സംസ്കൃതമഹാകാവ്യങ്ങൾ
ആംഗലസാമ്രാജ്യം: ഭാരതത്തിലെ ആംഗ്ലേയാധിപത്യത്തിൻ്റെ ഉദയം, വികാസം മുതലായവയെപ്പറ്റി പ്രതിപാദിക്കുന്നതും, രഘുവംശത്തിൻ്റെ മാതൃകയിൽ വിരചിച്ചിട്ടുള്ളതുമായ ഒരു മഹാകാവ്യമത്രെ ആംഗലസാമ്രാജ്യം. പ്രസ്തുത കൃതി 1901-ൽ പ്രസിദ്ധപ്പെടുത്തി. വിക്ടോറിയ മഹാരാജ്ഞിയുടെ ജൂബിലി പ്രമാണിച്ചു രചിച്ച ഒരു കൃതിയാണിതു്. 23 സർഗ്ഗങ്ങളും 1900-ൽപരം ശ്ലോകങ്ങളും അതിൽ അടങ്ങിയിരിക്കുന്നു പ്രസ്തുത കൃതി, കെ. സി. കേശവപിള്ള മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഒന്നാം സർഗ്ഗം ലണ്ടൻ പട്ടണത്തിൻ്റെ വർണ്ണനത്തോടുകൂടി ആരംഭിക്കുന്നു. അതിലെ ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കാം.
സദൈവ നാനാവിധശില്പശാലാ-
പ്രണാളമാർഗ്ഗേണ വിനിർഗ്ഗലദ്ഭിഃ
ധൂമ്രപ്രതാനൈഃ ശരദാഗമേഅപി
യത്രാഭ്രലിപ്തേവ വിരാജതിഭ്യൗ.
(പലതരം ശില്പശാലകളുടെ പുകക്കുഴലുകളിൽക്കൂടി ഉയർന്നുപരക്കുന്ന ധൂമപടലത്താൽ ശരൽക്കാലാഗമത്തിൽപ്പോലും അവിടെ (ലണ്ടൻപട്ടണത്തിൽ) ആകാശം മേഘാവൃതമെന്നപോലെ ശോഭിക്കുന്നു.)
ജോർജുദേവചരിതം: ശ്രീ ജോർജുദേവചരിതം, ഇംഗ്ലണ്ടിലെ രാജാവ് ഇന്ത്യയുടെ ചക്രവർത്തിയുമായിരുന്ന ജോർജു് പഞ്ചമൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കി വിരചിതമായ ഒരു മഹാകാവ്യമാണിതു്. ജി. വി. പത്മനാഭശാസ്ത്രീയാണു് ഇതിൻ്റെ കർത്താവ്. പ്രസ്തുത മഹാകാവ്യം 1913-ൽ തിരുവനന്തപുരം ശ്രീരംഗം ശ്രീവാണിവിലാസം പ്രസ്സിൽ നിന്നുമാണ് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. ആകെ 15 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. രീതികാണിക്കുവാൻ വിക്ടോറിയാ മഹാരാജ്ഞിയുടെ വിളംബരത്തിലെ ഒരു ശ്ലോകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
ന ജാതിഭേദൊ ന മതപ്രഭേദഃ
കുലപ്രഭേദോ നച ദേശഭേദഃ!
സർവേഷു സർവ്വത്ര ച സർവ്വദാഹം
സമം ച വർത്തേ മമ ധർമ്മ ഏഷഃ !!
(നമുക്കു ജാതിയെന്നോ മതമെന്നോ കുലമെന്നോ ദേശമെന്നോ ഉള്ള ഭേദങ്ങളൊന്നുമില്ല. എല്ലാവരിലും എല്ലായിടത്തും നാം സമബുദ്ധ്യാ വർത്തിക്കുന്നു. ഇതാണു നമ്മുടെ ധർമ്മം.)
