ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

യഥാർത്ഥം പറയുന്നതായാൽ ഭാഷാപ്രവർത്തനം സർവ്വജാതിമതസ്ഥർക്കും അവിഭാജ്യമായി അനുഭവിക്കാനുള്ള കുടുംബന്ധത്തിനെസ്സംബന്ധിച്ചുള്ള പ്രവർത്തനമാണെന്നു് എല്ലാ സഹൃദയന്മാർക്കെങ്കിലും ബോധമുണ്ടെന്ന് അവരുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെളിയുന്നതായാൽ, ഈവക ശകാരങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും സംഗതിയുണ്ടാക്കുന്നതല്ലായിരുന്നുവെന്നു താങ്കൾ വിചാരിക്കുന്നില്ലേ?

വിദ്വാൻ ടി. എം. ചുമ്മാർ അവർകൾ, ഭാഷാപ്രവർത്തക കുടുംബത്തിൽ നല്ല ചുണയും പരിജ്ഞാനവും പരിശ്രമശീലവും ഉള്ള യുവാവായ ഒരംഗമല്ലയോ? ആ അനന്തിരവൻ ഒരു അബദ്ധംതന്നെയാണു ചെയ്തതെന്നിരുന്നാലും അദ്ദേഹത്തെ സ്നേഹപൂർവ്വം ശാന്തമായി ഉപദേശിക്കുകയല്ലാതെ, വളരെ ക്ഷോഭിച്ച നിലയിൽ കഠിനമായും നിർദ്ദയമായും പരസ്യമായി ശകാരിക്കുകയാണോ നമ്മളെപ്പോലെ കുടുംബം ഭരിച്ചും ലോകം അറിഞ്ഞും പലിതം ബാധിച്ചും കഴിഞ്ഞവർ ചെയ്യേണ്ടതു്? എന്താണു് മി. ചുമ്മാർ ചെയ്തതു്?

ഞാൻ അദ്ദേഹത്തിൻ്റെ “മഹാകവി കുഞ്ചൻനമ്പ്യാർ’ എന്ന പുസ്തകം വായിച്ചുനോക്കി… ഗ്രന്ഥകർത്താവിൻ്റെ പരിശ്രമശീലത്തേയും ഗവേഷണചാതുര്യത്തേയും ഭാഷാനൈപുണിയേയും കൊണ്ടാടുവാനാണു് പുസ്തകം വായിച്ചുതീർന്നപ്പോൾ എനിക്കു തോന്നിയതു്. എന്നാൽ താങ്കൾ ക്ഷോഭിച്ചു; പുസ്തകം വായിച്ചതിൻ്റെ ഫലമല്ലതാനും, ആ ക്ഷോഭം. 200-ൽ അധികം പേജുകളുള്ള ആ പുസ്തകത്തിലെ ഒരു പേജിലെ പത്തു വരികളിൽ, ഒരു സവർണ്ണകവിയെ ചെളിവാരി അഭിഷേകം ചെയ്ത എന്തോ ഉണ്ടെന്ന് ആരോ പറഞ്ഞതു കേട്ടിട്ടാണു് സവർണ്ണനായ താങ്കൾ ക്ഷോഭിച്ചതും ഗ്രന്ഥകർത്താവിനെ ചീത്തപറഞ്ഞതും. യഥാർത്ഥം അറിഞ്ഞതിനുശേഷമോ? താങ്കൾ ചെയ്തതിനെപ്പറ്റി പശ്ചാത്തപിക്കുന്നതിനു പകരം ക്ഷോഭകാരണം ശരിയാണെന്നു സ്ഥാപിക്കുവാൻ പ്രയത്നിക്കുകയാണ് താങ്കൾ ചെയ്യുന്നതു്. ഇതു പരിഹാസ്യമായ സാഹസമാണന്നു താങ്കൾക്കു തോന്നുന്നില്ലെങ്കിൽ ഞാൻ അത്യന്തം വിസ്മയിക്കും.” പിന്നെയും വാദം തുടർന്നശേഷം അദ്ദേഹം തൻ്റെ ഫലിതവാണിയിൽ തട്ടിവിടുകയാണു്: “ഇനിയെങ്കിലും താങ്കളുടെ ശകാരവും ക്ഷോഭവും അസ്ഥാനത്തിലായിരുന്നുവെന്ന് സമ്മതിക്കുമോ? ഇല്ലെ? എന്നാൽ താങ്കൾ ഉടനെ ഒരു വൈദ്യനെ കാണണമെന്നു സ്നേഹപൂർവ്വം ഉപദേശിക്കുന്നു.” എത്രമാത്രം ഹാസ്യരസനിഷ്യന്ദികളാണു് ആ വാങ്‌മയങ്ങൾ എന്നു നോക്കുക. ഒരു ഭാഗംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ: “മഹാപുരുഷയശസ്സിനെ ജാതിമതച്ചെളികൊണ്ടു വികൃതമാക്കുവാൻ അല്പജ്ഞതയാൽ ഊഹത്തിൽക്കൂടി ആരെങ്കിലും ഇറങ്ങുന്നതു കാണുമ്പോൾ ഞാൻ തന്നത്താൻ ചൊടിച്ചുപോകുന്നു’ എന്നു താങ്കൾ പറയുന്നു. തന്നത്താൻ ചൊടിച്ചോളു, എത്രയെങ്കിലും ചൊടിച്ചോളു. പക്ഷേ, ചൊടിപിടിച്ചു നിർദ്ദോഷികളെ തച്ചുതകർക്കാൻ പുറപ്പെടുന്നതു വല്ലവരും ക്ഷമിക്കുമോ? എന്നല്ല, ആരാണു ഊഹത്തിൽക്കൂടി ഇറങ്ങിയതു്. മി. ചുമ്മാരെ ചീത്തപറയാൻ കേട്ടുകേൾവിയെന്ന ആകാശക്കുറ്റിയിൽ കൊളുത്തിവെച്ച ഊഹക്കയറുപിടിച്ച് ഇറങ്ങിയതു താങ്കളാണെന്നു മറന്നുപോയോ? കുഞ്ചൻനമ്പ്യാരെന്ന മഹാപുരുഷൻ്റെ യശസ്സിനെ ഗ്രന്ഥകർത്താവു്, ചെളികളെക്കൊണ്ടെന്നല്ല, ചെറിയ ഒരു കരടുകൊണ്ടുപോലും വികൃതമാക്കിയിരുന്നില്ലെന്നു മാത്രമല്ല, ആ യശസ്സിനെ കുറേക്കൂടി പ്രകാശിപ്പിച്ചു കാണിക്കുകയാണു ചെയ്തതെന്നു്. പുസ്തകം ക്ഷമയോടുകൂടി വായിച്ചുനോക്കിയാൽ താങ്കൾതന്നെ സമ്മതിക്കും. ജാതിമതച്ചെളി താങ്കളുടെ ദൃഷ്ടിയിൽ മാത്രം പെട്ടതാണെന്നും സഹൃദയന്മാർ സമ്മതിക്കും.” തനിക്കു പറയാനുള്ളത് ആരെപ്പറ്റിയായാലും എന്തിനെപ്പറ്റിയായാലും കൂസൽകൂടാതെ തുറന്നു പറയുക അദ്ദേഹത്തിൻ്റെ സ്വഭാവമാണ്. മേലുദ്ധരിച്ച ഭാഗങ്ങൾതന്നെ അതിലേക്കു മതിയായ ദൃഷ്ടാന്തങ്ങളാണല്ലൊ.