പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒരു മഹാകാവ്യമാണു് അതുലൻ എന്ന മഹാകവിയാൽ വിരചിതമായ മൂഷികവശം. 15 സർഗ്ഗങ്ങളുള്ള പ്രസ്തുത കൃതി പണ്ടത്തെ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും, അപദാനങ്ങളേയും അനുകീർത്തനം ചെയ്യുന്നു. കോലാധിനാഥൻ ഉദയവർമ്മയുടെ കാലത്താണല്ലൊ, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉടലെടുത്തതു്. ആ കാലഘട്ടത്തിൽ തന്നെയാണ്, ഉദയവർമ്മയുടെ സദസ്യനായിരുന്ന ശങ്കരകവി ശ്രീകൃഷ്ണവിജയം എന്നൊരു സംസ്കൃത മഹാകാവ്യം രചിച്ചതും. പിൽക്കാലത്ത് കോലത്തുനാടു രവിവർമ്മ രചിച്ച ഉദയവർമ്മചരിതവും ശ്രദ്ധേയമായ ഒരു മഹാകാവ്യം തന്നെ. ഇത്തരത്തിലുള്ള അനേകം മഹാകാവ്യങ്ങൾ വേറെയുമുണ്ട്. അവയുടെ നാമധേയങ്ങൾ കുറിക്കുവാൻ പോലും ഇവിടെ മുതിരുന്നില്ല. ശ്രീകൃഷ്ണൻ്റെ ലീലാവതാരകഥകളെ ആസ്പദമാക്കി, ‘ആയിരം സുസംസ്കൃതശ്ലോകത്താൽ ഗുരുവായൂർ മന്ദിരേശനെ പൂജിച്ചു വഴിപോലെ * (‘ആയുരാരോഗ്യസൗഖ്യം’ എന്ന പദത്തിൽ ഉള്ളടക്കിയിട്ടുള്ള കലിദിന സംഖ്യയനുസരിച്ചു പ്രസ്തുത കൃതിയുടെ നിർമ്മാണം, കൊല്ലവർഷം 762 വൃശ്ചികമാസം 28-ാം തീയതി അവസാനിച്ചു എന്നു സ്പഷ്ടമാകുന്നു.) ആയുരാരോഗ്യസൗഖ്യം നേടീയ കവീന്ദ്രനായമേല്പത്തൂർ നാരായണഭട്ടതിരിയുടെ നാരായണീയത്തെക്കുറിച്ചും ഒന്നുംതന്നെ ഇവിടെ പ്രസ്താവിക്കുവാൻ മുതിരുന്നില്ല. ഈ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ ഇന്നേവരെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സംസ്കൃതമഹാകാവ്യങ്ങളെപ്പറ്റി ഒരു ഓട്ടപ്രദക്ഷിണം നടത്തുവാൻ മാത്രമേ തല്ക്കാലം മുതിരുന്നുള്ളു.

ഇരുപതാം ശതകത്തിൻ്റെ ആരംഭത്തിൽ രണ്ടു സംസ്കൃതമഹാകാവ്യങ്ങൾ കേരളീയരാൽ വിരചിതങ്ങളായിട്ടുണ്ട്. അവയിൽ ഒന്ന്, കേരളപാണിനി എന്ന പേരിൽ സുവിദിതനായ ഏ ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ്റെ ആംഗലസാമ്രാജ്യവും, മറ്റൊന്ന്, ഏ. പത്മനാഭശാസ്ത്രിയുടെ ജോർജുദേവചരിതവുമാണു്.