ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

ഒറ്റനോട്ടത്തിൽ, പ്രൊഫ്‌സർ മുണ്ടശ്ശേരിയുടെ ഒരു കൃതിയാണു്. ഗ്രന്ഥകാരൻ്റെ സഞ്ചാരങ്ങൾക്കിടയിൽ അനുഭവപ്പെട്ട അനേകം സംഗതികളുടെ സാരമായ വിവരണങ്ങളാണ് ഇതിലുള്ളതു്. ‘തോന്നയ്ക്കൽ കണ്ട കാഴ്ച’ എന്ന ആദ്യത്തെ പ്രബന്ധം, കുമാരനാശാൻ്റെ വാസസ്ഥാനമായിരുന്ന പ്രസ്തുത സ്ഥലം സന്ദർശിച്ചതിൻ്റെ ശ്രദ്ധേയമായ ഒരു വിവരണമാണു്. അതുപോലെ അഞ്ചു പ്രബന്ധങ്ങൾകൂടിയുണ്ടു് ഒറ്റനോട്ടത്തിൽ. ‘കോട്ടക്കോവിൽക്കുന്നു’ എന്ന ഒടുവിലത്തെ പ്രബന്ധം സാരം കൊണ്ടും സാരസ്യംകൊണ്ടും കൂടുതൽ ശ്രദ്ധേയമായിത്തോന്നുന്നു. നമ്മുടെ പുരാതന ചരിത്രങ്ങളെപ്പറ്റിയുള്ള ചില സ്‌ഫുലിംഗങ്ങൾ അതിൽ അവിടവിടെ മിന്നിത്തിളങ്ങുന്നതു കാണാം.

ചൈന മുന്നോട്ട്, മതം അവിടെയും ഇവിടെയും എന്നീ രണ്ടു കൃതികൾകൂടി മുണ്ടശ്ശേരി എഴുതിയിട്ടുണ്ട്. 1952-ൽ അദ്ദേഹം ചൈനയിൽ യാത്ര ചെയ്തു മടങ്ങിയ ശേഷം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ആദ്യത്തേത്. അദ്ദേഹത്തിൻ്റെ പ്രധാന യാത്രാവിവരണവും അതുതന്നെ. ‘നീണ്ട കത്തുകൾ’ അദ്ദേഹം റഷ്യയിൽ സഞ്ചരിച്ച കാലത്ത് എഴുതിയിട്ടുള്ളതത്രെ. മോസ്കോ, സോവ്യറ്റ് ഭരണ സമ്പ്രദായം മുതലായവയെപറ്റി പഠിച്ചെഴുതിയിട്ടുള്ളതാണു് അദ്ദേഹത്തിൻ്റെ നീണ്ട കത്തുകൾ ഓരോന്നും പ്രതിപാദനം പഠിതാക്കളെ രസിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്നതുമാണു്.