പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

മലയാളഭാഷയിൽ ഉടലെടുത്ത സ്വതന്ത്രമഹാകാവ്യങ്ങളെപ്പാറ്റിയാണല്ലൊ ഇതേവരെ പ്രസ്താവിച്ചത്. എന്നാൽ പ്രസ്തുത മഹാകാവ്യങ്ങൾ ഉത്ഭവിക്കുന്നതിനു വളരെ മുമ്പുതന്നെ കേരളീയരുടെ വകയായി ഏതാനും നല്ല സംസ്കൃത മഹാകാ വ്യങ്ങൾ ഇവിടെ ആവിർഭവിച്ചുകഴിഞ്ഞിരുന്നു. അവയിൽ പ്രഥമസ്ഥാനമർഹിക്കുന്ന ഒന്നത്രെ, മിക്കവാറും 12-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു സങ്കല്പിച്ചു വരുന്ന ശ്രീകൃഷ്ണവിലാസം. കേരളീയനായ ഒരു സുകുമാരകവിയാണു് അതിൻ്റെ കർത്താവു് * (മഹാകവി ഉളളൂർ കാലത്തെക്കുറിച്ചും കർത്താവിനെക്കുറിച്ചും അല്പം ശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കേരളസാഹിത്യചരിത്രം vol. 1, പേജ് 141 നോക്കുക.)

അസ്തിശ്രിയസത്മസുമേരുനാമാ
സമസ്തകല്യാണനിധിർഗിരീന്ദ്രഃ

തിഷ്ഠന്നിദം വിശ്വമനുപ്രവിശ്യ
സ്വേനാത്മനാ വിഷ്ണുരിവോർജിതേന! (സർഗ്ഗം 1. ശ്ലോകം 1.)

മിഥസ്തിരോ ഭാവവിലോകനാഭ്യാം
സംക്രീഡമാനാവിവ ബാലകൗ ദ്വൗ
പാർശ്വേഷു യസ്യാശു പരിഭ്രമന്തൗ
ചന്ദ്രാംശുമന്തൗ നയതോ ദീനാനി!! (സർഗ്ഗം 1. ശ്ലോകം 2.)

എന്നിങ്ങനെ ആരംഭിക്കുന്ന അതിലെ വർണ്ണനകൾ ഇന്നും അഭിനവതയോടെ പ്രോത്ഭാസിക്കുന്നു. 12 സർഗ്ഗങ്ങളുള്ള പ്രസ്തുത മഹാകാവ്യമാണു്, ശ്രീരാമോദന്തം കഴിഞ്ഞാൽ മദ്ധ്യകേരളത്തിലെ അദ്ധ്യേതാക്കളിൽ അധികംപേരും ഒരുകാലത്തു അഭ്യസിച്ചുപോന്നിരുന്നത്. ഈ ലേഖകൻ്റെ ബാല്യകാലത്തും പ്രസ്തുത കൃതിക്കു് ഇന്നാടുകളിൽ കാളിദാസൻ്റെ കുമാരസംഭവത്തേക്കാൾ കൂടുതൽ പ്രചാരമുണ്ടായിരുന്നു. ഇന്നു ആ നിലകളൊക്കെ മാറിയിരിക്കയാണെന്നു പറയേണ്ടതില്ലല്ലൊ.