സഞ്ചാര സാഹിത്യം
എൻ്റെ നാടുണരുന്നു: ഭാരത പര്യടനത്തിൻ്റെ ഫലമായി ജി. വേണുഗോപാലൻ പുറപ്പെടുവിച്ചിട്ടുള്ള ഒരു യാത്രാവിവരണമാണിതു്. സ്വാതന്ത്ര്യത്തിനുശേഷം എന്തുണ്ടായി? എന്നു ചോദിക്കുന്നവർക്ക്, നല്ലൊരു മറുപടിയാണ് ഈ ഗ്രന്ഥം. ഭിലായ് ഉരുക്കുനഗരം, ഭക്രാനംഗൽ അണക്കെട്ട് മുതലായവയെപ്പറ്റിയാണു കൂടുതൽ വിവരിക്കുന്നതെങ്കിലും, ഗ്രന്ഥകാരനോടുകൂടി സഹയാത്ര ചെയ്യുന്ന വായനക്കാരനു വിനോദിക്കുവാനുള്ള വക ഇതിലുണ്ട്. വളരുന്ന ഇന്ത്യയെപ്പറ്റി അറിയുവാനും കുറെയൊക്കെ രസിക്കുവാനും ഈ യാത്രാവിവരണം ഉപകാരപ്രദമാണു്.
പുതുമയുടെ ലോകം: ഡോക്ടർ കെ. ഭാസ്ക്‌കരൻനായർ ഏതാനും വർഷങ്ങൾക്കുമുമ്പു് അമേരിക്കയിൽ സഞ്ചരിക്കയുണ്ടായി. അന്ന് കണ്ടതും അറിഞ്ഞതും അനുഭവപ്പെട്ടതുമായ പലതിനെപ്പറ്റിയും ഹൃദയാവർജ്ജകമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഭാസ്ക്‌കരൻനായർ ഏതാനും മാസങ്ങൾക്കുമുമ്പു പശ്ചിമ ജർമ്മനിയിൽ സഞ്ചരിച്ചതിൻ്റെ വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിരുന്നതും ഈയവസരത്തിൽ പ്രസ്താവ്യമാണു്.
ഞാൻ ഒരു പുതിയ ലോകം കണ്ടു: എ. കെ ഗോപാലൻ സോവിയറ്റു റഷ്യയിൽ സഞ്ചരിച്ചകാലത്തെ ചില വിവരണങ്ങളാണു് ഇതിലെ ഉള്ളടക്കം. രാഷ്ട്രീയവും, സാമൂഹ്യവും, സാമ്പത്തികവുമായ അവിടത്തെ ഉന്നത നിലവാരത്തെ വിദഗ്ദ്ധമായി അദ്ദേഹം ഇതിൽ ചിത്രീകരിക്കുന്നു. എ. കെ. ജി.യുടെ മറ്റൊരു യാത്രാവിവരണമാണു് ‘എൻ്റെ വിദേശപര്യടനത്തിലെ ചില ഏടുകൾ’.
