സംസ്കൃതമഹാകാവ്യങ്ങൾ
ശ്രീനാരായണവിജയം: ശ്രീനാരായണഗുരുവിൻ്റെ അപദാനങ്ങളേയും ധർമ്മോപദേശങ്ങളേയും പ്രതിപാദിക്കുന്ന ഒരു മഹാകാവ്യമാണിത്. പ്രൊഫസ്സർ കെ. ബാലരാമപ്പണിക്കരാണ് ഇതിൻ്റെ കർത്താവ്. 1971-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത മഹാകാവ്യത്തിൽ 21 സർഗ്ഗങ്ങളും 1500-ൽപരം ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം. ഗുരുദേവൻ ശിഷ്യന്മാർക്കു നല്കുന്ന ഒരുപദേശം.
കിംചിന്മതം ഹൈന്ദവാഖ്യം ന,ഹിന്ദു-
സ്ഥാനേ വസന്തഃ സ മേ ഹിന്ദവോ ഹി!
മാഹമ്മദാഃ ക്രൈസ്തവാ ജൈനബൗദ്ധാഃ
സർവ്വേത്വമി ഹിന്ദവോ ഭിന്നമാർഗ്ഗാഃ!!
(ഹൈന്ദവമതം എന്നൊരു മതമില്ല. ഹിന്ദുസ്ഥാനിൽ വസിക്കുന്നവർ എല്ലാവരും ഹിന്ദുക്കളാണ്. മഹമ്മദീയരും ക്രൈസ്തവരും ജൈനരും ബൗദ്ധരുമെല്ലാം ഭിന്നമാർഗ്ഗവലംബികളായ ഹിന്ദുക്കൾ തന്നെ.)
ക്രിസ്തുഭാഗവതം: പ്രൊഫസ്സർ പി. സി. ദേവസ്യയാണു് ഇതിൻ്റെ പ്രണേതാവ്. 1977-ൽ പ്രസിദ്ധീകരിച്ചു. ക്രിസ്തു ചരിത്രവിഷയകമായി ഭാരതത്തിൽ ഉണ്ടായ ആദ്യത്തെ സംസ്കൃത മഹാകാവ്യമാണിത്. ഭാരതീയപശ്ചാത്തലത്തിൽ വിരചിതമായ പ്രസ്തുത കൃതിയിൽ 33 സർഗ്ഗങ്ങളും, 1500-ൽപരം ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു.
ക്രിസ്തുദേവൻ്റെ ഗിരിപ്രഭാഷണം കഴിഞ്ഞപ്പോൾ നേരം അസ്തമയമായി. കവി ആ അസ്തമയത്തെ വർണ്ണിക്കുകയാണിവിടെ:
സംസാരാർത്തിഹരാം സനാതനരസാം
യേശോർമുഖാന്നിഃസൃതാം
പ്രേമോദ്ഗീതിസുധാം പിബൻ പ്രശമിതോ-
ത്താപോ ഭവൻ ഭാനുമാൻ!
സംഹൃത്യാശുകരാൻ വിവേശ വിനയേ-
നാസ്താദ്രിപാർശ്വസ്ഥിതം
സന്ധ്യാരാഗകഷായിതാംബരധരോ
ധ്യാനോചിതം ഗഹ്വരം.
