഈശ്വരപിള്ള, കെ. കേശവൻനായർ, ടി. കെ. കൃഷ്ണമേനോൻ എന്നിവരാണ് കമ്മറ്റിയിലുണ്ടായിരുന്നത്. കറുപ്പൻ്റെ നാടകത്തിനാണു സമ്മാനം കൊടുക്കേണ്ടതെന്നു രാമകൃഷ്ണപ്പിള്ള ഒഴികെ മറ്റു കമ്മറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. എന്നാൽ രാമകൃഷ്ണപിള്ള ആ തീരുമാനത്തെ മറ്റു ചില കാരണങ്ങളാൽ എതിർത്തു. പ്രസ്തുതിയുടെ നേർക്ക് രാമകൃഷ്ണപിള്ള പിന്നീടു വർഷിച്ച അസ്ത്രങ്ങൾ അതിനിശിതങ്ങളായിരുന്നു. മംഗളോദയം, കേരളോദയം എന്നീ പ്രസിദ്ധീകരണങ്ങൾ വഴിക്കാണ് ഈ വാദപ്രതിവാദങ്ങൾ അധികവും നടന്നത്, അവയുടെ സമാഹാരമാണു് 1090-ൽ കുന്നങ്കുളം പ്രസ്സിൽനിന്നു പ്രസിദ്ധപ്പടുത്തിയിട്ടുള്ള ‘ബാലാകലേശവാദം’.
മൂർക്കോത്തു കുമാരൻ്റെ വിമൾനങ്ങൾ: ഫലിതസാഹിതിയിൽ പ്രസിദ്ധനായ കുമാരൻ നല്ലൊരു സാഹിത്യ വിമർശകനുമായിരുന്നു. ‘ഗദ്യമഞ്ജരി’ അദ്ദേഹത്തിൻ്റെ ഏതാനും സാഹിത്യവിമർശനങ്ങളും സമാഹാരമാണു്. കവിത, ഭാവനാശക്തി, ഗദ്യപ്രബന്ധം, നോവൽ തുടങ്ങിയവയാണു് അതിലെ വിഷയങ്ങൾ, “ആക്ഷേപസൂചകമായി ആര് എന്തെഴുതിയാലും അദ്ദേഹം ഉലച്ച വാളുമായി അരങ്ങത്തു കയറി സിർഭയമായി പോരാടും”* (കേരളസാഹിത്യചരിത്രം, 5-ാം വാല്യം, പേജ് 1104) എന്ന് മഹാകവി ഉള്ളൂർ പ്രസ്താവിച്ചിട്ടുള്ളത് ഒരു അനുഭവസ്ഥൻ്റെ നിലയിൽ ഈ ലേഖകന് ഇവിടെ വെളിപ്പെടുത്തുവാൻ സാധിക്കും. ഒരു കാൽനൂറ്റാണ്ടു മുമ്പു നടന്ന ആ സംഭവം ഇന്നത്ത തലമുറയ്ക്ക് അറിയാൻ ഇടയില്ല. അതുകൊണ്ട് അല്പം പറയാം. 1937-ൽ ‘മഹാകവി കുഞ്ചൻനമ്പ്യാർ’ എന്നൊരു പുസ്തകം ഈ എഴുത്തുകാരൻ പ്രസിദ്ധീകരിച്ചു. പുസ്തകം പുറത്തിറങ്ങിയ ഉടനെതന്നെ അതിനു സുപ്രസിദ്ധ സാഹിത്യകാരനായ കണ്ണൻ ജനാർദ്ദനൻ (കുന്നത്തു ജനാർദ്ദന മേനോൻ) രൂക്ഷവും ഹാസ്യരൂപവുമായ ഒരു നിരൂപണം തൃശൂരിൽ നിന്ന് പുറപ്പെട്ടിരുന്ന ‘ഗോമതി’പ്പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതു വായിച്ച കുമാരൻ, അതിനു യുക്തമായ ഒരു മറുപടിയും എഴുതി, തുടർന്ന് ആ വാദപ്രതിവാദം ഗോമതിയിൽ ഏതാണ്ടു രണ്ടുമാസത്തോളം നീണ്ടുനിന്നു. കഥാപുരുഷൻ എഴുതിയ മറുപടിയിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
“ഭാഷാപ്രവർത്തക കുടുംബത്തിലെ പൂർവ്വജൻ എന്ന നിലയ്ക്ക്” ഞാൻ താങ്കളുടെ ‘ഗുരുഭൂതനാണെന്നു കരുതി ഞാൻ പറയുന്നതു സൗഹൃദത്തോടും വിനയത്തോടും കേൾക്കേണ്ടവനാണു്’ താങ്കൾ എന്നു പറഞ്ഞതു എന്നെ കളിയാക്കിയതല്ലല്ലൊ: എനിക്കല്ലാതെ, താങ്കൾക്കു കളിയാക്കാനറിഞ്ഞുകൂടല്ലൊ,
