സഞ്ചാര സാഹിത്യം
ആഫ്രിക്കാ, ആഫ്രിക്കാ : സഞ്ചാരസാഹിത്യകൃതികൾ എഴുതിയിട്ടുളളവരിൽ ഒരു പ്രമുഖ സ്ഥാനമർഹിക്കുന്ന ഒരു തൂലികാ വിദഗ്ദ്ധനാണ് പ്രഫ്സർ കെ. സി. പീറ്റർ. പീറ്റരുടെ യാത്രാ വിവരണങ്ങളുടെ പ്രധാന ലക്ഷ്യം വിജ്ഞാനസമ്പോഷണമാണെന്നു തോന്നുന്നു. ‘ആഫ്രിക്കാ, ആഫ്രിക്കാ’ എന്ന സഞ്ചാര വിവരണത്തിൽ, ആഫ്രിക്കയുടെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ, ഭൂമിശാസ്ത്രപരമായ അതിൻ്റെ പ്രത്യേകതകൾ, ജനസംഖ്യ, ധാതുസമ്പത്തു് എന്നു തുടങ്ങി വിജ്ഞാനപ്രദങ്ങളായ അനവധി വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥത്തെ ആറു ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് പ്രതിപാദനം. ബ്രിട്ടൻ്റെ കൊളോണിയൻ ചരിത്രം, ഫ്രഞ്ചാഫ്രിക്കൻ സാമ്രാജ്യം. ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യസമരം, ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ പൊതുവെ സഹിക്കേണ്ടിവന്ന യാതനകൾ, ആഫ്രിക്കൻ വനാന്തരങ്ങളിലെ അല്ഭുതലോകം എന്നിവയെപ്പറ്റി യഥാക്രമം 2 മുതൽ 6 വരെയുള്ള ഭാഗങ്ങളിൽ വിവരിച്ചിരിക്കുന്നു. പ്രതിപാദ്യം മുഴവൻ ചരിത്ര വസ്തുതകളാണെങ്കിലും സരസമായ പ്രതിപാദന രീതികൊണ്ടു് അതു് ഒന്നാംതരമൊരു സാഹിത്യകൃതിയായി മാറ്റുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. സഹാറ, ആത്മീയതയുടെ നാടായ തിബറ്റ്, തെക്കുകിഴക്കേഷ്യയും ജപ്പാനും, അപ്പുറത്തെ അമേരിക്ക എന്നിവയാണു് പീറ്ററുടെ മറ്റു യാത്രാവിവരണങ്ങളിൽ പ്രധാനമായവ.
ഉണരുന്ന ഉത്തരേന്ത്യ : എൻ. വി. കൃഷ്ണവാര്യരുടെ ഈ കൃതി നല്ലൊരു യാത്രാവിവരണമാണ്. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ വികസം, ഇവിടത്തെ ജനപദങ്ങൾ, ജനത എന്നിവയെപ്പറ്റി രസകരമായി പഠനാർഹമായി പ്രതിപാദിക്കുന്ന ഇതിൽ ഭാരതത്തിൻ്റെ ഉടലിനും മുഖത്തിനും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന പുനർനിർമ്മാണ യത്നങ്ങളെ മനസ്സിലാക്കുവാൻ ഈ കൃതി സർവ്വതാ ശക്തമാണു്. എൻ. വി.യുടെ മറ്റൊരു യാത്രാവിവരണമാണു് ‘അമേരികയിലൂടെ’, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ചില വസ്തു സ്ഥിതികൾ ഇതിൽ വിവരിക്കുന്നു. ഗ്രന്ഥകാരൻ 1959-ൽ ഏതാനും ആഴ്ചകൾ അമേരിക്കൻ ഐക്യനാടുകളിൽ സഞ്ചരിച്ചതിൻ്റെ ഫലമാ ണിതു്.
