സഞ്ചാര സാഹിത്യം
ഞാൻ കണ്ട അമേരിക്ക: ഏറ്റവും രസകരമായ ഒരു സഞ്ചാരകൃതിയാണു് ഈരാളിൽ വറുഗീസ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്തുത കൃതി. മാതൃഭൂമിയിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങളാണു് ഒടുവിൽ പുസ്തകരൂപത്തെ കൈക്കൊണ്ടതു്. അമേരിക്കയെപ്പറ്റി സാമാന്യജ്ഞാനം വായനക്കാർക്കു ലഭിക്കും.
എഫ്. എം. എസ്സ്. യാത്ര: മന്നത്തു പത്മനാഭപിള്ള 1927-ൽ മലയാദ്വീപിൽ സഞ്ചരിച്ചപ്പോൾ, തനിക്കനുഭവപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അക്കാലത്തു പത്രപംക്തികളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് മേല്പറഞ്ഞതു്. ഗ്രന്ഥകാരൻ്റെ പ്രതിപാദനരീതി ഊർജ്ജസ്വലവും ആകർഷകവുമാണു്.
ജപ്പാൻയാത്ര: ഏ വി. കുട്ടിക്കൃഷ്ണമേനോൻ്റെ ഒരു സഞ്ചാരകൃതിയാണിതു്. വിദ്യാഭ്യാസ കോൺഫറൻസിൽ സംബന്ധിക്കുവാൻ പുറപ്പെട്ട ഗ്രന്ഥകാരൻ ആ രാജ്യത്തേയും അവിടെയുള്ള ജനസമുദായങ്ങളേയുംകുറിച്ചു ചില വിവരങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
ബദരീനാഥയാത്ര, തരവത്ത് അമ്മിണി അമ്മയുടെ ഒരു കൃതി. ഗ്രന്ഥകർത്രി തൻ്റെ ബദരീനാഥയാത്രയെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്ന ലേഖനങ്ങൾ പുസ്തകാകൃതിപൂണ്ടതാണു് പ്രസ്തുത കൃതി. ഭക്തജനങ്ങളെ ആകർഷിക്കുവാൻ ഇതിനു ശക്തിയുണ്ടു്.
