ഗദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

വിമർശനം

സാഹിത്യസാരം: സാഹിത്യത്തെ പൊതുവേയും ഭാഷാസാഹിത്യത്തെ പ്രത്യേകിച്ചും സ്പർശിക്കുന്ന പല വസ്തുതകളെ ഉള്ളടക്കി എഴുതിയിട്ടുള്ള ഒരു ഉത്തമ നിരൂപണഗ്രന്ഥമാണ്. തിരുവനന്തപുരം രാജകീയ കലാലയത്തിൽ സംസ്കൃതാദ്ധ്യാപകനായിരുന്ന നന്ത്യാർവീട്ടിൽ കെ. പരമേശ്വരൻപിള്ള എം. എ. യുടെ ‘സാഹിത്യസാരം.’ അതിലെ ഉള്ളടക്കം നാലുഭാഗമായി തിരിച്ചിരിക്കുന്നു. മലയാളസാഹിത്യത്തിൻ്റെ ക്രമപ്രവൃദ്ധമായ പുരോഗതി, സാരസ്യസമ്പൂർണ്ണമായ രീതിയിൽ പ്രതിപാദിച്ചിട്ടുള്ള ഈ ലഘുഗ്രന്ഥം സഹൃദയന്മാരുടെ അഭിനന്ദനങ്ങൾ സർവ്വഥാ അർഹിക്കുന്ന ഒന്നത്രെ.

പി. കെ.യുടെ നിരൂപണഗ്രന്ഥങ്ങൾ: കുഞ്ചൻനമ്പ്യാർ, കൃഷ്ണഗാഥ, എഴുത്തച്ഛൻ: സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള മലയാളസാഹിത്യലോകത്തിൽ പലപ്രകാരത്തിലും പൂജനീയനാണു്. എന്നാൽ ഒരു സാഹിത്യവിമർശകൻ എന്ന നിലയിലാണു് അദ്ദേഹത്തിൻ്റെ ഖ്യാതി ഉയർന്നിട്ടുള്ളതെന്നു പറയുന്നതിൽ തെററില്ല. പ്രാചീനകാ വ്യങ്ങളിൽക്കൂടിയാണ് പി. കെ. തൻ്റെ നിരൂപണവൈദഗ്ദ്ധ്യം വെളിപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിൽ ചിരപ്രതിഷ്ഠിതങ്ങളായ സാഹിത്യ പ്രസ്ഥാനങ്ങളാണല്ലോ ഗാഥ, കിളിപ്പാട്ട്, തുള്ളൽ എന്നിവ മൂന്നും. ആധുനിക നിരൂപണരീതിയുടെ വെളിച്ചത്തിൽ പ്രസ്തുതകൃതികളെ – പ്രസ്ഥാനങ്ങളെ – ആദ്യമായി നിരൂപണം ചെയ്തതു് അദ്ദേഹമത്രെ. ചെറുശ്ശേരി, എഴുത്തച്ഛൻ, നമ്പ്യാർ എന്നിവരെപ്പറ്റി മിക്കവാറും സുനിശ്ചിതങ്ങളായ കാലങ്ങളും ചരിത്രവും നിർണ്ണയിക്കുവാനും പി. കെ.യുടെ നിരൂപണം സമർത്ഥമായിട്ടുണ്ട്. കവികളുടേയും കൃതികളുടേയും സ്ഥാനനിർണ്ണയത്തിനുവേണ്ടി ചെയ്തിട്ടുള്ള യത്നം കൂടുതൽ പ്രശംസാർഹമാണു്. വിമർശകൻ്റെ അതിവിപുലമായ ഗ്രന്ഥപരിചയവും സർവ്വാംഗീണമായ രസികതയും ആ ഭാഗങ്ങളിൽ സുവ്യക്തവുമാണു്.