പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

കേരളോദയം: ഡോ. കെ. എൻ. എഴുത്തച്ഛൻ 1977-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു മഹാകാവ്യം. കേരളത്തിൻ്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ചരിത്രം 21 സർഗ്ഗങ്ങളിൽ, 2500 ശ്ലോകങ്ങളിൽ നൂതനരീതിയിൽ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. കാവ്യഭംഗി കലർന്ന വർണ്ണനകളും കുറവല്ല.

ഒരു ചേരളരാജാവിൻ്റെ ഭരണം വർണ്ണിക്കുന്നമദ്ധ്യേ അവിടെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മുക്കുവന്മാരെ പരാമാർശിച്ചു പറയുകയാണു്:

ജന്തുജാലൈർഹരന്തീസ്മ
ദാശാമീനാൻ മഹാർണ്ണവേ!
നേത്രജാലൈസ്തടേ യൂനാം
മനാംസ്യപിച തത്സുതാഃ

(മുക്കുവന്മാർ, മഹാസമുദ്രത്തിൽ വലവീശി മത്സ്യങ്ങളെ ഹരിക്കുന്നു. കരയിലാകട്ടെ, അവരുടെ പുത്രിമാർ നേത്രങ്ങളാകുന്ന വലവീശി യുവാക്കളുടെ മാനസങ്ങളെയും ഹരിക്കുന്നു.)

പ്രസ്തുത മഹാകാവ്യത്തിനു കേന്ദ്രസാഹിത്യ അക്കാദമിയിൽനിന്നും 1979- ലെ അവാർഡ് ലഭിക്കുകയുണ്ടായി എന്ന വസ്തുതകൂടി ഇവിടെ വെളിപ്പെടുത്തിക്കൊള്ളട്ടെ!