സഞ്ചാര സാഹിത്യം
ഇന്നത്തെ യൂറോപ്പു്: പൊറ്റെക്കാട്ട് ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിച്ച അവസരത്തിൽ എഴുതിയ ലേഖനങ്ങൾ, അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അവയെ പിന്നീടു സമാഹരിച്ചതാണു് ഇന്നത്തെ യൂറോപ്പ്. ഇറ്റലിയിലെ നേപ്പിൾസിൽ നിന്നാണു് യാത്ര ആരംഭിക്കുന്നതു്. ആ യാത്രയിൽ വെസൂവിയസ് അഗ്നിപർവ്വതം, റോം, വത്തിക്കാൻ നഗരം. വെനീസ്, മിലാൻ, സ്വിററ്സർലണ്ട്, പാരീസ് എന്നീ ഭാഗങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോഴുള്ള കാഴ്ചകൾ എത്രയും ഹൃദയംഗമമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ അന്വേഷണശക്തിയുടെ ഊർജ്ജസ്വലതയും ഈ ഭാഗങ്ങളിൽ വെളിപ്പെടാതിരിക്കുന്നില്ല
ഇൻഡോനേഷ്യൻ ഡയറിയും മാതൃഭൂമിയിലെ ലേഖനങ്ങളുടെ സമാഹാരമാണു്. പ്രകൃതി സൗന്ദര്യവും കലയും ചേർന്നുകളിക്കുന്ന ശാന്തസമുദ്രത്തിലെ ആ ദ്വീപസമൂഹത്തെ ഗ്രന്ഥകാരൻ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്നുള്ളതു് ആ ഗ്രന്ഥവുമായി പരിചയപ്പെട്ടാൽ മാത്രമേ വേണ്ട പോലെ ഗ്രഹിക്കാൻ കഴിയൂ. അതിലെ ഭൈരവനേയും മറ്റും വായനക്കാരിൽ ഒരാളും വിസ്മരിക്കുമെന്നു തോന്നുന്നില്ല.
ബാലിദ്വീപു: നിരീക്ഷണപടുവും കലാമർമ്മജ്ഞനുമായ ഒരു കാഥികൻ്റെ കരവിരുത് ഈ സഞ്ചാരകൃതിയിൽ സർവ്വത്ര കാണാം. ഇതിനിടെനിന്നു 4,000 മൈൽ അകലെ സ്ഥിതിചെയ്യുന്ന ആ കൊച്ചു ദ്വീപിലെ കാര്യങ്ങൾ 30 അദ്ധ്യായങ്ങളിലായി ഗ്രന്ഥകാരൻ പ്രസ്തുത കൃതിയിൽ പ്രതിപാദിക്കുന്നു. ബാലിദ്വീപിൻ്റെ സുന്ദരഭാഗങ്ങളെ പ്രകാശിപ്പിക്കുന്ന മുപ്പതിലേറെ ചിത്രങ്ങളും അതിലുണ്ട്.
