ഗദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

സഞ്ചാര സാഹിത്യം

പൊറ്റെക്കാട്ടിൻ്റെ യാത്രാവിവരണങ്ങൾ: കേരളീയ സാഹിത്യകാരന്മാരിൽ വിദേശപര്യടനം വേണ്ടപോലെ നിർവ്വഹിച്ചിട്ടുള്ളവർ വിരലിലെണ്ണാവുന്നവരേയുള്ളു. അവരിൽ ഏതുകൊണ്ടും പ്രഥമഗണനീയനാണ് എസ്. കെ. പൊറ്റെക്കാട്ട്. പൊറ്റെക്കാട്ടിനെപ്പോലെ ഇത്രയേറെ ദേശങ്ങൾ സഞ്ചരിക്കുകയും, ഇത്രയേറെ സഞ്ചാര സാഹിത്യകൃതികൾ എഴുതുകയും ചെയ്തിട്ടുള്ള ഒരാൾ നമ്മുടെയിടയിൽ ഇല്ല. സരസമായി പലതും പറഞ്ഞു വായനക്കാരെ ഓരോ ഭൂഭാഗങ്ങളിൽക്കൂടി സഞ്ചരിപ്പിക്കാൻ പൊറ്റെക്കാട്ടിനുള്ള കഴിവ് അനന്യസാധാരണമാണു്. അതതു ദേശങ്ങളിലെ പ്രകൃതിസൗന്ദര്യവും, വിഭവങ്ങളും, സുന്ദരികളും അതുപോലെ ആകർഷകങ്ങളായ ഓരോന്നും വായനക്കാരായ യാത്രക്കാരുടെ മുമ്പിൽ നിരത്തിവെച്ചുകൊണ്ടാണു് ഈ സഞ്ചാര സാഹിത്യകൃത്ത് അവരെ ആ വഴിക്കു നയിക്കുന്നതു്. ഇടയ്ക്കിടയ്ക്കു ചില കഥകളും അദ്ദേഹം ഈ സഞ്ചാരികളെ പറഞ്ഞുകേൾപ്പിക്കും. അതിനാൽ ആ സഞ്ചാരികൾക്കു യാത്രാക്ലേശമോ വിരസതയോ അത്രമേൽ ഒന്നും തോന്നുകയുമില്ല. പക്ഷേ, ഒന്നേയുള്ളു, ഈ സഞ്ചാരത്തിനിടയിൽ ലഭിക്കുന്നതു് സ്വപ്നമയിയായ ഒരു ആനന്ദംമാത്രം. പിൽക്കാലത്തു നമ്മുടെ മുമ്പിൽ തെളിഞ്ഞുനില്ക്കുന്ന ചിത്രങ്ങളോ, ചിന്തകളോ അധികമൊന്നും ഈ സഞ്ചാര വിവരണങ്ങളിൽ ഉണ്ടായിരിക്കയില്ലെന്നുള്ളതും പറയത്തക്ക ഒരു വസ്തുതയാണു്.

നൈൽഡയറി, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി (2 ഭാഗങ്ങൾ), പാതിരാസൂര്യൻ്റെ നാട്ടിൽ, സോവ്യറ്റ് ഡയറി (രണ്ടു ഭാഗങ്ങൾ), കാഷ്‌മീർ, ഇന്നത്തെ യൂറോപ്പ്, ഇൻഡോനേഷ്യൻ ഡയറി, ബൊഹീമ്യൻ ചിത്രങ്ങൾ, മലയാനാടുകളിൽ, യാത്രാസ്മരണകൾ, ബാലിദ്വീപു് എന്നിവയാണു് പൊറ്റെക്കാടു് ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സഞ്ചാര സാഹിത്യ കൃതികൾ. ഇവയിൽ ചിലതിനെപ്പറ്റി അല്പം ചിലതു കുറിക്കാം.

നൈൽ ഡയറി: ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണു് നൈൽ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വിക്ടോറിയ നയാൻസായിൽ നിന്നുമാണു് ആ നദിയുടെ ഉല്പത്തി. അതിനടുത്തുള്ള ജിഞ്ചമുതൽ അലൿസാൻഡ്രിയാവരെ ഏതാണ്ടു് 4,000 മൈൽദൂരം ആ നദിയുടെകൂടെ പൊറ്റെക്കാട്ട് സഞ്ചരിച്ചുവത്രെ. അഞ്ചു മാസംകൊണ്ടാണു് അതു സാധിച്ചതു്. ആ സാഹസിക യാത്രയുടെ കാവ്യാത്മകമായ ഒരു വിവരണമാണ് ‘നൈൽ ഡയറി’. അതിപ്രാചീന കാലങ്ങളിലെ സംസ്ക്കാര പരിഷ്കാരങ്ങളുടെ നഷ്ടശിഷ്ടങ്ങളും, ആധുനിക പരിഷ്ക്കാരത്തിൻ്റെ വൈശിഷ്ട്യങ്ങളും മനുഷ്യ പ്രയത്നത്തിൻ്റെ സമ്പൽഫലങ്ങളും സമ്മേളിച്ചു വിലസുന്ന ആ നദീതീരത്തുകൂടിയുള്ള ഗ്രന്ഥകാരൻ്റെ സഞ്ചാരത്തിൽ, ഒരു സാഹിത്യകാരൻ്റെ ജീവിതാനുഭവങ്ങൾ പലതും പ്രതിഫലിച്ചു പ്രകാശിക്കുന്നതു കാണാൻ യാതൊരു പ്രയാസവുമില്ല. ചരിത്രത്തിൻ്റെയും ഭൂമിശാസ്ത്രത്തിൻ്റെയും പ്രയോജനം കാവ്യരൂപമായ ഇത്തരം കൃതികളിൽനിന്നു വായനക്കാർക്കു് അനായാസമായി ലഭിക്കുന്നു.