പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

[യേശുവിൻ്റെ മുഖത്തുനിന്നു നിർ​ഗ്ഗളിച്ചതും സംസാര ദുഃഖത്തെയെല്ലാം നീക്കുന്നതും ശാശ്വതമായ രസം ഉൾക്കൊള്ളുന്നതുമായ സ്നേഹഗീതിയാകുന്ന അമൃതം പാനം ചെയ്യുകയാൽ, കഠിനമായ ചൂടെല്ലാം ശമിച്ച സൂര്യൻ തൻ്റെ കരങ്ങളെല്ലാം പിൻവലിച്ച് സന്ധ്യാരാഗത്താൽ നിറംപിടിച്ച (കാഷായാവസ്ത്രം ധരിച്ച്, വിനയത്തോടുകൂടി, അസ്തപർവ്വതത്തിൻ്റെ പാർശ്വത്തിൽ സ്ഥിതി ചെയ്യുന്നതും, ധ്യാനത്തിനനുയോജ്യവുമായ ഗുഹയിലേക്കു പ്രവേശിച്ചു.

ലോകത്തെ മുഴുവൻ തൻ്റെ കഠോരമായ ഭുജബലം കൊണ്ടു തപിപ്പിച്ചിരുന്ന ദുഷ്ടനായ ഒരു ഭരണാധിപൻ ക്രിസ്തുവിൻ്റെ ഗിരിപ്രഭാഷണം കേട്ട് ശാന്തനായി സന്യാസം കൈവരിച്ച സംഭവമാണ് സമാസോക്ത്യലങ്കാരരീതിയിൽ ഇവിടെ നിബന്ധിച്ചിരിക്കുന്നതു്.

ക്രിസ്തുവിൻ്റെ സ്നേഹസന്ദേശം അമൃതമയമായതുകൊണ്ടാണ് ആർത്തിഹരാം. സനാതനരസാം എന്നീ വിശേഷണങ്ങൾ പ്രയോഗിച്ചിട്ടുള്ളത്. അമൃതം പാനം ചെയ്ത ക്ഷണത്തിൽത്തന്നെ സൂര്യൻ്റെ ‘താപം’ ശമിച്ചു; അയാൾ ലോകത്തിൽ നിന്നു കരങ്ങൾ പിൻവലിക്കയും ചെയ്തു. സന്ധ്യാരാഗകഷായിതാംബരധര എന്ന പ്രയോഗം എത്രകണ്ട് ചിന്താസുന്ദരമായിരിക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ.

ഈ മഹാകാവ്യത്തിനു് കേന്ദ്ര സാഹിത്യഅക്കാദമിയിൽനിന്നും 1980-ലെ അവാർഡ് ലഭിച്ചിട്ടുണ്ട്.)