സംസ്കൃതമഹാകാവ്യങ്ങൾ
ആധുനികങ്ങളായ അഞ്ചു സംസ്കൃതമഹാകാവ്യങ്ങളുടെ സ്വരൂപവും സ്വഭാവവും ഈ ചുരുങ്ങിയ വിവരണത്തിൽനിന്നു് അല്പമൊക്കെ ഗ്രഹിക്കാവുന്നതാണല്ലോ. * (മേൽപ്രസ്താവിച്ച മഹാകാവ്യങ്ങളിൽനിന്നു് ഉചിതമായ ശ്ലോകങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്കു വേണ്ട നിർദ്ദേശങ്ങൾ നല്കിയിട്ടുള്ളതു പ്രൊഫസ്സർ പി. സി. ദേവസ്യായാണെന്നുള്ള വസ്തുത കൃതജ്ഞതാപൂർവ്വം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.)
മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞുപോയെന്നു ചിലർ വിചാരിക്കുന്നതായി മുകളിൽ ഒരിടത്തു പ്രസ്താവിച്ചുവല്ലൊ. അതു നമ്മുടെ ദീർഘദൃഷ്ടിയില്ലായ്മയെയാണു വ്യക്തമാക്കുന്നതു്. വിപുലമായ ആശയങ്ങളും പ്രശ്നങ്ങളും ആവിഷ്ക്കരിക്കുവാനുള്ള സന്ദർഭം പണ്ടത്തേക്കാൾ ഇന്നാണു നമുക്കു കൂടുതൽ വന്നുചേർന്നിട്ടുള്ളത്. അതിനു് ഇപ്പോഴത്തെ ലഘുകവിതകളൊന്നും ശക്തങ്ങളല്ല. നാടകങ്ങൾ, നോവലുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കൊപ്പം സാമൂഹ്യപ്രശ്നങ്ങളെ സമഗ്രമായി കൈകാര്യം ചെയ്തു വിജയം നേടുവാൻ നമ്മുടെ കവികൾക്കു കഴിയാതെവന്നിട്ടുള്ളതും അതുകൊണ്ടുതന്നെ. മലയാള കവിതയുടെ കൂമ്പടഞ്ഞുപോയെന്നും മറ്റും ചിലർ വിലപിക്കാൻ ഇടയായിട്ടുള്ളതും അതുകൊണ്ടുതന്നെയായിരിക്കണം. പ്രശ്നപരിഹാരങ്ങളല്ലാത്ത ലഘുകവിതകൾക്കു ‘നീണ്ട കവിതകൾ’ എന്നു പേരിട്ടതുകൊണ്ടും മറ്റും കാര്യമായില്ല. നാം ജീവിക്കുന്ന ഇന്നാട്ടിലെ ആർത്ഥിക സാമുദായിക വ്യവസ്ഥിതികളുടെ വിവിധ വശങ്ങൾ ബോധപൂർവ്വം ചിത്രീകരിക്കുന്ന മഹാകൃതികൾ ഇക്കാലത്തു കൂടുതൽ ആവശ്യമാണു. പക്ഷേ, ദണ്ഡിയുടെ കാവ്യാദർശങ്ങളെ ആദരിച്ചു ലക്ഷണമൊപ്പിച്ചെഴുതിയിട്ടുള്ളതോ, എഴുതുന്നതോ ആയ മഹാകാവ്യങ്ങളെയല്ല ഇതുകൊണ്ടർത്ഥമാക്കുന്നതെന്നും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കേരളീയ ജീവിതത്തിൻ്റെ യഥാർത്ഥമായ ചിത്രീകരണം – ആധുനികജനതയുടെ ആശകൾക്കും ആശയങ്ങൾക്കും അഭിരുചികൾക്കും ഇണങ്ങിയ നൂതനരീതിയിലുള്ള ജീവിത ചിത്രീകരണം ഉൾക്കൊള്ളുന്ന കാവ്യകലയാണു് നമുക്കിന്നാവശ്യം അതോ, കേരളീയജീവിതത്തെ ലളിതസുന്ദരമായ ഭാഷയിൽ ആവിഷ്കരിക്കുന്നതുമായിരിക്കണം. താദൃശകൃതികളാണു നമുക്കിന്നില്ലാത്തത്. അത്തരം മഹാകാവ്യങ്ങൾ നിർമ്മിക്കുവാൻ പ്രതിഭാപ്രഭാവന്മാരും ഏകാഗ്രചിത്തവൃത്തികളുമായ മഹാരഥന്മാർക്കേ സാധിക്കുകയുള്ളൂ. അത്തരക്കാരുടെ കുറവുതന്നെയാണ് കാവ്യലോകത്തിൽ നമുക്കിന്നുള്ളതും. താദൃശന്മാരുടെ പ്രാദുർഭാവത്തിൽ കലയും ജീവിതവുമൊത്തിണങ്ങുന്ന മനോഹരമഹാകാവ്യങ്ങൾ നമുക്കുണ്ടാകുമെന്നുള്ളതും സംശയരഹിതമത്രെ.
