പദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

സംസ്കൃതമഹാകാവ്യങ്ങൾ

നവഭാരതം: മുതുകുളം ശ്രീധരനാണു് ഇതിൻ്റെ കർത്താവ്. 1978-ൽ പ്രസിദ്ധീകരിച്ചു. 18 സർഗ്ഗങ്ങളുള്ള പ്രസ്തുത മഹാകാവ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി, അതിന്നു നേതൃത്വംവഹിച്ച മഹാന്മാരുടെ അപദാനങ്ങൾ മുതലായവയാണു് പ്രതിപാദിതം. ഹിമാലയത്തെ വർണ്ണിക്കുന്ന ഒരു പദ്യം നോക്കുക:

മുനിപ്രൗഢൈഃ സമാശ്ലിഷ്ടോ
മൗനവേദാന്തചിന്തകഃ
സന്ധ്യയോരുഭയോഃ സ്വർണ്ണ-
താലവൃന്തപ്രവീജിതഃ

(മൗനം കൊണ്ടു വേദാന്തചിന്തകനായ (ഈ ഹിമവാൻ) മുനിശ്രേഷ്ഠന്മാരാൽ സമാശ്രിഷ്ടനായി, ഇരു സന്ധ്യകളിലും സ്വർണ്ണവിശറികളാൽ വീജനം ചെയ്യപ്പെട്ടുകൊണ്ടു സ്ഥിതിചെയ്യുന്നു.)

വിശ്വഭാനു: ഡോ. പി. കെ. നാരായണപിള്ള വിരചിച്ച് 1979-ൽ പ്രസിദ്ധീകരിച്ച ഒരു മഹാകാവ്യമാണിത്. സ്വാമി വിവേകാനന്ദൻ്റെ ജീവിതകഥയാണു് ഉള്ളടക്കം. 21 സർഗ്ഗങ്ങളും, 555 ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. കാശീനഗരത്തിൻ്റെ മാഹാത്മ്യം വർണ്ണിക്കുന്നതിങ്ങനെയാണ്:

ഭ്രമരൂപമരീചികാ ഹരീ
പരിഖീഭൂതപരാർദ്ധ്യനിർഝരീ
മുനിമാനസസോദരീ പരി-
സ്ഫുരതാത് കാശിപുരീ പുരീശ്വരി.

(ഭ്രമമാകുന്ന മരീചികയെ നശിപ്പിക്കുന്നതായി, വിശുദ്ധ ഗംഗയാൽ കിടങ്ങെന്ന പോലെ രക്ഷിക്കപ്പെടുന്നവളായി, മുനിമാരുടെ ശർമ്മസോദരിയായി നഗരങ്ങളുടെ രാജ്ഞിയായ കാശീപുരി ശോഭിക്കുന്നു.)

വിശ്വഭാനുവിനു കേന്ദ്ര സാഹിത്യ അക്കാദമിയിൽനിന്നു് 1982-ലെ അവാർഡ് ലഭിക്കുകയുണ്ടായി.