പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

ഈ വിഷയം സംബന്ധിച്ച് എൻ. വി. കൃഷ്ണവാര്യർ, ‘മലയാളകവിത: ഇന്നും ഇന്നലെയും നാളെയും’ എന്ന ഒരു പ്രബന്ധത്തിൽ കുറിച്ചിട്ടുള്ളതിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ: ‘കഥാസമാഹാരങ്ങൾ കൊണ്ടു് നാം തൃപ്തിപ്പെടുന്നില്ല. വലിയ നോവലുകൾ നമുക്കാവശ്യമാണ്. അതുപോലെതന്നെ. ലഘു കാവ്യങ്ങൾ കൊണ്ടോ നീണ്ട കവിതകൾ കൊണ്ടോ നമ്മുടെ കാവ്യദാഹത്തിന്നു് ഉപശാന്തിയുണ്ടാവുകയില്ല. മഹത്തായ കവിതതന്നെ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. പുതിയ മഹാകാവ്യങ്ങളും പുതിയ ഇതിഹാസങ്ങളും നമുക്കുണ്ടാവണം. മനുഷ്യവർഗ്ഗത്തിൻ്റെ അന്തരാത്മാവിനെ ഉത്തരളമാക്കിയ മഹാസംഭവങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അവയെ വൻതോതിൽ കവിതയിലേക്കു പകർത്തുവാനുള്ള ആത്മാർത്ഥ യത്നങ്ങളുണ്ടാവണം. ഈ മഹാകാവ്യങ്ങളുടെ രൂപം പഴയ മഹാകാവ്യങ്ങളുടേതാകയില്ല. പഴയ മഹാകവികൾക്കു പറയാൻ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ പടർത്തിപ്പറഞ്ഞു. നമുക്കു പറയാൻ ഏറെയുണ്ട്. അതിനാൽ നാം ചുരുക്കിപ്പറയുന്നു. ഇവിടെ വ്യഞ്ജാനവ്യാപാരം അതിൻ്റെ എല്ലാ കരുത്തും കാണിക്കേണ്ടിയിരിക്കുന്നു. പുതിയ മഹാകാവ്യത്തിൻ്റെ രൂപം, പുതിയ മഹാകവി സ്വയം നിർമ്മിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇത്തരം പരിശ്രമം ഇന്നു് നമ്മുടെയിടയിലുണ്ടോ? കവിതയ്ക്ക്. കവിതയ്ക്കുമാത്രം സമർപ്പിക്കപ്പെട്ട ജീവിതങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ജീവിതത്തിന്നൊരു തൊഴിൽ, പലതിന്നും പ്രസംഗം, പിന്നെല്ലാം പലതും. ഒടുവിൽ അല്പമൊരു കവിതയും – ഇതാണിന്നത്തെ കവികളിൽ മിക്കവരുടേയും നില. ഇതു മാറണം. ഒഴിച്ചുവിടാവുന്ന എല്ലാം ഒഴിച്ചുവിട്ടു് ചിലരെങ്കിലും തങ്ങളുടെ ശക്തിമുഴുവൻ കവിതയിൽ കേന്ദ്രീകരിക്കണം.